2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വ്യാഖ്യാനം

ആയത്ത്1-3

ദ്ധ്യായം 33. അഹ്സാബ്‌

1 ( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

2 നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

3 അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

മദനീ സൂറത്തുകളിൽ പെട്ടതാണ്‌ ഈ അദ്ധ്യായം. മദീനായിൽ ഇസ്ലാമിന്റെ ശത്രുക്കളായിരുന്ന ജൂതൻമാരെയും, കപടവിശ്വാസികളെയും സംബന്ധിച്ചു ഈ സൂറത്തിൽ പല പ്രസ്താവനകളും കാണാം. കൂടാതെ, പ്രധാനപ്പെട്ട പല നിയമനിർദ്ദേശങ്ങളും, മറ്റു സൂറത്തുകളിൽ വിവരിക്കപ്പെട്ടിട്ടില്ലാത്ത പല മതവിധികളും ഇതിൽ അടങ്ങിയിട്ടുണ്ട്‌.

'തഖ്‌വാ' ('തഖ്‌വാ') എന്ന ധാതുപദത്തിൽനിന്നുളള കൽപനക്രിയയാണ്‌ 'ഇത്തഖി'
('ഇത്തഖി') എന്ന വാക്ക്‌. 'സൂക്ഷിക്കുക, കാക്കുക, പേടിക്കുക' എന്നൊക്കെയാണ്‌ ഭാഷാർത്ഥം. അല്ലാഹുവിന്റെ വിധിവിലക്കുകളും, നിയമനിർദ്ദേശങ്ങളും അനുസരിക്കുകവഴി അവനോട്‌ ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ 'തഖ്‌വാ' കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്‌. അല്ലാഹുവിനെ സൂക്ഷിച്ചുകൊളളുക എന്നു പറഞ്ഞതിനെത്തുടർന്ന്‌ അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കരുതെന്നും, അല്ലാഹുവിൽനിന്നു ലഭിക്കുന്ന ദിവ്യസന്ദേശങ്ങളെ പിൻപറ്റണമെന്നും പ്രസ്താവിച്ചതിൽനിന്നുതന്നെ 'തഖ്‌വാ'യുടെ ഉദ്ദേശ്യം മനസ്സിലാക്കാം. ഇതേ അർത്ഥോദ്ദേശ്യത്തോടുകൂടിത്തന്നെയാണ്‌, ഈ വാക്കു ഖുർആനിലും ഹദീസിലും, ഇസ്ല്​‍ാമികഗ്രന്ഥങ്ങളിലും സാധാരണ ഉപയോഗിക്കപ്പെടാറുളളതും.

ഈ കൽപനകൾ പ്രത്യക്ഷത്തിൽ നബി (സ) യെ അഭിമുഖീകരിച്ചുകൊണ്ടാണുളളതെങ്കിലും, വാസ്തവത്തിൽ അവ സമുദായത്തിനു മുഴുവനും ബാധകമാണെന്നുളളതിൽ സംശയമില്ല. അതുകൊണ്ടാണ്‌ രണ്ടാം വചനത്തിൽ 'നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു' എന്നു പറഞ്ഞിരിക്കുന്നത്‌. ശത്രുക്കളുടെ ഇംഗിതങ്ങൾക്ക്‌ വിധേയനായോ, അവരെ പ്രീണിപ്പിക്കാമെന്നുദ്ദേശിച്ചോ മതപ്രബോധനത്തിൽ വിട്ടുവീഴ്ച ചെയ്‌വാനും, സത്യത്തെ മറച്ചുവെക്കാനും നബി (സ) ഒരിക്കലും മുതിരുകയില്ലെന്നു സ്പഷ്ടമാണ്‌. എങ്കിലും, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു വ്യാമോഹത്തിന്റെ കവാടം തന്നെ ഈ കൽപനകൾമൂലം അല്ലാഹു അടച്ചുകളയുന്നു. സത്യവിശ്വാസികൾക്കാകട്ടെ, ഇതു കൂടുതൽ ധൈര്യവും, ദൃഢമനസ്കതയും ഉളവാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിലോ, പരോക്ഷത്തിലോ ഉളള യാതൊരു ശത്രുവിന്റെയും പ്രകോപനങ്ങൾക്കും, അഭീഷ്ടങ്ങൾക്കും വഴങ്ങാതെ-ഋജുവായ സത്യമാർഗ്ഗത്തിൽനിന്നു തരിമ്പുപോലും വ്യതിചലിക്കാതെ-സത്യപ്രബോധനം നടത്തുമ്പോൾ പലവിധ വിഷമങ്ങളെയും തരണം ചെയ്യേണ്ടിവരും. അതു സ്വാഭാവികമാണ്‌. അതിൽനിന്നു മോചനം ലഭിക്കുവാനും, രക്ഷനേടുവാനുമുളള ഏകമാർഗ്ഗമത്രെ 'തവക്കുൽ'
('തവക്കുൽ') അതെ, കാര്യങ്ങൾ അല്ലാഹുവിൽ അർപ്പിക്കൽ. അതുകൊണ്ട്‌ 'തവക്കുലി'നെപ്പറ്റി ഇവിടെ പ്രത്യേകം ഓർമ്മിപ്പിച്ചിരിക്കുന്നു.

ഈ സൂറത്തിൽ പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുളള വിഷയങ്ങളിൽ ചിലതാണു അടുത്ത ആയത്തുകളിൽ കാണുന്നത്‌:




ആയത്ത്44
4 യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.



വിഷയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ അതിനാസ്പദമായ ഒരു യാഥാർത്ഥ്യം-അഥവാ വിഷയത്തിനൊരു പീഠിക-അല്ലാഹു ഈ വചനത്തിൽ ആദ്യമായി ചൂണ്ടിക്കാട്ടുന്നു. 'ഏതൊരു മനുഷ്യന്നുംതന്നെ അവന്റെ ഉളളിൽ അല്ലാഹു രണ്ടു ഹൃദയം ഏർപ്പെടുത്തിയിട്ടില്ല'
() എന്നുളളതാണ്‌. അപ്പോൾ, ഒരേ കാര്യത്തിൽ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ടു ആശയഗതികളോ, രണ്ടുതരം സമീപനമോ ഒരേ സമയത്ത്‌ ഒരാൾക്ക്‌ ഉണ്ടായിക്കൂടാത്തത്താണ്‌. അതുപോലെത്തന്നെ, ഒരേ വേളയിൽ വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനും മനുഷ്യനു സാദ്ധ്യമല്ലെന്ന്‌ വ്യക്തമാണ്‌. ഈ യാഥാർത്ഥ്യത്തിനു വിരുദ്ധമായി അറബികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു സമ്പ്രദായങ്ങളെക്കുറിച്ചാണ്‌ അല്ലാഹു തുടർന്നു പ്രസ്താവിച്ചതു. ഒരേ സ്ത്രീയിൽ ഭാര്യത്വവും, മാതൃസ്ഥാനവും കൽപിക്കലും, ഒരേ മനുഷ്യനിൽ പോറ്റുപുത്രന്റെ സ്ഥാനവും യഥാർത്ഥ പുത്രന്റെ സ്ഥാനവും കൽപിക്കലും. ഇതാണാ സമ്പ്രദായങ്ങൾ.

ഒരാൾക്കു തന്റെ ഭാര്യയോടു വല്ല വെറുപ്പും നേരിടുമ്പോൾ അവൻ അവളോടു
(നീ എനിക്ക്‌ എന്റെ മാതാവിന്റെ മുതുകുപോലെയാണ്‌.) എന്നുപറയും. എന്റെ മാതാവുമായി ഭാര്യാഭർതൃബന്ധം നടത്തുവാൻ പാടില്ലാത്തതുപോലെയാണ്‌ നിന്റെയും അവസ്ഥ എന്നു താൽപര്യം. ഇതിനു 'ളിഹാർ'
('ളിഹാർ' മുതുകുപോലെയാക്കുക) എന്നു പറയപ്പെടും. ഇതോടെ അവളുമായുളള സമീപനം നിഷദ്ധമായി ഗണിക്കപ്പെടുന്നു. ഈ വാക്കുമൂലം ഒരാളുടെ ഭാര്യ അവന്റെ മാതാവാകുന്നില്ലെന്നും, അതുകൊണ്ടു ഭാര്യയെ മാതാവിനെപ്പോലെ ഗണിക്കുന്നതു പാടില്ലാത്തത്താണെന്നും അല്ലാഹു ഉണർത്തുന്നു. ഇനി, ഒരാൾ ഭാര്യയോടു അങ്ങിനെ പറഞ്ഞുപോയാൽ, അതിനു പ്രായശ്ചിത്തം ചെയ്തു മടക്കിയെടുക്കേണ്ടതുണ്ടെന്ന്‌ സൂറത്തുൽ മുജാദലഃ യിൽ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. കൂടുതൽ വിവരം അവിടെ കാണാം.

