2009, ജൂലൈ 22, ബുധനാഴ്‌ച

ഇസ്ലാം മതം സംഹാരത്തിന്റെ മതമാണെന്ന് പഠിച്ച് ബോധ്യം വരുത്തിവെച്ചവർ അറിയുക.



നബി(സ) പറഞ്ഞു:"തീര്‍ച്ചയായും എന്റെ സമുദായം അവസാന നാളില്‍ മറ്റ് സമുദായങ്ങളാല്‍ പീഡിപ്പിക്കപ്പെടും. അന്ന് അല്ലാഹുവിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും നബിചര്യപിന്‍പറ്റുകയും ചെയ്യുന്നവര്‍ വിജയികളാകും"

എങ്കില്‍ ഇന്ന് നാം മുസ്ളീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. എങ്കില്‍ ആ അവസരത്തില്‍ നാം എങ്ങനെ പ്രതികരിക്കണം.

നാം പരിശോധിക്കേണ്ടത് നബി(സ)ക്കും, സഹാബാക്കൾക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്നും, ആ സമയം അവര്‍ എങ്ങനെ പ്രതികരിച്ചു, എന്നുമാണ്. അത് നാമും പിന്‍പറ്റുക. ഇന്ന് നാം അറിഞ്ഞത് പോലെ മുസ്ളിമായത് കാരണത്താല്‍ ഭീകരവാദം ചുമത്തി ഒരു മുസ്ളിമിനെ വര്‍ഷങ്ങളോളം വിചാരണ പോലും നടത്താതെ ജയിലില്‍ പീഡിപ്പിച്ചു. ഗുജറാത്തില്‍ മുസ്ളീംഗളെ കൂട്ടകൊല ചെയ്തു. നമ്മുടെ സ്ത്രീകളെ സംഖ്പരിവാറിന്റെ ആളുകള്‍ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ജീവനോടെ നിര്‍ത്തി അവളുടെ വയര്‍ കീറി കുഞ്ഞിനെ ത്രിശൂലം കൊണ്ട് കുത്തിയെടുത്ത് ആ പിശാചുക്കള്‍ കത്തിച്ച് കളഞ്ഞു.(അല്ലാഹു അവര്‍ക്ക് മാത്യകാപരമായ ശിക്ഷ നല്‍കട്ടെ) അങ്ങനെ പല അക്രമങ്ങളും മുസ്ളീംഗളില്‍ ഉണ്ടാക്കി. നമ്മുടെ ചോര തിളക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവ! പക്ഷേ, സഹോദരാ, നാം മുസ്ളീംഗളാണ് എന്ന ചിന്ത എപ്പോഴും വേണം.

എന്താണ് ഒരു മുസ്ളിമിന്റെ വിശ്വാസ്സം? നമ്മുടെ പ്രതിഫലം ലഭിക്കുന്നത് പൂര്‍ണ്ണമായും പരലോകത്താണ് എന്നല്ലേ. അതെ. എങ്കില്‍ നാം ഇവിടെ ക്ഷമിക്കണം. പരലോകത്ത് ഇതിന്റെയെല്ലാം വിധിയുണ്ടാകും. നീതിക്ക് വേണ്ടി നമുക്ക് നിയമാനുസൃതമായി പോരാടാം. പക്ഷേ നീതി കിട്ടിയില്ല എന്നത് കൊണ്ട് നാം (മുസ്ളീംഗള്‍)നിയമം ലംഘിക്കാന്‍(ഇന്‍ഡ്യയെ പോലുള്ള ഒരു മതേതര രാജ്യത്ത്) ഇസ്ളാമില്‍ വകുപ്പില്ല. അത് പാപമാണ്.

