2009, ജൂൺ 22, തിങ്കളാഴ്‌ച

നന്മയിലേക്ക് പാദയൂന്നിയ ഒരു 'തെമ്മാടി'

ഞാന്‍ ഒരു തെമ്മാടിതന്നെയായിരുന്നു! എന്റെ ജീവിതത്തില്‍ 1998 വരെയുള്ള അന്ധകാരനിബിഢമായിരുന്ന നാളുകള്‍ എനിക്ക് പകര്‍ന്ന് നല്‍കിയിരുന്ന അവബോധം ഉല്ലസിച്ച് ജീവിക്കുക എന്നത് മാത്രമായിരുന്നു. അതിന്നര്‍ത്ഥം ഇതരരെ ഉപദ്രവിച്ച് ജീവിക്കുക എന്നതായിരുന്നില്ല. മദ്യപാനം, വ്യഭിചാരം, സിനിമ, നാടക നൃത്തനാട്യങ്ങളുടെയും ക്ഷേത്രകലകളുടെയുമൊക്കെ പ്രകടനപരതയില്‍ മുങ്ങിക്കൊണ്ടിരുന്നു ജീവിതം. മറ്റുള്ളവരുടെ അംഗീകാരം തീര്‍ത്തും പകര്‍ന്നുകിട്ടണമെന്ന് ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍! എല്ലാ ജീവിത പ്രവര്‍ത്തനങ്ങളുടെയും പര്യവസാനം മദ്യപാനത്തിലും വ്യഭിചാര സുഖത്തിലും മാത്രം. ഈ വൈകൃതങ്ങളെല്ലാം പേറിക്കൊണ്ടിരുന്നപ്പോഴും മ നസി ല്‍ എപ്പോഴും ഒരു അന്വേഷണമുണ്ടായിരുന്നു. ഞാനെന്താണിങ്ങനെ? പിന്നീട്, ഞാനാരാണ്? ഞാന്‍ എവിടെനിന്നും എന്തിനിവിടെ വന്നു? പിരിമൂത്ത മദ്യപന്റെ മനസിന്റെ അപഥസഞ്ചാരങ്ങളായിരിക്കാമെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചിന്ത, അന്വേഷണം എന്നെ മുറുകെ പിടികൂടി. 1998ല്‍ പെരിന്തല്‍മണ്ണയില്‍ നടന്ന 'ഹൈന്ദവത, ഇസ്ലാം ക്രൈസ്തവത-സ്നേഹസംവാദം' സംഗമത്തില്‍ പങ്കെടുത്തതോടെ ഈ അന്വേഷണത്വര വളരെയേറെ വര്‍ദ്ധിതമായി. തത്സംഗമത്തില്‍ പങ്കെടുത്ത ചിലരില്‍ മുസ്ലിം യുവ പണ്ഡിതന്മാരുടെ അളന്നുമുറിച്ചുള്ള ആദര്‍ശ പ്രബോധനങ്ങളും യുക്തിഭദ്രമായ ചരിത്ര തെളിവുകളിലൂടെ ഇസ്ലാമികാദര്‍ശത്തിന്റെ ഉള്‍ക്കരുത്തും മറ്റും ശ്രവിച്ചപ്പോള്‍ തോന്നി-ഈ സന്യാസിമാര്‍ക്കും പാതിരിമാര്‍ക്കും തങ്ങളുടെ വാക്കുകള്‍ ശ്രവിക്കുന്നവരോട് യാതൊരു കടപ്പാടുകളും തീര്‍ത്തും ഇല്ലായെന്ന്. പിന്നീട്അങ്ങോട്ട് ചിന്തക്കും അന്വേഷണങ്ങള്‍ക്കും ആക്കം കൂടി. ആദ്യമായി ഞാന്‍ എന്നെക്കുറിച്ച് തന്നെയാണ് ചിന്തിച്ചുതുടങ്ങിയത്. 