അന്യരുടെ മക്കളെ ദത്തെടുത്തു സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തുകയും, സ്വന്തം മക്കൾക്കുളളതുപോലെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ അവകാശങ്ങളും വകവെച്ചു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായവും ഇസ്ലാമിനു മുമ്പ്‌ അറബികളിൽ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യയിലും ഈ സമ്പ്രദായം അപരിചിതമല്ല. ഇങ്ങിനെയുളള ദത്തുപുത്രനാണ്‌ 'ദഇയ്യ്‌'
എന്നു പറയപ്പെടുന്നത്‌. ഇതിന്റെ ബഹുവചനമാണ്‌ 'അദ്‌ഇയാഉ​‍്‌'
() ഈ ഖുർആൻവാക്യം അവതരിക്കുന്നതുവരെ ഞങ്ങളെല്ലാം സൈദുബ്നു ഹാരിഥഃ(റ) യെ സൈദുബ്നു മുഹമ്മദ്‌ എന്നല്ലാതെ വിളിക്കാറുണ്ടായിരുന്നില്ലെന്നും, ഈ ആയത്തു അവതരിപ്പിച്ചപ്പോൾ റസൂൽ (സ) തിരുമേനി അദ്ദേഹത്തോടു: നീ സൈദുബ്നു ഹാരിഥഃത്തബ്നു ശുറാഹിലാണ്‌ (ശുറാഹിലിന്റെ മകനായ ഹാരിഥഃയു​‍െ മകനാണ്‌) എന്നു പറയുകയുണ്ടായെന്നും ഇബ്നുഉമർ (റ) പ്രസ്താവിച്ചതായി ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിച്ചിട്ടുണ്ട്‌. സൈദുബ്നുഹാരിഥഃ (റ) യുടെ കഥ ഇതാണ്‌:-

കൽബു ഗോത്രക്കാരനായ സൈദ്‌ (റ) ഒരു യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടു. അന്നദ്ദേഹം ചെറുപ്പമായിരുന്നു. ഹക്കീമുബ്നുഹുസാം (റ) തന്റെ അമ്മായിയായ ഖദീജ (റ)ക്കുവേണ്ടി അദ്ദേഹത്തെ വിലക്കുവാങ്ങി. റസൂൽ (സ) തിരുമേനി ഖദീജ (റ)യെ വിവാഹം ചെയ്തശേഷം അവർ സൈദ്‌ (റ) നെ തിരുമേനിക്കു സമ്മാനിച്ചു. പിന്നീടു സൈദ്‌ (റ)ന്റെ പിതാവും, പിതൃവ്യനുംകൂടി വന്ന്‌ അദ്ദേഹത്തെ തങ്ങൾക്കു വിട്ടുകൊടുപ്പാൻ ആവശ്യപ്പെടുകയുണ്ടായി. ഇഷ്ടംപോലെ ചെയ്തുകൊളളുവാൻ നബി (സ) അദ്ദേഹത്തിന്നു സമ്മതം കൊടുത്തു. പക്ഷെ, നബി (സ) യുടെകൂടെ ജീവിക്കുവാനാണ്‌ സൈദ്‌ (റ) ഇഷ്ടപ്പെട്ടത്‌. അനന്തരം തിരുമേനി അദ്ദേഹത്തെ അടിമത്തത്തിൽ നിന്നു സ്വതന്ത്രനാക്കുകയും, ഒരു പോറ്റുപുത്രനായിക്കരുതുകയും ചെയ്തു. അങ്ങനെ, ജനങ്ങൾ അദ്ദേഹത്തെ സൈദുബ്നു മുഹമ്മദു (മുഹമ്മദിന്റെ മകൻ സൈദ്‌) എന്നു വിളിച്ചുവന്നു. സൈദ്‌ (റ) ന്റെ ഭാര്യയായിരുന്ന സൈനബ്‌ (റ) വിവാഹമോചനം ചെയ്യപ്പെടുകയും, അനന്തരം നബി (സ) അവരെ വിവാഹം ചെയ്യുകയുമുണ്ടായി. ഈ സംഭവം താഴെ വിവിരിക്കുന്നുണ്ട്‌. ഇതിനെത്തുടർന്ന്‌ 'മകന്റെ ഭാര്യയെ വിവാഹം ചെയ്‌വാൻ പാടില്ലെന്നു മുഹമ്മദു പറയുന്നു, അവന്റെ മകന്റെ ഭാര്യയെ അവൻ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു.' എന്നു ജനസംസാരമായി. ഈ സന്ദർഭത്തിലാണ്‌ ഈ ആയത്ത്‌ അവതരിക്കുന്നത്‌. പോറ്റുമക്കൾക്കു യഥാർത്ഥ മക്കളുടെ നിയമം ബാധകമല്ലെന്നത്രെ അതു പ്രഖ്യാപിക്കുന്നത്‌. പോറ്റുമക്കളെ സ്വീകരിക്കുന്നതിനെയും, അവരെ മക്കളെപ്പോലെ സ്നേഹിച്ചു വളർത്തുന്നതിനെയും ഈ വചനം നിരോധിക്കുന്നില്ലതാനും.

വാക്കുകൾകൊണ്ടു യാഥാർത്ഥ്യം മാറിപ്പോകുകയില്ലല്ലോ. എന്നിരിക്കെ 'നീ എന്റെ മാതാവിനെപ്പോലെയാണ്‌' എന്നു ഒരാൾ ഭാര്യയോടു പറയുമ്പോഴേക്കും അവളെങ്ങിനെ മാതാവായത്തീരും?! അഥവാ മാതാവിന്റെ നിയമം അവൾക്കെങ്ങിനെ ബാധകമാകും?! അതുപോലെത്തന്നെ ദത്തുമക്കളെക്കുറിച്ചു മക്കളെന്നു പറയുമ്പോഴേക്കും അവരെങ്ങിനെ യഥാർത്ഥ മക്കളായിത്തീരും?! വാദംകൊണ്ടോ വാചകംകൊണ്ടോ യഥാർത്ഥമായ കുടുംബബന്ധം സ്ഥാപിതമാകുകയില്ലല്ലോ.
(അതൊക്കെ നിങ്ങളുടെ വായകൊണ്ടുളള വാക്കുകളാണ്‌) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നതു ഈ വസ്തുതയാകുന്നു. പോറ്റുമക്കളെപ്പറ്റി അല്ലാഹു തുടർന്നുപറയുന്നു:-






ആയത്ത്5.5

5 നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.



ദത്തുമക്കളെ അവരുടെ യഥാർത്ഥ പിതാളോട്‌ ചേർത്ത്‌-ഇന്നയാളുടെ മകൻ, അല്ലെങ്കിൽ മകൾ എന്നു-വിളിക്കുവാനും, പോറ്റുപിതാക്കളോട്‌ ചേർത്തു വിളിക്കാതിരിക്കുവാനും ഈ വചനം കൽപിക്കുന്നു. ഇനി, യഥാർത്ഥ പിതാക്കൾ ആരാണെന്നറിയപ്പെടാത്തപക്ഷം അവരെ സഹോദരങ്ങളും 'മൗലാ' (ബന്ധു)ക്കളുമായി ഗണിച്ചുകൊളളണമെന്നു നിർദ്ദേശിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളെല്ലാം സഹോദരങ്ങളാണല്ലോ.
അതുകൊണ്ട്‌ അങ്ങിനെയുളളവരെ 'സഹോദരാ'
എന്നോ 'മൗലാ' എന്നോ വിളിക്കേണ്ടതാകുന്നു. ഇതനുസരിച്ച്‌ നബി (സ) സൈദ്‌ (റ) നോടു ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
(നീ നമ്മുടെ സഹോദരനും മൗലായുമാണ്‌.)

'മൗലാ' () എന്ന വാക്കു പല അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുളള ഒരു പദമാകുന്നു. ഇതിന്റെ ബഹുവചനമാണ്‌ 'മവാലീ'
() 'വലാഉ' () എന്ന ധാതുവിൽ നിന്നുളളതാണത്‌. കുടുംബബന്ധം
() എന്നും, അടുപ്പം () എന്നും അതിനർത്ഥമുളളതുകൊണ്ട്‌ കുടുംബപരമായ ബന്ധമുളളവർക്കും, അടുത്ത സ്നേഹബബന്ധമുളളവർക്കും ആ വാക്കുപയോഗിക്കാം. ചില പ്രത്യേക കാരണത്താൽ ഉണ്ടാകുന്ന പാർശ്വബന്ധത്തിനും
() ഇസ്ലാമിൽ അംഗീകരണം നൽകപ്പെട്ടിട്ടുണ്ട്‌. ഇതിനു 'മുവാലാത്ത്‌'
() എന്നും 'മുആഖാത്ത്‌'
() എന്നും പറയപ്പെടുന്നു. മൈത്രീബന്ധമെന്നും, സാഹോദര്യബന്ധമെന്നും അർത്ഥം, മദീനായിൽവെച്ച്‌ മുഹാജിറുകളും അൻസാരികളും തമ്മിലുണ്ടായിരുന്ന ബന്ധം ഇതായിരുന്നു. സ്വത്തവകാശം തുടങ്ങിയ ചില നിയമങ്ങളൊഴിച്ച്‌ മറ്റു സുഖദു:ഖാങ്ങളിൽ അന്യോന്യം പങ്കുകാരാകത്തക്കവണ്ണമുളള ഈ കൂട്ടുകെട്ട്‌ ഏക്കാളത്തും മനുഷ്യർക്കിടയിൽ വളരെ ഉപകാരപ്രദംതന്നെയാണ്‌. അറബിഗോത്രങ്ങൾക്കിടയിൽ ഇത്തരം 'മുവാലാത്ത്‌' മുമ്പ്‌ നടപ്പിലുണ്ടായിരുന്നു. അതവർക്കു സ്വൈരജീവിതവും, പ്രതാപവും, ശക്തിയും നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ്‌ ചിലപ്പോൾ ചില ആളുകളെക്കുറിച്ച്‌
(ഇന്ന ഗോത്രക്കാരുടെ മൗലാ) എന്നു പറയപ്പെട്ടുകാണുന്നത്‌.