ഈ പീഢനം നമുക്ക് മാത്രമല്ലല്ലോ, സഹാബാക്കള്‍ക്കുണ്ടായിട്ടില്ലേ. നോക്കൂ. ബിലാല്‍(റ)വിനെ മുസ്ളിമായതിന്റെ പേരില്‍ കഴുത്തില്‍ കുരിക്കിട്ട് കത്തി ജ്വലിക്കുന്ന മണലിലൂടെ വലിച്ചിഴച്ചു. ചുട്ട് പൊള്ളൂന്ന മണലില്‍ വിവസ്ത്രനാക്കി മലര്‍ത്തികിടത്തി നെഞ്ചില്‍ വലിയ പാറകല്ല് കയറ്റിവച്ചു. ഇവിടെ നബിയോ, സംഘമോ പ്രതിരോധിച്ചുവോ? ഇല്ല. സഹികെട്ട് അബൂബക്കർ(റ) അദ്ദേഹത്തെ വിലക്ക് വാങ്ങി മോചിപ്പിച്ചു. എന്നിട്ടും പീഢനമുണ്ടായില്ലേ. അത് പോലെ ഖബ്ബാബ്(റ) നെ ശരീരത്തില്‍ നിന്ന് മാംസം ഈര്‍ച്ചവാള്‍ കൊണ്ട് പച്ചയോടെ പിഴുതെടുത്തു. തലയില്‍ തീ കനല്‍ വച്ച് തലയോട്ടിവരെ വെന്ത് പോകുന്ന രീതിയില്‍ കത്തിച്ചു. അവിടെയും രണ്ട് കൈയ്യും മുറുകെ കെട്ടിപിടിച്ച് റബ്ബിനോട് പ്രാര്‍ത്ഥിക്കുക മാത്രമാണദ്ദേഹം ചെയ്തത്. തിരിച്ച് വാളെടുത്ത് വെട്ടുകയല്ല ചെയ്തത്.

കാരണം ദീനിനായി അനുഭവിക്കുന്ന വേദനക്ക് സ്വര്‍ഗ്ഗം പ്രതിഫലമാണെന്നവര്‍ പഠിച്ചിരുന്നു. പക്ഷെ ഇസ്ലാമിക ജ്ഞാനം ഇല്ലാത്ത മദ്രസയിൽ പോലും പോയിട്ടില്ലാത്ത തീവ്രവാദികളോ? ചിന്തിക്കണം ഇവിടെ. ഈ സഹാബാക്കള്‍ പോയ അതേ സ്വര്‍ഗ്ഗത്തിലല്ലേ ഈ തീവ്രവാദികളും പോകണമെന്ന് ആഗ്രഹിക്കുന്നത്?. അവര്‍ ക്ഷമിച്ചത് പോലെ എന്ത് കൊണ്ട് ഇവർക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല.? "വിശ്വസ്സിച്ചിരിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രം പെട്ടന്ന് സ്വര്‍ഗ്ഗത്തില്‍ കടന്ന് കളയാം എന്ന് വിചാരിക്കുവാണോ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ അനുഭവിച്ചത് പോലുള്ളവ അനുഭവിക്കാതെ എന്ന് ഖുര്‍ആന്‍ ചോദിച്ചെങ്കില്‍ നാം മുമ്പുള്ളവരുടേത് പോലുള്ള വേദന അനുഭവിക്കണ്ടേ? ആ വേദന എന്തായാലും നാം അനുഭവിക്കുന്നില്ല എന്നത് സത്യമല്ലേ. ചിന്തിക്കുക.


അവരിലെ ഒരു വനിതയായിരുന്നല്ലോ "സുമയ്യ(റ). ആ മഹതിയെ ക്രൂരമായി പീഢിപ്പിച്ചില്ലേ? എന്തിന്? അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഒറ്റ വിഷയത്തിന്റെ പേരില്‍. അല്ലേ?. ഇന്നത്തെ മുസ്ളീംഗളില്‍ ആരാണ് അല്ലാഹുവിനെ മാത്രം ആരാധിച്ചതിന്റെ പേരില്‍ പീഢനം വാങ്ങിയത്.? ഇല്ലല്ലോ, ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പേരിലോ, ഭൌതികമായ വിഷയത്തിലോ ആയിരിക്കും. അല്ലേ? എങ്കില്‍ സുമയ്യ(റ) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന്റെ വിഷയത്തിലായിരുന്നു ക്രൂരമായി പീഢിപ്പിച്ചത്. അവരെ അതിപൈശ്ചാചികമായി ഇരുമ്പ് കമ്പി പഴുപ്പിച്ച് ഗുഹ്യസ്ഥാനത്ത് കുത്തികയറ്റി കൊന്നു. അത് പോലെ യാസ്സിര്‍ കുടുംബത്തെ അതികഠിനമായി പീഡിപ്പിച്ചു. അന്നും നബി(സ) പറഞ്ഞു;"യാസ്സിര്‍ കുടുംബമേ ക്ഷമിക്കുക. നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമുണ്ട് എന്നറിയികുക മാത്രമാണ് ചെയ്തത്.