1964ലെ നവംബര്‍ മാസത്തില്‍ എന്നോ ഒരു മൂവന്തിനേരത്ത് പിറന്നുവീണ് ദാരിദ്യ്രത്തിന്റെയും സാമുദായിക ഉച്ചനീചത്വങ്ങളുടെയും കെട്ടുപിണഞ്ഞ ചുറ്റുപാടുകളില്‍ വളര്‍ന്ന് തുടങ്ങിയ ശൈശവവും ബാല്യകൌമാരങ്ങളും! വയര്‍നിറച്ച് ആഹരിക്കുവാന്‍ അയല്‍വാസികളുടെ വടക്കണികള്‍ ആശ്രയിച്ചിരുന്ന അക്കാലയളവില്‍ പിതാവില്‍നിന്നും ലഭിക്കുക വല്ലപ്പോഴും വീട്ടില്‍ നടന്നിരുന്ന മന്ത്രവാദ പൈകൃതങ്ങളില്‍ വിളമ്പിയിരുന്ന ചാരായവും കള്ളും കോഴിയിറച്ചിയും മാത്രം. പതിനൊന്ന് വയസുകാരന്‍ പയ്യന് വളര്‍ന്നുവരാന്‍ പറ്റിയ ചേരുവകള്‍! പകലന്തിയോളം അന്യരുടെ പാടത്തും പറമ്പിലും അധ്വാനിച്ച് തളര്‍ന്നെത്തുന്ന മാതാവിന് കൂലിയായി കിട്ടുന്ന അല്‍ പം നെല്ല്! അതായിരുന്നു ഞങ്ങളുടെ ആഹാര വസ്തു. നിത്യദാരിദ്യ്രത്തിന്റെ പടുകുഴിയില്‍, ചോര്‍ന്നൊലിക്കുന്ന വൈക്കോല്‍പുരയില്‍ അമ്മയോടൊപ്പം ഒട്ടിക്കിടക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവരോട് ഞാന്‍ ചോദിച്ചു. അമ്മേ നമുക്ക് മാത്രമായിട്ട് എന്താണിത്ര ദുരിതം? തേങ്ങലുകളോടെ കണ്ണീരൊഴുക്കി വിധിയെ പഴിക്കല്‍ മാത്രമായിരുന്നു അമ്മയുടെ മറുപടി.
അക്കാലങ്ങളില്‍ രാത്രി അടുത്തെവിടെയെങ്ങാനും മന്ത്രവാദ കര്‍മ്മങ്ങളുണ്ടാവുമ്പോള്‍ അച്ഛന്റെ കൂടെ കുട്ടയും തലയിലേറ്റി പരികര്‍മ്മിയായി ഞാനും കൂടും. എന്റെ ലക്ഷ്യം കുറച്ച് കുടിക്കാം; കുറച്ച് കഴിക്കാം; അത്രമാത്രം. മന്ത്രവാദി എന്ന നിലയില്‍ അച്ഛന്റെ വീരശൂരപരാക്രമങ്ങളൊക്കെ കഴിയുമ്പോഴേക്കും രാത്രി വളരെ ഇരുട്ടിയിരിക്കും. അങ്ങനെ ലഭിക്കുന്ന കൂലിയില്‍നിന്നും നൂറ് രൂപ നോട്ട് അമ്മയുടെ കയ്യില്‍ കൊടുത്തിട്ട് അച്ഛന്‍ ഒരു മുങ്ങ്മുങ്ങും. പിന്നീട് അദ്ദേഹത്തെ ഏതെങ്കിലും പാടവരമ്പത്ത് ബോധം നശിച്ച നിലയില്‍ ഞങ്ങള്‍ 'ആഹ്ളാദത്തോടെ, അലമുറയിട്ടുകൊണ്ട്' പിടിച്ചുകൊണ്ടുവരും. പിന്നീടങ്ങോട്ട് പിതാവിന്റെ തത്വോപദേശങ്ങളുടെ പെരുമ്പറയാവും മുഴങ്ങുക. ചിലപ്പോള്‍ അമ്മയുടെയും ഞങ്ങളുടെയും മുതുകത്തും! എന്റെ ചിന്തപിന്നേയും പിറകോട്ട് തന്നെ...... കൌമാരകാലത്ത് അടുത്ത അയല്‍വാസികളുടെ വിവാഹ വീടുകളില്‍ സദ്യക്കാവശ്യമുള്ള 'ഇല' മുറിച്ച് കഷണങ്ങളാക്കി എത്തിക്കുക എന്റെയും അച്ഛന്റെയും