മറ്റൊരു തരത്തിലുളള 'വലാആ'ണ്‌
(അടിമത്തത്തിൽ നിന്നു മോചിപ്പിച്ച ബന്ധം). ഒരാളോ ഒരു കുടുംബമോ ഒരു അടിമയെ സ്വതന്ത്രനാക്കിവിട്ടാൽ അവൻ അവന്റെ അല്ലെങ്കിൽ ആ കുടുംബത്തിന്റെ മൗലയായിത്തിരുന്നു. അതുപോലെത്തന്നെ, ഏതെങ്കിലും ഒരാളുടെ കൈക്ക്‌ ഇസ്ലാമിൽവന്ന ആളെക്കുറിച്ചും അയാളുടെ മൗലാ എന്നു പറഞ്ഞുവരാറുണ്ട്‌. ഇമാം അബൂഹനീഫ (റ)യുടെ കുടുംബം ഇസ്ലാമിൽ വന്നപ്പോൾ അവർക്കു ഇസ്ലാമിലേക്കു പ്രചോദനം നൽകിയ ആളുകളോടുചേർത്ത്‌ ഇന്നവരുടെ മൗലാക്കൾ എന്നു പറയപ്പെട്ടിരുന്നു. ഈ വസ്തവം മനസ്സിലാക്കാത്ത ചിലർ ഈ പ്രയോഗത്തെ തെറ്റിദ്ധരിച്ച്‌ ഇമാം അബൂഹനീഫ (റ) അടിമവംശജനായിരുന്നുവേന്നു ധരിച്ചുപോയിട്ടുണ്ട്‌.

ചുരുക്കത്തിൽ 'വലാഉ' എന്ന ധാതുവിൽനിന്നുളള 'മൗലാ' എന്ന വാക്ക്‌ പല അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ടെന്നു മനസ്സിലാക്കാം. ഏതർത്ഥത്തിലുളള മൗലാ ആയാലും ശരി, അറബികൾക്കിടയിൽ അങ്ങനെ മൗലാ എന്നു സംബോധന ചെയ്യുന്നതിൽ അഭിമാനമല്ലാതെ - അപമാനമൊന്നും - ഉണ്ടായിരുന്നതുമില്ല. ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌ ഈ വചനം മുഖേന അല്ലാഹു ചെയ്യുന്നത്‌. കാരണം, അതു പരസ്പരം സ്നേഹബന്ധത്തിനും ഐക്യബോധത്തിനും ഉതകുന്നു. പല സഹാബിമാരുടെയും പേരുകളോടൊപ്പം ഇന്നആളുടെ മൗലയാണദ്ദേഹം എന്നു വിശേഷിപ്പിച്ചു കാണുന്നതു മേൽപ്പറഞ്ഞ അടിസ്ഥാനത്തിലാകുന്നു. ഏതു തരത്തിലുളള 'വലാഉ'--ആയിരുന്നാലും ശരി, അന്യോന്യം ബന്ധപ്പെട്ട ഇരു കക്ഷികൾക്കും ഈ (മൗല എന്നുളള) പേർ അന്വർത്ഥമാകുമെന്നും അറബികൾ അങ്ങിനെ അതു ഉപയോഗിക്കാറുണ്ടെന്നും അറിഞ്ഞിരിക്കുന്നതു ചരിത്രപാരായണം ചെയ്യുന്നവർക്കു വളരെ ആവശ്യമാകുന്നു.

മറ്റു ചില സമുദായങ്ങളെപ്പോലെ അറബികളും തങ്ങളുടെ വംശപരമ്പരയും, കുടുംബപ്പേരും, നിലനിറുത്തുകയും പരിചയപ്പെടുകയും ചെയ്യുന്നതു മുൻപിതാക്കളുടെ പേരുകളിലാകുന്നു. ഇസ്ലാമിൽ അംഗീകരിക്കപ്പെട്ടിട്ടുളളതും ഈ വഴക്കം തന്നെ. നമ്മുടെ നാട്ടിലേതുപോലെ, ഏതെങ്കിലും പറമ്പിന്റെയോ, പറായുടെയോ, ഇല്ലത്തിന്റെയോ, തൊടിയുടെയോ മറ്റോ പേരുകളിലല്ല. 'ഇന്ന, പിതാമഹന്റെ വംശത്തിൽ ഇന്നിന്ന പിതാക്കളുടെ മകനായ ഇന്നവനാണ്‌ തന്റെ പിതാവ്‌--അല്ലെങ്കിൽ മാതാവ്‌--എന്നായിരിക്കും അറബികൾ ഒരാളെ പരിചയപ്പെടുത്തുക. നാമാകട്ടെ, ഏതെങ്കിലും ഒരു തൊടിയുടേയോ മറ്റോ പേരു പറഞ്ഞായിരിക്കും കുടുംബത്തെ പരിചയപ്പെടുത്തുന്നത്‌. ഇന്ന ആളുടെ മകൻ ഇന്നവൻ എന്നതിന്റെ സ്ഥാനത്തു ഇന്നേടത്തുവീട്ടിൽ ഇന്നവൻ എന്നു പറയും. കൂടാതെ, പലപ്പോഴും ഈ വീട്ടുപേർ മാതൃകുടുംബത്തിന്റേതുമായിരിക്കും. മക്കളെ പിതാക്കളോട്‌ ചേർത്തു വിളിക്കണമെന്ന ഖുർആന്റെ ശാസനക്കു നിരക്കാത്ത ഈ സമ്പ്രദായം, ഇന്ത്യൻ മുസ്‌ ലിംകളിൽ ഇന്നും അവശേഷിപ്പുളള പല അനിസ്‌-ലാമികാചാരങ്ങളിൽ ഒന്നാകുന്നു. മുസ്‌ ലിംകൾ കഴിവുതം ഈ നില മാറ്റേണ്ടതുണ്ട്‌.

'മൗലാ' എന്ന വാക്കിന്റെയും 'വലാഇ' ന്റെയും അർത്ഥവ്യാപ്തിയും പ്രയോഗങ്ങളും ആലോചിക്കാതെ മുസ്‌ ലിംകൾക്കിടയിൽ കടന്നുകൂടിയ ആപത്തുകളും ചില്ലറയല്ല. മുൻകാലങ്ങളിൽ ഇന്ത്യയെപ്പോലെയുളള ദൂരരാജ്യങ്ങളിൽ പല മഹാൻമാരുടെ കൈകക്കും ഇസ്ലാം മതപ്രചാരണം നടന്നപ്പോൾ ഇസ്ലാമിനെ ആശ്ലേഷിച്ചിരുന്ന ആളുകളെക്കുറിച്ച്‌--അതതു ദേശത്തെ മതപ്രചാരകൻമാരുടെ പേരോടുചേർത്തുകൊണ്ടു-ഇന്ന ആളുടെ മൗലാക്കൾ എന്നു പറയപ്പെട്ടിരുന്നു. മുകളിൽ പ്രസ്താവിച്ചതുപോലെയുളള ഈ പാർശ്വബന്ധത്തെ കാലക്രമത്തിൽ കുടുംബബന്ധങ്ങളായി ചിലർ ചിത്രീകരിക്കുകയും, തെറ്റിദ്ധരിക്കുകയും ചെയ്തുവന്നു. അങ്ങനെ, തങ്ങൾ ആ മഹാൻമാരുടെ സന്തതികളിൽപെട്ടവരാണെന്നു പലരും അവകാശപ്പെട്ടു. നൂറുക്കണക്കിലുളള സയ്യിദുകുടുംബങ്ങളും (തങ്ങമ്മാരും), സിദ്ദേ‍ീഖികളും, ഫാറൂഖികളും, ആയിരക്കണക്കിലുളള ഉസ്മാനീ കുടുംബങ്ങളുമെല്ലാം ഇന്ത്യയിൽ ഇന്നു കാണപ്പെടുന്നതു ഇക്കാരണത്താലാകുന്നു. ഈ വംശവാദത്തിൽതന്നെ പല വ്യാജപരമ്പരയും, അവക്കിടയിൽ കക്ഷിവഴക്കുകളും ഉണ്ടായിട്ടുമുണ്ട്‌. ഇസ്ലാമിൽ പുതുതായി പ്രവേശിക്കുന്നവർ-അവർ എത്ര കുലീനകുടുംബത്തിൽപെട്ടവരായിരുന്നുവേങ്കിലും-ഒരു താണതരക്കാരായി ഗണിക്കപ്പെടുന്ന ഒരു ദുഷിച്ച സമ്പ്രദായവും മിക്കവർക്കിടയിലും എങ്ങിനെയോ കടന്നുകൂടിയിരിക്കുന്നു. തങ്ങളുടെ പഴയ കുടുംബപ്പേർ മാറ്റിപ്പറയുവാൻ ഇതും ചിലർക്കു പ്രോത്സാഹനം നൽകിയിരിക്കുന്നു. സ്വന്തം പിതാക്കൾ അയോഗ്യരായതുകൊണ്ടും ചിലർ ഈനില സ്വീകരിക്കാറുണ്ട്‌. ഇസ്ലാമികദൃഷ്ട്യാ ഇതെല്ലാംതന്നെ വമ്പിച്ച തെറ്റാണെന്നു പറയേണ്ടതില്ല.