നാം ഇന്ന് അതിനെക്കാള്‍ വലുതായി എന്ത് പീഢനമാണ് അനുഭവിക്കുന്നത്. ഉമര്‍(റ) അടക്കമുള്ള സഹാബാക്കള്‍ അവസാനം നബി(സ) യോട് ചോദിക്കുകയാണ്. "നബിയേ, ഈ പീഢനം അങ്ങ് കാണുന്നില്ലേ, അല്ലാഹുവിനോട് അങ്ങ് പ്രാര്‍ത്ഥിക്കുന്നില്ലേ? അപ്പോള്‍ നബി(സ) പറഞ്ഞു; തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കും പീഢനമേറ്റിട്ടുണ്ട്. ഒരു കുഴിവെട്ടി അതില്‍ അവരെ നിര്‍ത്തി ഈര്‍ച്ച വാള്‍ കൊണ്ട് രണ്ടായി പിളര്‍ന്നിട്ടുണ്ട്. ജീവനോടെ ശരീരത്തില്‍ നിന്നും മാംസം വാള്‍ കൊണ്ട് അരിഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ അതൊന്നും അവരുടെ ഈമാന് കോട്ടം വരുത്തിയിട്ടില്ല. ഇത് കേട്ട സഹാബാക്കള്‍ക്ക് ഈമാന്‍ വര്‍ദ്ധിച്ചു. എങ്കില്‍ നമ്മുടെ ഈമാനും വര്‍ദ്ധിക്കണം. നമുക്ക് മുമ്പുള്ളവര്‍ക്കും ഈ പീഢനം ഉണ്ടായിട്ടുണ്ട് എന്നോര്‍ക്കുക. പ്രവാചകനെയും ക്രൂരമായി മര്‍ദ്ദിച്ചില്ലേ, ഒരു മകളെ ഗര്‍ഭിണിയായിരിക്കെ ഒട്ടകപുറത്ത് നിന്ന് തള്ളിയിട്ട് കൊന്നില്ലേ? രണ്ട് പെണ്‍ മക്കളെ ത്വലാക്ക് ചൊല്ലിയില്ലേ, എന്നിട്ടും എവിടെ മുത്ത് നബി പ്രതികരിച്ചു.? റബ്ബേ അറിവില്ലാത്തവരാണിവര്‍. ഇവര്‍ക്ക് നീ പൊറുത്ത് കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ തിരുമേനി(സ) ചെയ്തത്.

പ്രതികാരം ചെയ്യാന്‍ ആയുധമെടുത്ത് നില്ക്കുന്ന ഈ തീവ്രവാദികൾ ചിന്തിക്കണം. നബി(സ) നമസ്കരിക്കുന്ന സമയം അവിടുത്തെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍ മാല കൊണ്ട് പോയി ഇട്ടില്ലേ. ആ മുത്ത് നബിയുടെ ചെരുപ്പ് രക്തം വീണ് ചുമപ്പ് നിറമാകുന്ന നിലയില്‍ ശത്രുക്കള്‍ കല്ലെറിഞ്ഞില്ലേ. എല്ലാവരും നോക്കി നില്‍ക്കെ ആ മുത്ത് നബിയുടെ പൂമുഖത്ത് അബൂജഹലിന്റെ നിര്‍ദേശപ്രകാരം കാര്‍ക്കിച്ച് തുപ്പുകയും, അടിക്കുകയും ചെയ്തില്ലേ, ആ നബിതങ്ങളുടെ ഇളയാപ്പയായ ഹംസ(റ)യെ സ്വന്തം കണ്മുന്നില്‍ വച്ച് കൊല്ലുകയും ശേഷം ആ ശരീരം പിളര്‍ന്ന് കരള്‍ കടിച്ച് പ്രവാചകപൂമുഖത്ത് തുപ്പുകയും. ചെയ്തില്ലേ.... അതിലും വലുതാണോ എന്റെ സഹോദരാ, ശിര്‍ക്കും, ബിദ്അത്തും, ഹറാമും ചെയ്ത് നടക്കുന്ന ഇന്നത്തെ മുസ്ളിം നാമധാരികളെ ആരെങ്കിലും (മതത്തിന്റെ ലേബലിലല്ലാതെ) ഭൌതിക കാര്യങ്ങളുടെ പേരില്‍ അക്രമിച്ചാല്‍ "ജിഹാദ് എന്ന പേര്‍ വിളിച്ച് ആയുധമെടുത്തിറങ്ങുന്നത്?. ഇനി മതത്തിന്റെ പേരിലായാലും ആ മുത്ത് നബി(സ) പീഡനം അനുഭവിച്ചെങ്കില്‍, നിനക്ക് അതനുഭവിക്കാന്‍, അത് വഴി പ്രവാചകനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഇഷ്ടമില്ലെങ്കില്‍....സഹോദരാ,' നബി(സ)യെ സ്നേഹിക്കാത്ത നിങ്ങളോട് ഒന്നും പറയാനില്ല.