മാത്രം ഉത്തരവാദിത്തമായിരുന്നു. അതിന് പ്രതിഫലം കുറെ ചോറും ഏതാനും നാണയങ്ങളും മാത്രം. എന്നാലും ഏതാണ്ട് സുഹൃത്തുക്കളുടെ വീടുകള്‍ പരിചയപ്പെടുന്ന ഇത്തരം 'ഇലമുറി' അവസരങ്ങളായിരിക്കും പഠിക്കണമെന്ന ചിന്തക്ക് ആക്കം കൂട്ടിയത്. അവിടെനിന്നും ലഭിക്കുന്ന പുസ്തകങ്ങളായിരിക്കും അതിന് പ്രചോദനം. അച്ഛനോട് അന്ന് ഇക്കാര്യങ്ങളുടെ അതൃപ്തി ബോധ്യപ്പെടുത്തിയാല്‍ ചുട്ട അടിയായിരിക്കും മറുപടി. സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും അത്യാവശ്യം പരസഹായത്തോടെയും പട്ടികജാതി ആനുകൂല്യങ്ങളോടെയും കുറെയൊക്കെ കഴിഞ്ഞു. ഇനി പഠിച്ചാല്‍ പരീക്ഷയില്‍ വിജയിക്കില്ല എന്ന് വന്നപ്പോള്‍ അവിടെവെച്ച് നിര്‍ത്തി. അത്രക്കുണ്ടായിരുന്നു മദ്യത്തിന്റെയും മറ്റ് തെമ്മാടിത്തങ്ങളുടെയും വരിഞ്ഞുകെട്ടല്‍! തലമുറകളുടെ സമ്പാദ്യമായി കിട്ടിയ സ്വഭാവ വൈശിഷ്ട്യം! എന്റെ അന്വേഷണം വീണ്ടും തുടര്‍ന്നു. എന്നെക്കുറിച്ച് തന്നെ.... പാതിവഴിയില്‍ പഠനമുപേക്ഷിച്ച് ഞാന്‍ വീട്ടുകാരോടുള്ള സഹവാസവും ഏതാണ്െടാക്കെ ഉപേക്ഷിച്ച് വിപ്ളവ സംഘങ്ങളുടെയും വിദ്യാഭ്യാസ ശാസ്ത്രവിചക്ഷണന്മാരുടെ പ്രചരണ സംഘങ്ങളുടെയും പിറകെ പോയി മടുത്തപ്പോള്‍ നാടുവിട്ട് ഒരു മെട്രോ നഗരത്തിലെത്തി. അവിടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി സമ്പാദിച്ച് ലഭിക്കുന്ന ശമ്പളം മാസം പത്താം തീയതിക്ക് മുമ്പുതന്നെ നിരപ്പാക്കുമായിരുന്നു. മാര്‍ഗങ്ങളോ, വിലകൂടിയ മദ്യങ്ങളും സുന്ദരികളോടുള്ള അടങ്ങാത്ത അഭിവാഞ്ചയും!? അതിനിടയില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ അനുജനേയും കൂടെ കൂട്ടി. ഒരു മാസത്തിനുള്ളില്‍തന്നെ അനുജന് എന്നെ മനസിലാവുകയും ഞങ്ങള്‍ തമ്മില്‍ നല്ല നിലയില്‍ അടിച്ച് പിരിയുകയും ചെയ്തു. ആ പാവം എങ്ങിനെയൊക്കെയോ അവിടെ ജീവിച്ച് വന്നത്രെ. പാപപങ്കിലമായ ഈ കാലയളവാണ് ദൈവികബോധം പകര്‍ ന്ന് നല്‍കിയത്. പശ്ചാത്താപ വിവശയായി മഹാക്ഷേത്രങ്ങള്‍ കയറിയിറങ്ങുക പതിവാക്കുകയും ഹൈന്ദവ പുരാണേതിഹാസങ്ങള്‍ വായിച്ച് ഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരുപാട് ബ്രാഹ്മണ സുഹൃത്തുക്കള്‍ ഇക്കാര്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. ദൈവ