നബി (സ) പറയുന്നു: 'ജാഹിലിയ്യത്തി' ൽ (ഇസ്ലാമിനു മുമ്പുളള അജ്ഞാനകാലത്തു) നിങ്ങളിൽ ഉത്തമ?​‍ാരായുളളവർ ഇസ്ലാമിലും നിങ്ങളിൽ വെച്ച്‌ ഉത്തമൻമാർതന്നെ-അവർ വിജ്ഞാനം നേടിയാൽ" (ബു; മു.) ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞതായി കാണാം: "നിങ്ങളുടെ കുടുംബബന്ധം ചേർക്കുമാറു (പാലിക്കത്തക്കവണ്ണം) നിങ്ങളുടെ കുടുംബപരമ്പരയിൽ നിന്നും നിങ്ങൾ പഠിച്ചിരിക്കുവിൻ...." (തി.) വേറൊരു ഹദീസിൽ ഇങ്ങിനെ വന്നിരിക്കുന്നു: "അറിഞ്ഞുകൊണ്ട്‌ തന്റെ പിതാവല്ലാത്തവരോട്‌ ചേർത്തിക്കൊണ്ട്‌ (കുടുംബം) വാദിക്കുന്നവൻ അവിശ്വാസിയാകാതിരിക്കയില്ല." (ഇബ്നുകഥീർ.)



ആയത്ത്6.6

6 പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.



വളരെ പ്രധാനങ്ങളായ നാലഞ്ചു കാര്യങ്ങൾ അല്ലാഹു ഈ ആയത്തു മുഖേന വിവരിക്കുന്നു:- 1) സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി (സ) അവരോടു തങ്ങളെക്കാളും-മറ്റാരെക്കാളും-കൂടുതൽ ബന്ധപ്പെട്ട ആളാകുന്നു.
() വളരെ കനത്ത ഒരു യാഥാർത്ഥ്യമാണ്‌ അല്ലാഹു ഇതു മുഖേന ചൂണ്ടിക്കാട്ടുന്നത്‌. ഏതെല്ലാം വിഷയത്തിലാണ്‌ ഈ ബന്ധം ഉൾക്കൊളളുന്നതെന്നൊരു പരിധി നിശ്ചയിച്ചിട്ടില്ല. അതിനാവശ്യവുമില്ല. ഐഹികവും, പാരത്രികവും, മതപരവുമായ എല്ലാ തുറകളിലും അവിടുന്ന്‌ സത്യവിശ്വാസികളുടെ മാതൃകയും, വഴികാട്ടിയും, ഗുണകാംക്ഷിയുമാണ്‌. ഓരോരുത്തനും തന്റെ ദേഹത്തെക്കാൾ തിരുമേനിയെ മാനിക്കണം, സ്നേഹിക്കണം, അവിടുത്തെ ആവശ്യത്തിനും തീരുമാനത്തിന്നും പ്രാധാന്യം നൽകണം. അവിടുത്തെ ദേഹത്തിനും, മാനത്തിനും മുൻഗണന നൽകണം, അവിടുത്തെ കൽപനകൾക്കോ നടപടി ക്രമങ്ങൾക്കോ യോജിക്കാത്തതൊന്നും സ്വീകരിച്ചുകൂടാ, ഇതെല്ലാം അതിന്റെ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുന്നു. സഹാബികളുടെ ചര്യകൾ ഇതിനു സാക്ഷ്യം വഹിക്കുന്നു. മനുഷ്യന്റെ ഐഹികവും, പാരത്രികവുമായ ന?തി?കളെ ഒന്നൊഴിയാതെ വിവരിച്ചുതരുന്നതും, അങ്ങേയറ്റത്തെ വാൽസല്യത്തോടും കൃപയോടുംകൂടി ശാശ്വതമോക്ഷത്തിലേക്കു മാർഗ്ഗദർശനം നൽകുന്നതും, കാലാകാലശിക്ഷയിൽനിന്നു വിമുക്തരാകുന്നതിനുളള താക്കീതുകൾ കാലേക്കൂട്ടി നൽകുന്നതും അല്ലാഹുവിന്റെ റസൂലായ തിരുമേനിയല്ലാതെ മറ്റാരാണ്‌?! സത്യവിശ്വസികൾക്കു നബി (സ) തിരുമേനിയോടുളള കടപ്പാടെന്താണെന്നും, തിരുമേനി സത്യവിശ്വാസികളുമായി എത്രമാത്രം ബന്ധപ്പെട്ട ആളാണെന്നും മനസ്സിലാക്കുന്നതിനു ഖുർആനിൽ ധാരാളം തെളിവുകൾ കാണാം. വിശേഷിച്ചും ഈ സൂറത്തിലെ പല വചനങ്ങളും പ്രത്യേകം ശ്രദ്ധേയമാകുന്നു. ധാരാളം ഹദീസുകളും ഈ വിഷയകമായി ഉദ്ധരിക്കുവാനുണ്ട്‌. ഉദാഹരണത്തിനു മാത്രം ചിലതു ഇവിടെ സ്മരിക്കുക:

നബി (സ) പറയുന്നു: "എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവൻ തന്നെ സത്യം! നിങ്ങളിൽ ഒരാൾക്കു അവന്റെ ദേഹത്തെക്കാളും അവന്റെ ധനത്തെക്കാളും, സന്താനങ്ങളെക്കാളും, എല്ലാ മനുഷ്യരെക്കാളും കൂടുതൽ ഇഷ്ടപ്പെട്ടവൻ ഞാനായിത്തീരുന്നതുവരെ അവൻ സത്യവിശ്വാസിയാകുകയില്ല. " ഉമർ (റ) ഒരിക്കൽ തിരുമേനിയോടു പറഞ്ഞു: "എന്റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആൾ അങ്ങുന്നാകുന്നു." തിരുമേനി പറഞ്ഞു: "ഇല്ല-ഉമറേ-തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവൻ ഞാനായിരിക്കാതെ ഒക്കുകയില്ല." അദ്ദേഹത്തിനു കാര്യത്തിന്റെ ഗൗരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അല്ലാഹു തന്നെയാണ! നിശ്ചയമായും അങ്ങുന്ന്‌ എല്ലാവരെക്കാളും അധികം എനിക്കു ഇഷ്ടപ്പെട്ടവനാകുന്നു--എന്റെ സ്വന്തം ദേഹത്തെക്കാൾ പോലും!" തിരുമേനി പറഞ്ഞു:
(ഇപ്പോൾ ശരി--ഉമറേ) നബി (സ) ഒരിക്കൽ ഇപ്രകാരം പ്രസ്താവിച്ചതായി അബുഹുറൈറഃ (റ) നിവേദനം ചെയ്യുന്നു: "ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും ഞാനവനോടു മനുഷ്യര്യൽവെച്ച്‌ ഏറ്റവും ബന്ധപ്പെട്ടവനല്ലാതില്ല. വേണമെങ്കിൽ (ഇതിനു തെളിവായി)
(നബി സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാൾ ബന്ധപ്പെട്ടവനാകുന്നു) എന്ന ആയത്തു ഓതിക്കൊളളുക ആകയാൽ, ഏതെങ്കിലും ഒരു സത്യവിശ്വാസി വല്ല ധനവും വിട്ട്‌ (മരിച്ചു) പോകുന്നപക്ഷം, അവന്റെ അവകാശികൾ ആരായാലും ശരി അതവർ അനന്തരമെടുത്തുകൊളളട്ടെ. ആരെങ്കിലും കടമോ അഗതികളെ (സന്താനങ്ങൾ മുതലായ പ്രാരാബ്ധങ്ങളെ) യോ വിട്ടുപോകുന്നപക്ഷം എന്റെ അടുക്കൽ വരട്ടെ. ഞാനവന്റെ മൗലാ (ബന്ധു)യാകുന്നു." മറ്റാരു നിവേദനത്തിലെ വാചകം: 'സത്യവിശ്വാസികളിൽ ആരെങ്കിലും മരിക്കുകയും കടം ബാക്കി വെക്കുകയും ചെയ്യുന്നതായാൽ, അതു വീട്ടുന്നതു എന്റെ ബാധ്യതയാണ്‌. ധനം വിട്ടുപോയാൽ അതവന്റെ അവകാശികൾക്കുമാകുന്നു." എന്നാണ്‌. ഇസ്ലാമിനു വിജയങ്ങൾ കൈവരികയും, 'ഗനീമത്തു' സ്വത്തുക്കൾ ലഭിച്ചുകൊണ്ടിരിക്കയും ചെയ്ത അവസരത്തിലാണ്‌ തിരുമേനി ഈ പ്രഖ്യാപനം ചെയ്തത്‌. (ഈ ഹദീസുകളെല്ലാം തന്നെ ബുഖാരിയിലും മറ്റും കാണാം.)