പിന്നെ നമ്മുടെ സംശയം എങ്കില്‍ "മര്‍ദ്ദിതരായ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയും, സ്ത്രീകള്‍ക്ക് വേണ്ടിയും എന്ത് കൊണ്ട് നിങ്ങള്‍ക്ക് യുദ്ധം ചെയ്ത് കൂടാ എന്ന ഖുര്‍ആന്റെ ചോദ്യമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഖുര്‍ആന്റെ ആയത്തുകള്‍ ഇറങ്ങുന്ന പശ്ചാത്തലമാണ്. ഈ ചോദ്യം അല്ലാഹു എപ്പോള്‍, എവിടെ, ആരോട് ചോദിച്ചു.? നബി(സ) മദീനയില്‍ വന്ന് ഒരു ഭരണതലവനായി നിന്ന സമയം, ആ ഭരണാധികാരിയോടാണ് അല്ലാഹുവിന്റെ ചോദ്യം."എന്ത് കൊണ്ട് യുദ്ധം ചെയ്ത് കൂട എന്ന്. മാത്രമല്ല ആര്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടത്? അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന പാവങ്ങള്‍ക്ക് വേണ്ടി. അല്ലേ? ഇന്നോ, ഇബാദത്തിന്റെ ഭാഗമായ നേര്‍ച്ച വഴിപാടുകള്‍ അമ്പിയാക്കള്‍ക്കും, ഔലിയാക്കള്‍ക്കും, ജാറങ്ങള്‍ക്കും അര്‍പ്പിക്കുന്ന ഇന്നത്തെ മുസ്ളിം നാമധാരികള്‍ക്ക് വേണ്ടി നാം യുദ്ധത്തിനിറങ്ങിയാല്‍ റബ്ബിന്റെ സഹായമുണ്ടാകുമോ? ആദ്യം ഈ പാവങ്ങളെ ദീന്‍ പഠിപ്പിക്കുകയാണ് വേണ്ടത്.


അത് പോലെ നബി(സ)യുടെ കാലത്ത് ഭരണാധികാരിയാകുന്നതിന് മുമ്പും പാവങ്ങള്‍ പീഢിപ്പിക്കപ്പെട്ടില്ലേ, എന്ത് കൊണ്ട് അല്ലാഹു അന്ന് യുദ്ധം ചെയ്യാന്‍ നബിയോട് കല്പിച്ചില്ല.? ഇവിടെയാണ് ഇസ്ളാം പ്രക്യതിമതമാണ് എന്ന് മനസ്സിലാകുന്നത്. ഭരണാധികാരിയുടെ നേത്യത്വത്തിലല്ലാതെ പ്രജകള്‍ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ അവിടെ സമാധാനം ഒരിക്കലും ഉണ്ടാകില്ല. അത് കൊണ്ടാണ് നബി(സ)യോട് അന്ന് കല്പിക്കാത്തത്. ശേഷം മക്കയിലെ 13 കൊല്ലത്തെ ശത്രുക്കളുടെ പീഡനം ഏറ്റ് വാങ്ങി അവസാനം റബ്ബിന്റെ കല്പനപ്രകാരം മുസ്ളീംഗള്‍ ഹിജ്റ പോയി. പിന്നെ മദീനയില്‍ നബി(സ) ഭരണാധികാരിയായി. പക്ഷേ അപ്പോഴും മക്കയില്‍ നിന്നും ചില മുസ്ളീംഗള്‍ക്ക് ഹിജ്റ വരാന്‍ സാധിക്കാതെ മക്കയില്‍ കുടുങ്ങി. അവരെ മക്കാമുശ്രിക്കുകള്‍ ക്രൂരമായി അക്രമിച്ചു. അങ്ങനെ അവര്‍ അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി ഒരു സഹായിയെ തരൂ എന്ന് ചോദിച്ചപ്പോഴാണ് അല്ലാഹു നബിയോട് യുദ്ധം ചെയ്യാനാവശ്യപ്പെട്ടതായി ഖുര്‍ആന്‍ (4/75) ഉണര്‍ത്തുന്നത്.