ചിന്ത നല്‍കിയ ഉള്‍ക്കരുത്തോടെഞാന്‍ നാട്ടില്‍ തിരിച്ചെത്തി. തൊഴിലില്ലായ്മയുടെ കൂത്തരങ്ങായ കേരളത്തിലെ സുന്ദരമായ ഒരു 'ഗ്രാമനഗര'ത്തില്‍ കള്ളക്കണക്കപ്പിള്ള'യായി ഞാന്‍ സ്വയം സേവനത്തില്‍ ഏര്‍പ്പെ ട്ടു. അപ്പോള്‍ വീണ്ടും ലഭിച്ച ധനമാര്‍ഗവും അംഗീകാരവും വീണ്ടും വിദേശി സ്വദേശി വ്യത്യാസമില്ലാതെ വയറുനിറച്ച് കുടിച്ചുല്ലസിക്കാന്‍ എന്നെ സഹായിച്ചു. അക്കാലയളവില്‍ സുന്ദരികള്‍ പലരുമായും 'സ്നേഹം' പൂത്തുലഞ്ഞുകൊണ്േടയിരുന്നു. അവസാനം ആ ജീവിതത്തിന് പൂര്‍ണവിരാമം കുറിച്ച് വിവാഹം. പിന്നെ കുട്ടികള്‍. അവരൊത്ത് സന്തോഷപ്രദവും ആലസ്യത്തോടെയും ജീവിതം ഇഴഞ്ഞുനീങ്ങി. അതിനിടയില്‍ ഒരു രാത്രിയില്‍ കു ഞ്ഞുങ്ങളുടെ കുസൃതിത്തരങ്ങള്‍ക്കിടയില്‍ ഒരു ആലോചന കടന്നുവന്നു. ഈ പൂമുട്ടുകളായ പൊന്നോമനകളെ പട്ടികജാതിക്കാരായി ജീവിപ്പിച്ച് മരിപ്പിക്കണമോ? ചിന്ത മുന്നോട്ട് തന്നെ.... ഒന്ന് നന്നായാലെന്താ? എങ്ങനെ നന്നാവണം? ഗീത വായിച്ച് നോക്കിയപ്പോള്‍ നിസ്വാര്‍ത്ഥമായി കര്‍മ്മം അനുഷ്ഠിക്കണമെന്ന സാരം ഉള്‍ക്കൊണ്ടു. എന്നാല്‍ അങ്ങനെതന്നെ എന്ന് നിശ്ചയിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ വീണ്ടും വിശ്വാസ ആചാരങ്ങളിലും മറ്റും അസംതൃപ്തിയും ജീവിത ദുരിതങ്ങളും മാത്രം ബാക്കി. പിന്നെ ആ ചിന്ത ഉപേക്ഷിച്ച് പുത്തന്‍ ഉണര്‍വോടെ പ്രവൃത്തികള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ ദുരിതങ്ങള്‍ക്ക് വിട. പക്ഷെ, അപ്പോഴേക്കും മനസില്‍ ഒരു തുലാസ് സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. അതിന്റെ തട്ടുകള്‍ ആടിയുലഞ്ഞുകൊണ്േടയിരുന്നു. അങ്ങനെ ഞാന്‍ പണ്െടങ്ങോ നിര്‍ത്തിവെച്ച വായന പുനര്‍ജീവിപ്പിച്ചു. വായന ആധ്യാത്മികതയിലേക്ക് നീങ്ങി. ഗീതയും രാമായണവും ആയിരുന്നു 'മുഖ്യന്മാര്‍'. പിന്നെ പൂന്താനം കൃതികളും. അങ്ങനെയിരിക്കെ ഒരുനാള്‍ പുതുതായി ഗ്രാമനഗരത്തില്‍ ആരംഭിച്ച മുസ്ലിം പള്ളിയില്‍നിന്നും ഒരു മുസ്ലിം യുവ പണ്ഡിതന്റെ പ്രഭാഷണം കേട്ടു. ഞാനന്നേരം അല്‍പം 'വീലില്‍' ആയിരുന്നു. അദ്ദേഹത്തിന്റെ വിഷയമോ മദ്യത്തിനെതിരില്‍ ഇസ്ലാം പടുത്തുയര്‍ത്തിയ പ്രതിരോധത്തിന്റെ കോട്ടയും! പ്രസ്തുത പ്രഭാഷണത്തില്‍ എന്നെ ചീത്ത വിളിക്കുംപോലെ കുറെ ആശയങ്ങള്‍ ഞാനൊരു പെട്ടിക്കടയുടെ ഓരത്തുനിന്ന് കേട്ടു. ഒന്നോ ഒന്നരയോ മണിക്കൂര്‍ ദീര്‍ഘിച്ച ആ പ്രഭാഷണത്തില്‍ ആ യുവ പണ്ഡിതന്റെ നാവിലൂടെ പുറത്തേക്ക് ഒഴുകിയ വിജ്ഞാനം ചരിത്ര, ശാസ്ത്ര സാമൂഹിക സാംസ്ക്കാരികമായ സമസ്ത മണ്ഡലങ്ങളേയും സവിസ്തരം പ്രതിപാദിക്കുന്ന ഒന്നായിരുന്നു. അവിടുന്നങ്ങോട്ട് ഇസ്ലാം വിമര്‍ശിക്കപ്പെടുന്ന ഒരു മതം മാത്രമല്ലായെന്നും അത് പഠിക്കപ്പെടേണ്ടുന്ന ഒരു തത്വദര്‍ശനമാണ് എന്നും എനിക്ക് ഉള്ളില്‍ തോന്നി. പിന്നീടുള്ള നാളുകളില്‍ മൌനമായി ഇസ്ലാമിനെ പരിചയപ്പെടാന്‍ തുടങ്ങി. അതിനുശേഷം ഹൈക്കല്‍ എഴുതിയ 'മുഹമ്മദ്' എന്ന കൃതി വായിച്ചു. അത് ഇന്നും പരിപൂര്‍ണ്ണമായി ഒരാവര്‍ത്തി പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഓരോ പ്രതിപാദനങ്ങളിലൂടെയും മനസ് പോവുമ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. ഇവക്കൊക്കെ പ്രചോദനം
നല്‍കിയതോ-പെരിന്തല്‍മണ്ണയില്‍ നടന്ന 'ഹൈന്ദവത, ഇസ്ലാം, ക്രൈസ്തവത-സ്നേഹസംവാദം' പരിപാടിയും അതിലെ പ്രതിപാദ്യ വിഷയങ്ങളും. പിന്നീട് അങ്ങോട്ട് ഞാന്‍ എന്റെ സ്വഭാവത്തില്‍ സ്വയം പരിവര്‍ത്തനം വരുത്തിത്തുടങ്ങി. ഭഗവത്ഗീത പലവുരു വായിച്ചിട്ട് അതിലുള്ള പൊരുളും മനുഷ്യജീവിതവും തമ്മില്‍ പുലബന്ധംപോലുമില്ലായെന്ന് ബോധ്യപ്പെട്ടു. കഥയറിയാതെ ആട്ടം കാണുന്നവരായി ഗീതാനുയായികള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ അവരോട് മനസ് കൊണ്ട് സലാംചൊല്ലി. വി. ഖുര്‍ആന്‍ പരിഭാഷ കൈക്കലാക്കി. ഒരു കാക്ക പറഞ്ഞു; ഇത് നിങ്ങള്‍ക്ക് തൊടാന്‍ പറ്റൂല്ലല്ലോ; 'ഞാന്‍ ഇപ്പോള്‍ തൊട്ടുപോയില്ലേ; ഇനിയൊന്ന് നോക്കട്ടെ'; എന്ന് ഞാനും. ശേഷം രണ്ട് മൂന്ന് അധ്യായങ്ങള്‍ വായിച്ചപ്പോള്‍ മനസിലായി ഇതൊന്നും എനിക്ക് മനസിലാവുന്നില്ലായെന്ന്. അങ്ങനെ സ്കൂളിലേക്ക് പുറപ്പെട്ടു. ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍! ദൈവത്തിന്റെയും മനുഷ്യന്റെയും നിര്‍വചനം യഥാര്‍ത്ഥത്തില്‍ എന്ത് എന്ന് മനസിലാക്കാത്ത ഞാന്‍ ആ ക്ളാസുകളില്‍ ശ്രദ്ധിച്ചതും ശ്രവരിച്ചതുമായ വിജ്ഞാനം സത്യപ്രകാശത്തിലേക്കുള്ള നേര്‍പാതകളായിരുന്നു. അതില്‍നിന്നും വേദങ്ങള്‍ തമ്മില്‍ ചിലയിടങ്ങളില്‍ കൂടിച്ചേരുന്നുണ്ട് എന്ന സത്യം ഞാന്‍ മനസ്സിലാക്കി. ഉദാ: ഇന്ദ്രം മിത്രം വരുണ മഗ്നി മാഹു- രഥോദിവ്യഃ സുപര്‍ണ്ണോഗരുത്മാന്‍ ഏകം സദ്വി വ്രാബഹുധാവദന്തി അഗ്നിം യമം മാതരിശ്വാനമാഹു: (ഋഗ്വേദ ഭാഷ്യം) (പരംപൊരുള്‍ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്നു. ശോഭായമാനമായ ചിറകുകളുള്ള ഗരുഢനും അവനത്രെ. പരമാര്‍ത്ഥവസ്തു ഏകനാണ്. ഈ പേരുകളില്‍ തത്വം കണ്ടവര്‍ അവനെ പല പ്രകാരത്തില്‍ വര്‍ണിക്കുന്നു). അങ്ങനെ ഏക ദൈവ വിശ്വാസം തന്നെയാണ് ഹിന്ദുത്വത്തിന്റെ കാതല്‍ എന്നതുകൊണ്ട് പിന്നെ എന്തിന് മറ്റൊന്ന് എന്ന ചിന്തയും ഉടക്കി. അങ്ങനെ മറ്റൊരു സൂക്തം ശ്രദ്ധയില്‍ വന്നു. അത് വിശുദ്ധ ഖുര്‍ആനിന്റേതായിരുന്നു. "ഖുല്‍ഹുവല്ലാഹു അഹദ് അല്ലാഹു സമദ് ലം യലിദ് വലം യൂലദ് വലം യഖുന്‍ലഹു ഖുഫുവന്‍ അഹദ്'' (പറയുക; പ്രവാചകരെ: കാര്യം അല്ലാഹു ഏകനത്രേ. അല്ലാഹു സര്‍വ്വര്‍ക്കും ആശ്രയമായിട്ടുള്ളവന്‍ അവന്‍ ആരേയും ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചിട്ടുമില്ല അവന് തുല്യമായി ആരുമില്ലതാനും). ഇതില്‍നിന്നും ദൈവം ആര് എന്നും അവന്റെ ഗുണവിശേഷങ്ങള്‍ എന്ത് എന്നും എനിക്ക് ബോധ്യമായി. ദേവീദേവന്മാര്‍ മനുഷ്യമനസുകളുടെ സൃഷ്ടിരൂപം പ്രാപിച്ചവയാണ് എന്നും അവയെ