2) നബി (സ) തിരുമേനിയുടെ പത്നിമാർ സത്യവിശ്വാസികളുടെ മാതാക്കളാകുന്നു.
() അഥവാ, മാതാക്കളെപ്പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. തിരുമേനിക്കുശേഷം അവരെ ആർക്കും വിവാഹം ചെയ്‌വാനും പാടുളളതല്ല. പക്ഷേ, പർദ്ദ ആചരിക്കുന്നതിൽ അവർ മറ്റുളള സ്ത്രീകളെപ്പോലെത്തന്നെ. 53-​‍ാം വചനം നോക്കുക. നബി (സ) യുടെ ഭാര്യമാരെ സംബന്ധിച്ച പല വിഷയങ്ങളും ഈ സൂറത്തിൽ താഴെ കാണാവുന്നതാണ്‌.

3) രക്തച്ചാർച്ചയുളള കുടുംബങ്ങൾ തമ്മിലാണ്‌ കൂടുതൽ ബന്ധമുളളത്‌. മദീനാ ഹിജ്‌റയെത്തുടർന്ന്‌ മക്കയിൽ നിന്നു ഹിജ്‌റ വന്ന സഹാബികളും, മദീനായിലെ 'അൻസാരി' കളാകുന്ന സഹാബികളും തമ്മിൽ ഒരു പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കപ്പെട്ടിരുന്നുവല്ലോ. ഹിജ്‌റയുടെയും, മതസാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്‌. ഇസ്ലാമിലെ അനന്തരാവകാശനിയമം അന്നു നടപ്പാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. പ്രസ്തുതബന്ധം അനുസരിച്ച്‌ മുഹാജിറുകൾക്കു അൻസാരികളുടെ സ്വത്തിൽ അനന്തരാവകാശംപോലും നൽകപ്പെട്ടിരുന്നു.
(രക്തബന്ധമുളളവർ പരസ്പരം കടുതൽ ബന്ധപ്പെട്ടവരാണ്‌) എന്ന വാക്യം ഇത്തരത്തിലുളള അനന്തരാവകാശ സമ്പ്രദായത്തെ നിറുത്തലാക്കുകയും സ്വത്തവകാശത്തിനുളള അർഹത കുടുംബബന്ധമാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു.
(അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ-അഥവാ നിയമപ്രകാരം) എന്ന വാക്കു ഈ നിയമത്തിനു സ്ഥിരത നൽകുകയും ചെയ്യുന്നു.
(സത്യവിശ്വാസികളിൽ നിന്നും മുഹാജിറുകളിൽ നിന്നും-അഥവാ മതവിഷയത്തിൽ സ്വരാജ്യം ത്യജിച്ചു അഭയാർത്ഥികളായി വന്നവരിൽനിന്നും-) എന്നു പറഞ്ഞതു ശ്രദ്ധേയമാണ്‌. ഹിജ്‌റയുടെയോ മതത്തിന്റെയോ പേരിലുളള മൈത്രീബന്ധം നിമിത്തം ഇനിമേലിൽ സ്വത്താവകാശമില്ലെന്ന സൊ‍ാചന ഇതിൽ കാണാം. ഒരു മുസ്ലിമിന്റെ സ്വത്തവകാശം ലഭിക്കുന്നതിനു അയാളുമായുളള കുടുംബന്ധത്തിനു പുറമെ മതവിശ്വാസത്തിലും യോജിക്കേണ്ടതുണ്ടെന്നും ഈ വാക്കിൽ നിന്നു ധ്വനിക്കുന്നു. ഇതു ഒരു ഹദീസിൽ നബി (സ) ഇങ്ങിനെ വ്യക്തമാക്കിയിട്ടുമുണ്ട്‌:
(മുസലിം കാഫിറിനെയും-അവിശ്വാസിയെയും-കാഫിർ മുസ്ലിമിനെയും അനന്തരമെടുക്കുകില്ല-(ബു; മു.)

4) രക്തബന്ധമില്ലാത്ത ബന്ധുക്കൾക്കു-അവർ സത്യവിശ്വാസികളോ, മുഹാജിറുകളോ, മറ്റുതരത്തിൽ മൈത്രിയുളളവരോ എന്ന നിലക്കു--ഓസിയ്യത്തായോ മറ്റു വിധത്തിലോ വല്ല ഉപകാരവും ചെയ്യുന്നതിനു ഈ നിയമം ഒരിക്കലും തടസ്സമാകുന്നില്ല
() അനന്തരാവകാശികളെന്ന നിലക്കു നിയമപരമായ അവകാശമൊന്നും അവർക്കില്ലെന്നു മാത്രം. നിയമപരമായി സ്വത്തവകാശത്തിനു അർഹരമായ കുടുംബാംഗങ്ങൾക്കു ഓസിയ്യത്തിന്റെ ആവശ്യം സാധാരണമായി നേരിടുന്നില്ല. അതുകൊണ്ട്‌ ഹദീസിൽ അതു വിരോധിക്കപ്പെട്ടിട്ടുമുണ്ട്‌. ഇനി വല്ല പ്രത്യേക പരിതസ്ഥിതിയിലും അവകാശികളിൽ ചിലർക്കു പ്രത്യേകം ഓസിയ്യത്തു ചെയ്യേണ്ടതുണ്ടെങ്കിൽ അതു മറ്റുളള അവകാശികളുടെ അനുമതിയോടുകൂടി ചെയ്യാവുന്നതുമാണ്‌.

5) ഇതു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട നിയമമാകുന്നു.
() അപ്പോൾ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്ന ഏവർക്കും ഈ നിയമത്തിൽ ഒരു ഭേദഗതിയും ഒരിക്കലും വരുത്തുവാൻ നിവൃത്തിയില്ല; ഖണ്ഡിതമായ നിയമമാണത്‌. 'മരുമക്കത്തായ'ക്കാരും, സാക്ഷാൽ സ്വത്തിനവകാശികളായ ആളുകൾക്കു-മുഴുവനായോ ഭാഗികമായോ-സ്വത്തു ലഭിക്കാതിരിക്കാൻ കൃത്രിമ രേഖകളോ കൈമാറലുകളോ നടത്തുന്നവരും അല്ലാഹുവിന്റെ ഈ നിയമത്തെ പ്രത്യക്ഷത്തിൽതന്നെ ലംഘിക്കുകയാണു ചെയ്യുന്നത്‌. ഇത്രയും ഊന്നിപ്പറഞ്ഞ ഈ നിയമം പുറംതളളുന്നവർ അവന്റെ കടുത്ത ശിക്ഷക്കു തികച്ചും അർഹരായിരിക്കുകതന്നെ ചെയ്യും. അല്ലാഹു രക്ഷിക്കട്ടെ. ആമീൻ.





ആയത്ത്7.8

7 പ്രവാചകന്‍മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.

8 അവന്‌ സത്യവാന്‍മാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക്‌ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.




നബിമാരിൽനിന്നും അല്ലാഹു വാങ്ങിയ ഈ ഉറപ്പിനെ-കരാറിനെ=ക്കുറിച്ചു ഇവിടെ വിശദീരിച്ചിട്ടില്ലെങ്കിലും, സൂ: ആലുഇംറാനിലും മറ്റും പ്രസ്താവിച്ചിട്ടുളളതിൽനിന്നു നമുക്കതു ഏതാണ്ടു മനസ്സിലാക്കുവാൻ കഴിയും. അല്ലാഹു പറയുന്നു.: (സാരം:
81 : നിങ്ങൾക്കു വല്ല വേദഗ്രന്ഥമോ, വിജ്ഞാനമോ ഞാൻ നൽകുകയും, പിന്നീടു നിങ്ങളുടെ വശമുളളതിനെ സത്യമായി സ്ഥാപിക്കുന്ന ഒരു റസൂൽ നിങ്ങൾക്കു വരുകയും ചെയ്യുന്നപക്ഷം, നിങ്ങൾ നിശ്ചയമായും അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്നു അല്ലാഹു നബിമാരോടു കരാറു വാങ്ങിയ സന്ദർഭം! അവൻ പറഞ്ഞു: "നിങ്ങൾ സമ്മതിക്കുകയും അതിന്റെമേൽ എന്നോടുളള ഉത്തരവാദിത്തഭാരം ഏറ്റെടുക്കുകയും ചെയ്തുവോ!" അവർ പറഞ്ഞു: "ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. (ആലുംഇംറാൻ: 81) ഏഴാം വചനത്തിൽ പ്രത്യേകം എടുത്തുപറഞ്ഞ അതേ അഞ്ചു പ്രവാചകൻമാരോടു കൽപിച്ച ഓസിയ്യത്തായിക്കൊണ്ടു സൂ: ശുറാ 13ൽ ഇങ്ങിനെ പറയുന്നു.
(നിങ്ങൾ മതത്തെ നിലനിറുത്തുവിൻ, അതിൻ ഭിന്നിക്കരുത്‌.)
അല്ലാഹു നബിമാർക്ക്‌ 'രിസാലത്താ'കുന്ന ദിവ്യദൗത്യം നൽകുന്നതുതന്നെ ഒരുതരം കരാറാണ്‌ എന്നു പറയാം, അത്‌ ശരിക്കും നിറവേറ്റാൻ അവർ ബാധ്യസ്ഥരാണല്ലോ. അതവർ നിർവ്വഹിക്കുമെന്ന്‌ ഏറ്റുപറയുമ്പോൾ ആ ബാധ്യത കൂടുതൽ ഗൗരവപ്പെടുകയും ചെയ്യുന്നു.

