2009, ജൂൺ 4, വ്യാഴാഴ്‌ച

മതം മാറിയാല്‍ വധശിക്ഷ!-യുക്തിവാദി ജബ്ബാറിന്റെ ഖുർആൻ തിരിമറി

ഈ ദൈവിക വെളിപാടിന്റെ പശ്ചാത്തലത്തില്‍ :- يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ“അല്ലയോ സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും വിശ്വാസത്തിനു പകരം അവിശ്വാസമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി നിലനിര്‍ത്തരുത്. ആരെങ്കിലും ബന്ധം തുടരുന്ന പക്ഷം അവര്‍ അക്രമികള്‍ തന്നെ (കുര്‍ ആന്‍-9:23). തൌബഃ
ഇതിന്റെ യഥാർത്ഥ അർത്ഥം നോക്കൂ.....
സ്വന്തം പിതാക്കളോ സ്വന്തം സഹോദരങ്ങളോ ആയിരുന്നാല്‍ പോലും-അവര്‍ സത്യവിശ്വാസം സ്വീകരിക്കാതെ അവിശ്വാസം കൊണ്ടു തൃപ്തിപ്പെടുന്ന പക്ഷം-അവരുമായി മിത്രബന്ധം പുലര്‍ത്തുകയും, അവരെ കൈകാര്യക്കാരാക്കി വെക്കുകയും ചെയ്തുകൂടാ എന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. മത്സരത്തില്‍ കഴിയുന്ന അവിശ്വാസികളോടു മൈത്രിയിലും കൂട്ടുകെട്ടിലും പെരുമാറുന്നതിനെപ്പറ്റി ഒന്നിലധികം സ്ഥലത്തു ഖുര്‍ആനില്‍ അല്ലാഹു വിരോധിച്ചിരിക്കുന്നതു കാണാം. സൂ: മുജാദലഃയില്‍ പറയുന്നു: അല്ലാഹുവിനോടും അവന്റെ റസൂലിലോടും മത്സരം കാണിക്കുന്നവരോട് അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു ജനത സ്നേഹബന്ധം പുലര്‍ത്തുന്നതായി നീ കണ്ടെത്തുകയില്ല. അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധു കുടുംബങ്ങളോ ആയിരുന്നാലും ശരി. അങ്ങിനെയുളളവരുടെ-സ്നേഹബന്ധം പുലര്‍ത്താത്തവരുടെ-ഹൃദയങ്ങളില്‍ അല്ലാഹു സത്യവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. അവന്റെ പക്കല്‍നിന്നുളള ഒരു ആത്മാവു മുഖേന അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (58:22)
കുടുംബ ബന്ധത്തെ ഓര്‍ത്തും, സ്വകുടുംബത്തിന്റെ അപ്രീതിയുണ്ടാകരുതെന്ന് കരുതിയും, സ്വത്തുക്കള്‍ക്കോ പാര്‍പ്പിടങ്ങള്‍ക്കോ നാശം സംഭവിക്കുമെന്ന് വിചാരിച്ചുമൊക്കെ ദുര്‍ബ്ബല വിശ്വാസികളായ ചില മുസ്ലിംകള്‍ യുദ്ധം ചെയ്വാനോ, ഹിജ്റപോകാനോ ശ്രമിക്കാതെ ഒഴിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വിഷയത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ തത്വം എല്ലാ കാലത്തുളളവര്‍ക്കും ബാധകം തന്നെയാണ്. അതായതു അല്ലാഹുവിന്റെ ദീനിനോട് മത്സരം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ എത്ര അടുത്ത ബന്ധുക്കളായാലും അവരോട് ഹൃദയം ഇണങ്ങിക്കൊക്ു അണഞ്ഞ ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് ഒര് കാലത്തും പാടില്ലാത്തതാകുന്നു. മാതാപിതാക്കള്‍ മുശ്രിക്കുകളായിരുന്നാല്‍ പോലും അവരോട് ഇഹത്തില്‍ നന്നായി പെരുമാറണമെന്നും, അവിശ്വാസികളോടും നീതിയും മര്യാദയും പാലിക്കേണമെന്നും, നീതികേടും ആക്രമവും ആരോടും പാടില്ലെന്നുമുളള കല്‍പനകള്‍ ഇപ്പറഞ്ഞതിന് എതിരില്ലതാനും.