ആരാധിച്ച് ജീവിച്ച് മരിച്ചാല്‍ ഞാന്‍ വന്ന ലോകത്ത് എത്തിച്ചേരാന്‍ കഴിയുകയില്ലായെന്നും എനിക്ക് ഉത്തമ ബോധ്യം വന്നു. മാത്രമോ മഹാ നിര്‍വാണ സ്ത്രോത്രത്തില്‍ വായിക്കുക: തദേകം സ്മരാമസ്തദേകം ജപാമഹഃ തദേകം ജഗത്സാക്ഷി രൂപം നമാമഹഃ തദേകം നിധാനം നിരാലംബമീം ഭവാം ഭോതി പോതം ശരണ്യം പ്രജാ മഃ (ഒന്നായ നിന്നെ മാത്രം സ്മരിക്കട്ടെ. ഏകനായ നിന്റെ നാമങ്ങള്‍ ജപിക്കട്ടെ. ജഗത്സാക്ഷിയും സ്വരൂപനുമായ ആ ഏകനെ നമസ്ക്കരിക്കട്ടെ. സതാമാത്രവും ഒരേയൊരു ആശ്രയ സ്ഥാനവും തിരാധാരവും ഭവസാഗരം കടക്കുവാന്‍ സഹായിക്കുന്ന തരുണിയുമായ ഏക ദൈവത്തെ ഞാന്‍ ശരണം പ്രാപിക്കുന്നു). ഇതിനെ പരിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത് കാണുക: വല്‍ അസ്സ്വര്‍ ഇന്നല്‍ ഇന്‍സാന ലഫീഖുസ്സ്വര്‍ ഇല്ലല്ലദീന ആമനൂ വഅമിലുസ്വാലിഹാത്തി വതവാസൌ ബില്‍ ഹഖി വത്തവാസൌ ബിസ്വബ്ര്‍ (കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും സത്യംകൊണ്ട് അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ പരസ്പരം ഉപദേശിക്കുകയും ചെയ്തവര്‍ ഒഴികെ). ഇവ്വിദമുള്ള പരസ്പര വിശകലനത്തില്‍നിന്നും താരതമ്യ പഠനത്തില്‍നിന്നും എനിക്ക് പടച്ച തമ്പുരാന്‍ സമ്മാനിച്ച അമാനത്ത് (അമൂല്യനിധി) ആണ് ഇസ്ലാം. ഭാര്യയോട് സമ്മതം ചോദിച്ചപ്പോള്‍ പീഡനങ്ങളുടെയും മാനസികാഘാതങ്ങളുടെയും കേളീരംഗമായി ജീവിതം നീങ്ങിയപ്പോള്‍, അവരുമായുള്ള ബന്ധം വേര്‍പ്പെട്ടു. അവരുടെ പക പോക്കലുകള്‍ ക്ക് ആക്കം വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നടന്നുനീങ്ങിയതോ പൊന്നാനിയിലേക്കും. വിശുദ്ധമായ തൌഹീദിലേ ക്ക്. പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) പ്രബോധനം ചെയ്ത തൌഹീദിലേക്ക്. പശ്ചാത്താപ ബോധത്തോടെ പാപപങ്കിലമായ മനസുമായി മറ്റൊരു നിഷ്കളങ്കനായ മനുഷ്യന്റെ പുതുപ്പിറവിയിലേക്ക്! അത് മറ്റൊരു ചരിത്രം. വായിക്കുന്നവരോട് ഒരു വാക്ക്: സത്യാന്വേ ഷണ തല്‍പരരായ നിങ്ങള്‍ സംശുദ്ധമായതും യുക്തിഭദ്രവുമായ, കറകളഞ്ഞ തൌഹീദിലേക്ക് കടന്നുവരുവിന്‍. എന്റെ ഈ ലിഖിതം എന്തെങ്കിലും പ്രചോദനം നല്‍കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. സര്‍വ്വലോക പരിപാലകനും രാജാധിരാജനുമായ രക്ഷിതാവ് നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ; ആമീന്‍. എ. എച്ച് ഹാരിസ്, താഴെക്കോട്, പെരിന്തല്‍മണ്ണ