'പ്രവാചക?​‍ാരിൽനിന്നു കരാർ വാങ്ങി' എന്നു ആദ്യം പൊതുവിൽ പറഞ്ഞശേഷം അഞ്ചു പ്രവാചകൻമാരുടെ പേർ പ്രത്യേകം അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കയാണ്‌. അല്ലാഹുവിങ്കലും, ലോകചരിത്രത്തിലും അവർക്കുളള പ്രത്യേക പദവിയാണത്‌ കുറിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ഈ അഞ്ചു പ്രവാചകവര്യൻമാർക്കു
(ദൃഢചിത്തത്തയുളളവർ) എന്ന കീർത്തിനാമം ലഭിച്ചിരിക്കുന്നതും. നൂഹ്‌ (അ) ഇബ്‌റാഹീം (അ) മൂസാ (അ) ഈസാ(അ) എന്നീ നബിമാരുടെ പേരുകൾ അവരുടെ കാലക്രമം അനുസരിച്ചുതന്നെ അല്ലാഹു പ്രസ്താവിച്ചു. എന്നാൽ, ഏറ്റവും ഒടുവിലത്തെ പ്രവാചകവര്യനായ മുഹമ്മദു (സ) തിരുമേനിയുടെ പേരുപറഞ്ഞിട്ടില്ല. 'നിന്നിൽനിന്നും' എന്ന വാക്കിലൂടെ സംബോധനാരൂപത്തിൽ-ഒന്നാമനായിത്തന്നെ-എടുത്തുപറഞ്ഞിരിക്കുകയാണ്‌. പ്രവാചക?​‍ാരിൽ വെച്ചു നബി (സ) തിരുമേനിക്കുളള ഏറ്റവും ഉൽകൃഷ്ടപദവിയെ ഇതു സൂചിപ്പിക്കുന്നു. പ്രവാചകൻമാർ തങ്ങളുടെ കൃത്യം നിറവേറ്റുന്നതിലും, സമുദായങ്ങൾ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിലും സത്യത പാലിച്ചിട്ടുണ്ടോ എന്നു അല്ലാഹു പരിശോധിക്കുകയും, അതിനെപ്പറ്റി ഖിയാമത്തുനാളിൽ ചോദ്യംചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചും, പ്രവാചകൻമാരുടെ ദൗത്യത്തിൽ വിശ്വസിക്കാത്തവർക്കുണ്ടാകുന്ന ശിക്ഷയെക്കുറിച്ചും ഉളള താക്കീതാണ്‌ 8-​‍ാം വചനത്തിലുളളത്‌.
(യാതൊരു കൂട്ടരിലേക്കു റസൂൽ അയക്കപ്പെട്ടിരിക്കുന്നുവോ അവരോടു നിശ്ചയമായും നാം ചോദ്യംചെയ്യും. റസൂലായി അയക്കപ്പെട്ടവരോടും നിശ്ചയമായും നാംചോദ്യം ചെയ്യും. (സൂ: അഅ​‍്‌റാഫ്‌ 6.)





ആയത്ത്9

9 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.



വിഭാഗം-2

ഖാൻദഖ്‌() യുദ്ധത്തിൽ സത്യവിശ്വാസികൾക്കു അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ ഒരുനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ്‌ ഈ വചനം. മദീനായിലെ യഹൂദരും, ഖുറൈശികളടക്കമുളള പല അറബിഗോത്രങ്ങളും പരസ്പരം സഖ്യം സ്ഥാപിച്ചുകൊണ്ടും തയ്യാറാക്കിയതും, പതിനായിരത്തിലധികം വരുന്നതുമായ ഒരു വമ്പിച്ച സേനയെ മുസ്ലിംകൾ നേരിടേണ്ടിവന്ന ഒരു യുദ്ധമായിരുന്നു അത്‌. മുസ്‌ ലിംകളാകട്ടെ, മുവ്വായിരം മാത്രമായിരുന്നു. ഉഹ്ദ്‌ യുദ്ധം കഴിഞ്ഞ പിറ്റേ കൊല്ലം-ഹിജ്‌റ അഞ്ചാംകൊല്ലം-ഉണ്ടായ ഈ യുദ്ധത്തിൽ നടന്ന പല സംഭവങ്ങളെക്കുറിച്ചും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. ശത്രുസേന പല കക്ഷികൾ ചേർന്നതാക കൊണ്ടു ഈ യുദ്ധത്തിനു 'അഹ്സാബു' യുദ്ധം
() അഥവാ പല സൈന്യസംഘങ്ങളും പങ്കെടുത്ത യുദ്ധം--എന്നും, ശത്രുക്കൾ മദീനായിൽ പ്രവേശിക്കുവാൻ സാധ്യതയുളള പ്രദേശങ്ങളിൽകൂടി മുസ്ലിംകൾ വമ്പിച്ച ഒരു 'ഖാൻദഖു' (കിടങ്ങു) കുഴിച്ചിരുന്നതുകൊണ്ടു 'ഖാൻദഖു' യുദ്ധമെന്നും ഇതിനു പേർ പറയപ്പെടുന്നു. ഈ ഖാൻദഖു കുഴിക്കുന്നതിൽ മുസ്ലിംകൾ ചെയ്ത ത്യാഗങ്ങളും, നബി (സ) തിരുമേനി വിശപ്പുനിമിത്തം വയറ്റത്തു കല്ലുവെച്ചു കെട്ടിക്കൊണ്ടും മറ്റും അതിൽ വഹിച്ച പങ്കും ചരിത്രപ്രസിദ്ധമാണ്‌. യുദ്ധത്തിൽ കിടങ്ങു നിർമ്മിക്കുന്ന ഏർപ്പാടു അറബികൾക്കു അപരിചിതമായിരുന്നു. പേർഷ്യക്കാരനായിരുന്ന സൽമാൻ
() എന്ന സഹാബിയുടെ നിർദ്ദേശപ്രകാരമാണ്‌ തിരുമേനി കിടങ്ങു നിർമ്മിക്കാൻ തിരുമാനിച്ചതു.

ശത്രുക്കൾ കിടങ്ങിന്റെ മറുവശത്തായി മദീനയെ കുറെ ദിവസത്തോളം ഉപരോധം ചെയ്തുകൊണ്ടിരുന്നു. മുസ്ലിംകളാകട്ടെ-താഴെ ആയത്തുകളിൽ കാണാവുന്നതുപോലെ-പലതരത്തിലുളള കഷ്ടതകളും പരീക്ഷണങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അങ്ങിനെയിരിക്കെ, അതിശൈത്യവും, കൂരിരുട്ടും നിറഞ്ഞ ഒരു രാത്രിയിൽ അല്ലാഹു ഒരു കൊടുങ്കാറ്റു നിയോഗിച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണു നിറഞ്ഞു. തമ്പുകൾ പറന്നു പോയി. തീ കെട്ടുകളഞ്ഞു. വെപ്പുപാത്രങ്ങൾ മറിഞ്ഞുവീണു. കുതിരകൾ അലറിപ്പാഞ്ഞു. ചരൽമഴ വർഷിച്ചു. കൂട്ടനിലവിളിയായി. ചുരുക്കിപ്പറഞ്ഞാൽ ശത്രുക്കൾ അങ്ങേഅറ്റം ഭയവിഹ്വലരായി. അവരുടെ സംഘം ഛിന്നഭിന്നമായി സ്ഥലം വിട്ടു. മുസ്ലിംകൾക്കു രക്ഷ ലഭിക്കുകകയും ചെയ്തു.

'നിങ്ങൾ കാണാത്ത സൈന്യങ്ങളും'
(എന്നു പറഞ്ഞതു മലക്കുകളെക്കുറിച്ചാകുന്നു. ഈ കാറ്റിലും, അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിലും മലക്കുകൾക്കും, അവരുടെ അദൃശ്യമായ പ്രവർത്തനങ്ങൾക്കും പങ്കുണ്ടായിരുന്നുവേന്നു സാരം. 'നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു'
() എന്ന വാക്യം സത്യവിശ്വാസികൾക്കു വമ്പിച്ച ഒരു സന്തോഷവാർത്തകൂടി ഉൾക്കൊളളുന്നതാണ്‌. അവർ അനുഭവിച്ച വിഷമങ്ങളും, അവർ വരിച്ച ത്യാഗങ്ങളും അല്ലാഹു ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്‌. അതിന്‌ അവൻ തക്ക പ്രതിഫലം നൽകുകതന്നെ ചെയ്യും എന്നു സാരം. യുദ്ധത്തിന്റെ സംക്ഷിപ്ത രൂപം ആദ്യം പ്രസ്താവിച്ചശേഷം അതിലെ ചില വശങ്ങളെ താഴെ ആയത്തുകളിൽ പ്രത്യേകം എടുത്തു വിവരിക്കുന്നു:-





ആയത്ത്10.11

10 നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

11 അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.