കുടുംബ ബന്ധങ്ങളോ, സ്നേഹ ബന്ധങ്ങളോ, സ്വത്തുക്കളിലും ജീവിതസൌകര്യങ്ങളിലുമുളള താല്‍പര്യങ്ങളോ ഒന്നും തന്നെ, അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ അനുസരിക്കുന്നതിനോ, അല്ലാഹുവിന്റെ ദീനിനുവേണ്ടി സമരവും ത്യാഗവും അനുഷ്ഠിക്കുന്നതിനോ തടസ്സമായിരിക്കുവാന്‍ പാടില്ല. അങ്ങിനെ തടസ്സമാകത്തക്കവണ്ണം അവര്‍ക്കു പ്രാധാന്യം കല്‍പിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ആപല്‍കരമായിരിക്കുമെന്ന് സത്യവിശ്വാസികളോടുളള ഒരു താക്കീതാണ് 24-ാം വചനത്തില്‍ കാണുന്നത്. "അല്ലാഹു അവന്റെ കല്‍പനകൊണ്ടുവരുന്നതുവരെ കാത്തിരിക്കുവിൻ എന്നുളള ആ കനത്ത താക്കീത് വിഷയത്തിന്റെ ഗൌരവമാണ് ചൂണ്ടിക്കാട്ടുന്നത്. ആ കല്‍പനകൊണ്ടുദ്ദേശ്യം ഇന്നതാണെന്നോ, അത് എപ്പോഴായിരിക്കുമെന്നോ അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. ഇഹത്തില്‍വെച്ചും, പരത്തില്‍വെച്ചും അതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും, അത് നിങ്ങള്‍ക്ക് താങ്ങാനാവാത്തതായിരിക്കുമെന്നുമത്രെ ആ വാക്ക് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞാനിര്‍ദ്ദേങ്ങളെക്കാള്‍ അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചുകൊണ്ടിരിക്കുന്നത് നിമിത്തം മുസ്ലിംകള്‍ അന്നും ഇന്നും എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഐഹികമായ ഭവിഷ്യത്തുകള്‍ ബുദ്ധിയും വിശ്വാസവുമുളള ആര്‍ക്കും അജ്ഞാതമല്ല തന്നെ. അതുമൂലം ലോകത്തുവെച്ചുണ്ടാകാനിരിക്കുന്ന ഭവിഷ്യത്തിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലതാനും.
നബി (സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! നിങ്ങള്‍ ഒരാള്‍ക്കുംതന്നെ, അവന്റെ മാതാപിതാക്കളെയും മക്കളെയും എല്ലാ മനുഷ്യരെയുംകാള്‍ ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസി ആയിരിക്കയില്ല.'' (ബു; മു) ഒരിക്കല്‍ ഉമര്‍ (റ) നബി (സ) യോട് ഇങ്ങനെ പറയുകയുണ്ടായി: "അല്ലാഹുവിനെതന്നെ സത്യം! അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നാണ് എന്റെ ദേഹം ഒഴിച്ചുളള മറ്റെല്ലാറ്റിനെക്കാളും എനിക്കിഷ്ടപ്പെട്ട ആള്‍.'' "അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ക്ക് അവന്റെ ദേഹത്തെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കുന്നതുവരെ അവന്‍ സത്യവിശ്വാസിയായിരിക്കയില്ല.'' അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: "എന്നാല്‍-ഇപ്പോള്‍-അല്ലാഹുതന്നെ സത്യം! അങ്ങുന്ന് എനിക്ക് എന്റെ ദേഹത്തേക്കാള്‍ ഇഷ്ടപ്പെട്ടവനാണ്ടന്നു.'' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: "ഇപ്പോഴാണ്, ഉമറേ, തന്റെ വിശ്വാസം പരിപൂര്‍ണ്ണമായത്.'' (അ; മു) അല്ലാഹുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്റെ അനിവാര്യ ഫലമാണല്ലോ റസൂലിനെ സ്നേഹിക്കലും അനുസരിക്കലും. അഥവാ അത് രണ്ടും അര്‍ത്ഥത്തില്‍ ഒന്നു തന്നെ. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്‍മകള്‍ക്കുളള ഏക നിദാനവും അതുതന്നെ. എന്നിരിക്കെ, അതിനെക്കാള്‍ ഉപരിയായി മറ്റൊരു കാര്യവും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക് ഉണ്ടായിരിക്കുവാന്‍ പാടില്ലല്ലോ. "ഇപ്പോഴാണ് ഉമറേ തന്റെ വിശ്വാസം പരിപൂര്‍ണ്ണമായത്'' എന്ന തിരുവചനം ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് സൂ: അഹ്സാബില്‍ (നബി സത്യവിശ്വാസികളോട് അവരുടെ ദേഹങ്ങളേക്കാള്‍ അധികം ബന്ധപ്പെട്ടവനാകുന്നു.) (33:6) എന്ന വാക്യം മുഖേന അല്ലാഹു അറിയിക്കുന്നത്