പിന്നെയൊരു സംശയം; അബ്ബാസ്(റ)നബി(സ)യോട് ചോദിച്ചു. നബിയേ, എന്നെ ഒരു ശത്രു അക്രമിക്കാന്‍ വന്നാല്‍ ഞാന്‍ എന്ത് ചെയ്യണം?(അവിടെയും ക്ഷമിക്കണോ)എന്ന്.? നബി(സ)മറുപടി പറഞ്ഞു. ഒരു മുസ്ളിം ഭീരു ആകാന്‍ പാടില്ല. അവിടെ നീ ആ ശത്രുവുമായി പോരാടണം. അതില്‍ നീ കൊല്ലപ്പെട്ടാല്‍ നിനക്ക് സ്വര്‍ഗ്ഗമാണ്. ആ സംഭവത്തില്‍ ആ ശത്രു കൊല്ലപ്പെട്ടാല്‍ നീ കുറ്റകാരനല്ല താനും. കാരണം നീ സ്വയരക്ഷക്കായുള്ള പ്രവര്‍ത്തനമാണവിടെ നടത്തിയത്. ഈ ഹദീസിലൂടെ നമുക്ക് പ്രതികരിച്ച് കൂടെ? നമ്മെ ഇന്ന് RSS ഭീകരര്‍ പീഡിപ്പിക്കയല്ലേ? എന്നതാണ്.

ഉത്തരം പ്രതികരിക്കാം എന്ന് തന്നെയാണ്. അത് RSS മാത്രമല്ല ഏത് ശത്രുവായാലും നമുക്ക് പ്രതികരിക്കാം. പക്ഷേ, എങ്ങനെ? പ്രവാചകചര്യയിലൂടെ മനസ്സിലാകുന്നത് ആ സന്ദര്‍ഭത്തില്‍, പ്രതികരിക്കാനാണ്. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രം. പക്ഷേ മര്‍ദ്ദനം ഏറ്റ ശേഷം പിന്നീട് ആളെ കൂട്ടി ആ ശത്രുക്കളെ അക്രമിക്കല്‍ ഇസ്ളാം ഒരിക്കലും അനുവദിക്കുന്നില്ല. അത് ഭരണകൂടത്തിനും, നിയമപാലര്‍ക്കും മാത്രമേ അധികാരമുള്ളൂ. നാം അവരെ സമീപിക്കുക മാത്രമാണ് ചെയ്യേണ്ടത്.(നീതി കിട്ടിയാലും ഇല്ലെങ്കിലും.) ചിലപ്പോള്‍ നമ്മുടെ ശത്രു നിയമത്തിന്റെ പേരില്‍ രക്ഷപ്പെട്ടേക്കാം. എന്നാല്‍ അവിടെ നാം ആ കേസ് റബ്ബിലേക്ക് വിടുക. കാരണം ഒരു മുസ്ളിമിനെ സംബന്ധിച്ച് അവന്റെ പൂര്‍ണ്ണ പ്രതിഫലം പരലോകത്താണ് ലഭിക്കുക. അവിടെ മുസ്ളിം സഹിക്കും, ക്ഷമിക്കും. അല്ലാത്തവര്‍ പിശാചിനെ പിന്തുടര്‍ന്ന് നിയമം കൈയ്യിലെടുക്കും. അല്ലാഹുവിന്റെ ശാപം ഏറ്റ് വാങ്ങുന്നു.