മദീനായുടെ കിഴക്കു ഭാഗത്തുളള കുന്നിൻപ്രദേശങ്ങളിൽകൂടിയും, പടിഞ്ഞാറുഭാഗത്തുളള താഴ്‌ന്ന പ്രദേശങ്ങളിൽകൂടിയും വന്നു ശത്രുക്കൾ മദീനായെ ഉപരോധം ചെയ്തു. സർവ്വ സജ്ജീകരണങ്ങളോടുകൂടി വമ്പിച്ച ഒരു ശത്രുസൈന്യം രാജ്യത്തെ വലയം ചെയ്തിരിക്കുക, സാമ്പത്തികവിഷമവും ഭക്ഷണദൗർലഭ്യവും നിമിത്തം ജനങ്ങൾ കഷ്ടപ്പെട്ടുകൊണ്ടിരിക്കുക, പുറത്തേക്കുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുക, ആക്രമിച്ചു കടക്കുവാൻ ശത്രുസൈന്യം തക്കം പാർത്തും സംഘട്ടനങ്ങൾ നടത്തിയുംകൊണ്ടിരിക്കുക, ഇതിനെല്ലാം പുറമെ കപടവിശ്വാസികളും ദുർബ്ബലഹൃദയൻമാരുമായ ആളുകൾ ഭീതിയും ഭയാശങ്കകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക, ഇങ്ങിനെയുളള ഒരു ചുറ്റുപാടിൽ മുസ്ലിംകളുടെ പൊതുനില എന്തായിരിക്കുമെന്നു ഏറെക്കുറെ ഊഹിക്കാമല്ലോ. ഇതിന്റെ ഒരു ചിത്രീകരണമാണ്‌ ഈ വചനങ്ങളിൽ കാണുന്നത്‌. ചുരുക്കത്തിൽ, അല്ലാഹു പറഞ്ഞതുപോലെ അവർ വിറവിറച്ചു. ഇങ്ങിനെയുളള പരീക്ഷണങ്ങളിലാണല്ലോ യഥാർത്ഥ വിശ്വാസവും നാമമാത്ര വിശ്വാസവുംതമ്മിൽ തിരിച്ചറിയുവാൻ കഴിയുക. കപടവിശ്വാസികളുടെയും, ദുർബ്ബല വിശ്വാസികളുടെയും നിലപാടു ഈ അവസരത്തിൽ എന്തായിരുന്നുവേന്നും, അവർനിമിത്തം ജനങ്ങളിൽ ഉളവായ കോളിളക്കം എത്രമാത്രമായിരുന്നുവേന്നും താഴെ വചനങ്ങളിൽനിന്നു മനസ്സിലാക്കാം."




ആയത്ത്12.13

12 നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

13 യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.




സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും, ഒടുവിൽ അവർക്കാണ്‌ വിജയം കൈവരുക എന്നൊക്കെയുളള അല്ലാഹുവിന്റെ വാഗ്ദാനങ്ങളും, പേർഷ്യായും റോമായും മുസ്ലിംകൾ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുളള നബി (സ) യുടെ വാഗ്ദാനങ്ങളും നമ്മെ വഞ്ചിക്കുവാൻ വേണ്ടി മാത്രമുളളതാണ്‌; അതിലൊന്നും യാഥാർത്ഥ്യമില്ല. എന്നൊക്കെ മുനാഫിഖുകൾ പറഞ്ഞു പ്രചരിപ്പിച്ചു. ഹൃദയദൗർബ്ബല്യമാകുന്ന രോഗം പിടിപെട്ടവർ അതു ഏറ്റുപറയുകയും ചെയ്തു. ഇത്രയും വമ്പിച്ച ശത്രുസൈന്യത്തിന്റെ മുമ്പിൽ ഉറച്ചുനിൽക്കുവാനോ, അവരെ പരാജയപ്പെടുത്തി ഈ നാട്ടിൽതന്നെ വാസം തുടരുവാനോ ഈ രാജ്യക്കാർക്കു ഇനി സാധ്യമല്ല; അതുകൊണ്ട്‌ വേഗം യുദ്ധം ഉപേക്ഷിച്ചു അണികളിൽനിന്നു പിൻവാങ്ങണം എന്നിങ്ങിനെ അബ്ദുല്ലാഹിബ്നു ഉബയ്യ്‌ പോലെയുളള മുനാഫിഖു തലവൻമാർ മുസ്ലീംകളെ ഭീതിപ്പെടുത്തി. "ഞങ്ങളുടെ വീടുകൾ സുരക്ഷിതങ്ങളല്ല; അവ കെട്ടുറപ്പില്ലാത്തവയാണ്‌; ശത്രുക്കൾ നിഷ്പ്രയാസം വന്നു കൊളളയും കവർച്ചയും നടത്തിക്കളഞ്ഞേക്കും; അതുകൊണ്ടു ഞങ്ങൾക്കു അണിവിട്ട്‌ വീടുകളിലേക്കു പോകാൻ സമ്മതം തരണം". എന്ന്‌ നബി (സ) യോടപേക്ഷിച്ചുകൊണ്ട്‌ വേറൊരു വിഭാഗം ആളുകൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു. ഇത്തരക്കാരുടെ യഥാർത്ഥ നിലപാടെന്തായിരുന്നുവേന്ന്‌ അടുത്ത വചനത്തിൽ കാണാം.

മദീനായുടെ പഴയ പേരാണ്‌ 'യഥ്‌രീബു' () മദീനായുടെ ഒരു ഭാഗത്തിനു മാത്രമായിരുന്നു ആ പേരുണ്ടായിരുന്നതെന്നും ചിലർ പ്രസ്താവിച്ചുകാണുന്നു. 'നിങ്ങൾ മടങ്ങിക്കൊളളുവിൻ'
() എന്ന വാക്കിന്റെ താൽപര്യം യുദ്ധ അണികളിൽ നിന്നു പിൻവാങ്ങിക്കൊളളണമെന്നും, ഇസ്ലാമിനെ വിട്ടു പഴയപടി ശിർക്കിലേക്കു തന്നെ മടങ്ങിക്കൊളളണമെന്നും ആകാവുന്നതാണ്‌.






ആയത്ത്14.

14 അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.



ശത്രുവിഭാഗക്കാർ തങ്ങളുടെ വീടുകൾക്കിടയിൽകൂടി-അല്ലെങ്കിൽ മദീനായുടെ ഏതെങ്കിലും വശങ്ങളിൽകൂടി - നാട്ടിൽ പ്രവേശിക്കുകയും, എന്നിട്ട്‌ അവരോട്‌: കൂറുമാറിയോ, മതപരിവർത്തനം ചെയ്തോ കുഴപ്പമുണ്ടാക്കുവാനാവശ്യപ്പെടുകയും ചെയ്താൽ, ഒട്ടും താമസിയാതെ അവർ അതിനു മുതിരുന്നതാണെന്നു സാരം. ഇതായിരുന്നു അവരുടെ മനസ്ഥിതി. ഇതിൽനിന്നാണ്‌ മേൽ കണ്ടതുപോലെയുളള പ്രസ്താവനകളും ആവശ്യങ്ങളും പുറത്തുവന്നത്‌.







ആയത്ത്15.15

15 തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.



ഉഹ്ദ്‌ യുദ്ധത്തിൽ ബനൂഹാരിഥ; () ഗോത്രക്കാർ യുദ്ധക്കളം വിട്ടോടിപ്പോകുകയും, അനന്തരം ഖേദിച്ച്‌ മടങ്ങി മേലിൽ അങ്ങിനെ ചെയ്കയില്ലെന്നു കരാർ ചെയ്കയും ചെയ്തിരുന്നു. ഇവരാണ്‌ പ്രധാനമായും ഖാൻദഖ്‌ യുദ്ധത്തിൽ മേൽ പ്രസ്താവിച്ച പ്രകാരം യുദ്ധഅണികൾ വിട്ടു പിൻവാങ്ങുവാൻ അനുവാദം തേടിയിരുന്നത്‌. ബദ്ര് യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ചിലർ, അന്നു മുസ്ലിംകൾക്കു അപ്രതീക്ഷിതമായ വിജയം ലഭിച്ചുകണ്ടപ്പോൾ, മേലിൽ തങ്ങൾ എല്ലാ യുദ്ധത്തിലും ശരിക്കു പങ്കെടുക്കുമെന്നു ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇങ്ങിനെയുളളവരെക്കുറിച്ചാണ്‌ ഈ വചനത്തിൽ പ്രസ്താവിക്കുന്നത്‌. അല്ലാഹുവിനോടുളള കരാറും ഉടമ്പടിയും ശരിക്കു പാലിക്കപ്പെടാത്തപക്ഷം, അതു ചോദ്യം ചെയ്യപ്പെടുകയും, അതിനു തക്ക നടപടി എടുക്കപ്പെടുകയും ചെയ്യുന്നതാണെന്ന താക്കീതാണ്‌ അവസാനത്തെ വാക്യത്തിലുളളത്‌.







ആയത്ത്16.17

16 ( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.

17 പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.