ഒരു മുസ്ളിമിനെ സംബന്ധിച്ച് നല്ലവരായ മുൻഗാമികൾ ഈ സന്ദരഭത്തില്‍ എങ്ങനെ പ്രതികരിച്ചു എന്ന് പഠിക്കണം. നോക്കൂ,'ഉമര്‍(റ) യാഹുദന്റെ കുത്തേറ്റ് മരണ ശയ്യയില്‍ കിടക്കുമ്പോള്‍ വേദന സഹിക്കവയ്യാതെ അദ്ദേഹത്തിന്റെ മകന്‍ ആ യാഹുദനെയും, കുടുംബത്തെയും കൊന്ന് കളഞ്ഞു. ഇത് മരണശയ്യയില്‍ കിടന്ന ഉമര്‍(റ) അറിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ മകനെ തുറുങ്കിലടക്കാന്‍ ഉത്തരവിട്ടു. കാരണം ഖലീഫയായി ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നിയമം കൈയ്യിലെടുക്കാന്‍ പ്രജക്കതികാരമില്ല.അത് എന്റെ മകനായാലും ശരി. എന്നാണദ്ദേഹം പ്രതികരിച്ചത്. ഇതാണ് ഇസ്ളാമിന്റെ ധര്‍മ്മം.

അത് കൊണ്ട് എന്റെ സഹോദരന്മാരായ ഇസ്ലാമിക തീവ്രവാദികളെ , പ്രായത്തിന്റെ രക്തതിളപ്പ് കൊണ്ട് ഈ ലോകത്തെ വിജയം മാത്രം കൊതിക്കാതെ പരലോകത്തെ വിജയം കൊതിക്കൂ. നരകം ഭയാനകമാണ്. ആയുധമെടുക്കാനല്ലാതെ നമസ്കാരം എങ്ങനെ നബിചര്യപ്രകാരം നിര്‍വ്വഹിക്കണം?, ശിര്‍ക്കിന്റെ ഗൌരവം,എന്താണ് ശിര്‍ക്ക്?, എന്താണ് ബിദ്അത്ത്?. ഇതൊക്കെ പഠിക്കാന്‍ ഇതുവരെയും സാധിച്ചുവോ എന്ന് സ്വയം ഒന്ന് ചിന്തിക്കുക. ഖുര്‍ആനിലും, ഹദീസുകളിലും വന്നിട്ടുള്ള മുഴുവന്‍ ആയുധപ്രയോഗവും,യുദ്ധങ്ങളും,എല്ലാം ഒരു ഖലീഫക്ക് കീഴില്‍ ചെയ്യേണ്ട കാര്യങ്ങളാണ്. നടന്ന യുദ്ധങ്ങളും, കൊലപാതകങ്ങളും, പ്രതിക്രിയകളും എല്ലാം ഏതെങ്കിലും സംഘം കൂടി ചെയ്തതല്ല. മറിച്ച് ഒരു ഭരണാധികാരിക്ക് കീഴില്‍ നിന്ന് ചെയ്യേണ്ടതാണ്. ചെയ്തതാണ്. അത് കൊണ്ട് ഇന്ന് പല മുസ്ലിം സംഘടനകളും സ്വീകരിക്കുന്ന നിലപാട് തീവ്രവാദമാണ്. നാം ചെയ്യുന്ന അമലുകള്‍ പാഴായി നരകത്തിലകപ്പെടുകയും ചെയ്യും. സ്നേഹത്തോടെയുള്ള ഉപദേശമാണിത്.

അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഇത് സ്വീകരിക്കും എന്ന വിശ്വാസ്സത്തോടെയാണീ കുറിപ്പ് ഇറക്കുന്നത്. സഹോദരാ,നീ റബ്ബിനെ ഭയക്കുന്ന മുസ്ളിമല്ലേ? വെറുതെ വിശ്വസ്സിക്കണ്ട. ഈ ലേഖനത്തിലെ കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോദിക്ക്. (അതിനായി സ്വന്തം ബുദ്ധി ഉപയോഗിക്കുക.) ഇസ്ലാം തീവ്രവാദം വളർത്താത്തത് കൊണ്ട് തന്നെയാണ് ഇന്ന് ഇവരുടെ നേതാക്കള്‍ "ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ വയ്യ, തിരിച്ചടിക്കും, ഞങ്ങള്‍ക്കെതിരെ ആരെങ്കിലും കൈ പൊക്കിയാല്‍ ആ കൈ പിന്നെ പൊങ്ങില്ല...... എന്നൊക്കെയുള്ള ഇസ്ളാമിന് നിരക്കാത്ത പല സ്വരങ്ങളും ഇന്ന് പബ്ളിക്കായി സ്റേജ്കളിലൂടെ തന്നെ വിളിച്ച് പറയുകയും, അതിലൂടെ ഇസ്ളാമിനെ ഭീകരവാദമാക്കുകയാണിവര്‍ ചെയ്യുന്നത് എന്നറിയാതെ പാവങ്ങളായ പ്രവര്‍ത്തകര്‍ കൈയ്യടിച്ച് കൊടുക്കുകയും ചെയ്യുന്നത്!

എന്താണ് മക്കാകാലഘട്ടം എന്ന് പറയുന്നത്? ഖലീഫക്ക് കീഴില്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം. അതായത്-യുദ്ധം,കട്ടവന്റെ കൈമുറിക്കല്‍, വ്യഭിചാരിയെ എറിഞ്ഞ്കൊല്ലല്‍(100 ചാട്ടയടി)സക്കാത്ത് കൊടുക്കാത്തവനെതിരെ നടപടിയെടുക്കല്‍.....അങ്ങനെ പലപല കാര്യങ്ങള്‍, ഇതൊക്കെ മദീനയെ പോലെയുള്ള ഒരു ഇസ്ളാമിക ഭരണകൂടത്തില്‍ മാത്രമേ അനുവാദമുള്ളൂ. പക്ഷെ ഇവർ ഇനി പ്രതിരോധത്തോടൊപ്പം കട്ടവന്റെ കൈ മുറിക്കാനും, എറിഞ്ഞ് കൊണ്ടുള്ള ശിക്ഷ നടപ്പിലാക്കാനും, മറ്റും തുടങ്ങിക്കോളൂ. പറ്റുമോ? ഇല്ല കാരണം കേരളത്തില്‍ പ്രത്യേകിച്ചും ഇന്ന്, ഇത്തരം ആളുകള്‍ മുസ്ളീംഗളില്‍ പെട്ടവര്‍ തന്നെ ധാരാളമാണല്ലോ, ചിന്തിക്കൂ സഹോദരങ്ങളേ,.. ഈ പോക്ക് അപകടമാണ്. ഇഹലോകവും,പരലോകവും നഷ്ട്മാകും. ഇന്നുള്ള ഈ സംഘടനക്കാര്‍ക്ക് അധികപേര്‍ക്കും അറിയില്ല, ഇതിന്റെ തുടക്കം എവിടെ നിന്നാണ് എന്ന്. പരിശോധിക്കേണ്ടതുണ്ടിത്.

നിങ്ങള്‍ക്കറിയോ ഇന്ന് നിങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ആശയം ശിയാക്കളുടെ ആദര്‍ശമാണ്.

ചിന്തിക്കൂ സഹോദരാ, നിങ്ങളുടെ ഈ പോക്ക് റബ്ബിന്റെ ശാപം വാങ്ങി നരകത്തിലേക്കാണ്. ഇത് വെറുതെയുള്ള എന്റെ വാദമല്ല. ആര്‍ സ്വര്‍ഗ്ഗത്തില്‍ ആര്‍ നരകത്തില്‍ എന്ന് പറയാന്‍ നമുക്ക് കഴിയില്ലല്ലോ; പക്ഷേ, അല്ലാഹുവും,അവന്റെ റസ്സൂലും(സ) നരകത്തിലേക്കും, സ്വര്‍ഗ്ഗത്തിലേക്കും ഏതൊക്കെ പ്രവര്‍ത്തിചെയ്തവര്‍ പോകും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിലാണിത് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ ജിഹാദിനെ മനസ്സിലാക്കുക.