അല്ലാഹു നിശ്ചയിച്ച കാലാവധി വിട്ടുകടന്ന്‌ മരണത്തിൽനിന്നു രക്ഷപ്പെടുവാൻ ആർക്കും സാധ്യമല്ല. ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ പേടിച്ചോടിപ്പോയതുകൊണ്ടു തൽക്കാലം രക്ഷപ്പെട്ടുവേന്ന്‌ തോന്നിയേക്കാം. എന്നാൽ തന്നെ ആ കാലാവധിവരെമാത്രമേ ഇവിടെ ജീവിക്കുവാനും സുഖിക്കുവാനും ആർക്കും സാധിക്കയുളളു.





ആയത്ത്18.19

18 നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.

19 നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.




കപടവിശ്വാസികളുടെ മറ്റു ചില സ്വാഭാവങ്ങളാണിത്‌. അവർ തങ്ങളെപ്പോലെ മറ്റുളളവരെയും യുദ്ധത്തിൽ നിന്നു പിൻതിരിപ്പിക്കുവാൻ ശ്രമിക്കുകയും, പ്രചാരണം നടത്തുകയും ചെയ്തുവന്നു. യുദ്ധത്തിൽ അവർ പങ്കെടുക്കുന്നുവേങ്കിൽതന്നെ, അതു കേവലം നാമമാത്രമായിരിക്കും. മുസ്ലിംകളെ സഹായിക്കുന്നതിലും അവരുമായി സഹകരിക്കുന്നതിലും ലവലേശം സന്നദ്ധത കാണിക്കാത്തവണ്ണം കടുത്ത പിശുക്കൻമാരാണവർ. അതേ സമയത്തു തനി ഭീരുക്കളും! യുദ്ധഭീതി വന്നുകഴിഞ്ഞാൽ അന്ധാളിച്ചു തുറിച്ചുനോക്കുകയും, മരണവേളയിലെന്നപോലെ പരിഭ്രമിച്ചു കണ്ണുരുട്ടുകയും ചെയ്യും. യുദ്ധഭീതി അവസാനിച്ചുകഴിഞ്ഞാലോ? സത്യവിശ്വാസികളുടെ നേരെ കടുത്തതും ഉരത്തതുമായ ശരവർഷങ്ങൾ നടത്തുകയായി. യുദ്ധാനന്തരം ലഭിച്ചേക്കുന്ന ('ഗനീമത്തു' മുതലായ) നേട്ടങ്ങൾ കാണുമ്പോൾ അതിനു ആർത്തിയും ദുർമ്മോഹവും പ്രകടമാക്കുകയും ചെയ്യും. ബാഹ്യത്തിൽ മുസ്ലിംകളണെങ്കിലും യഥാർത്ഥത്തിൽ അവരെ വിശ്വാസം തീണ്ടിയിട്ടില്ല എന്നതാണ്‌ ഇതിനെല്ലാം കാരണം. വിശ്വാസം കൂടാതെയുളള പ്രവർത്തനങ്ങളാകട്ടെ, അല്ലാഹുവിങ്കൽ സ്വീകാര്യവുമല്ല.

(ശഹീഹ്‌) എന്ന വാക്കിന്റെ ബഹുവചനമാണ്‌ (അശിഹ്‌-ഹത്ത) 'പിശുക്കൻമാർ, ലുബ്ധ?​‍ാർ' എന്നൊക്കെയാണ്‌ സാധാരണ അതിന്‌ അർത്ഥം പറയാറുളളത്‌. പക്ഷേ കൈവശമുളളതിൽ പിശുക്കു കാണിക്കുന്നതോടൊപ്പം മറ്റുളളവരുടെ പക്കലുളളതിൽ ദുരാഗ്രഹവുംകൂടി ഉളളവർ എന്നെത്രെ ഈ വാക്കിന്റെ താൽപര്യം. ആകയാൽ, സന്ദർഭമനുസരിച്ച്‌ 'പിശുക്കൻമാർ' എന്നും ദുർമോഹികൾ' എന്നും ഇതിനു അർത്ഥം കൽപിക്കാവുന്നതാണ്‌. ഭീരുത്വത്തിൽനിന്നു ഉടലെടുക്കുന്നതാണ്‌ ലുബ്ധത. മാന്യമല്ലാത്ത അധമമനസ്ഥിതിയിൽനിന്നാണ്‌ ദുർമോഹം ഉളവാകുന്നത്‌. അതുകൊണ്ട്‌ ഒരാളെക്കുറിച്ച്‌
അശിഹ്‌-ഹത്ത എന്നു വിശേഷിപ്പിക്കപ്പെടുമ്പോൾ അവനിൽ ഈ നാലു ദുർഗുണങ്ങളും ഏറെക്കുറെ സമ്മേളിച്ചിരിക്കുമെന്നുകരുതാം. മുനാഫിഖുകളുടെ ഭീരുത്വത്തിന്റെ കാഠിന്യം
നോക്കുക:






ആയത്ത്20

20 സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.



മറുപ്രദേശങ്ങളിൽ താമസിക്കുന്ന കൂടാരവാസികളായ അറബികൾക്കാണ്‌ 'അഅ​‍്‌റാബ്‌' എന്നു പറയുന്നത്‌. 'ബദു'ക്കൾ (1) എന്നും ഇവരെപ്പറ്റി പറയപ്പെടുന്നു. ആയത്തിന്റെ സാരം ഇപ്രകാരമാകുന്നു.

ശത്രുസംഘങ്ങൾ അവർക്കു ബാധിച്ച കൊടുങ്കാറ്റും, തണുപ്പും നിമിത്തം ചിന്നിച്ചിതറി സ്ഥലം വിട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ, കപടവിശ്വാസികൾക്കു-അവരുടെ ഭീരുത്വവും പരിഭ്രമവും നിമിത്തം-അതു വിശ്വാസമായിട്ടില്ല. ഒരുപക്ഷേ, തൽക്കാലം ഒന്നു സ്ഥലം വിട്ടിട്ടുണ്ടെങ്കിലും അവർ യുദ്ധം നിറുത്തിപ്പോയിട്ടില്ലെന്നും, ഉടനെ വീണ്ടും വന്ന്‌ യുദ്ധം തുടുരുമെന്നുമാണവരുടെ ധാരണ. ഇനി, ശത്രുക്കൾ വീണ്ടും മടങ്ങിവന്നുവേന്ന്‌ സങ്കൽപിക്കുക, അപ്പോൾ ഇവരുടെ നിലപാടെന്തായിരിക്കും? 'അയ്യോ! ഈ നാട്ടിലല്ലാതെ വല്ല വെളിപ്രദേശത്തും ബദുക്കളുടെ കൂട്ടത്തിൽ താമസിക്കുന്നവരായിരുന്നു തങ്ങളെങ്കിൽ എത്ര നന്നായേനെ! എന്നാൽ ഈ വിധത്തിലുളള ആപത്തുകളിൽ ഭാഗഭാക്കാകേണ്ടിവരുമായിരുന്നില്ലല്ലോ! മുസ്ലിംകളുടെ വർത്തമാനങ്ങളെപ്പറ്റി അവിടെ ഇരുന്നു അന്വേഷിച്ചറിഞ്ഞുകൊണ്ടിരുന്നാൽ മതിയായിരുന്നു!' ഇതായിരിക്കും അവരുടെ മോഹം. ഇനി, ശത്രുക്കളുമായി യുദ്ധം നടക്കുമ്പോൾ അവർ സത്യവിശ്വാസികളുടെ കൂട്ടത്തിലുണ്ടെന്നു വിചാരിക്കുക. എന്നാലും അതുകൊണ്ടു പ്രയോജനമുണ്ടാകുന്നതല്ല. കാരണം, മനപൂർവ്വം അതിൽ പങ്കുവഹിക്കുകയോ, ഫലപ്രദമായ വല്ലതും പ്രവർത്തിക്കുകയോ അവർ ചെയ്കയില്ലതന്നെ.






ആയത്ത്21

21 തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.



വിഭാഗം3

ഒട്ടും ഭീരുത്വമോ, പരിഭ്രമമോ കൂടാതെ, അല്ലാഹുവിന്റെ റസൂൽ യുദ്ധത്തിൽ ആദ്യന്തം പങ്കെടുത്തും, നേതൃത്വം നൽകിയുംകൊണ്ടിരുന്നു. കൊടുങ്കാറ്റും, അതിശൈത്യവും, പെരുമഴയും ഒന്നിനുമീതെ മറ്റൊന്നെന്നോണം അസഹ്യമായിരുന്ന ആ രാത്രിയിൽഅശേഷം ധൈര്യക്ഷയം ബാധിക്കാതെഅല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും, അതിനപേക്ഷിച്ചുകൊണ്ടും ഒരു ഉയർന്ന (1) സ്ഥലത്തുവെച്ചു തിരുമേനി നമസ്കാരത്തിലും പ്രാർത്ഥനയിലും മുഴുകിയിരിക്കുകയാണ്‌. ശത്രുക്കളുടെ തിരക്കും ബഹളവും കേട്ട്‌, 'അവിടെച്ചെന്നു അവരുടെ വിവരം അറിഞ്ഞുവരാൻ ആരുണ്ട്‌?' എന്നു രണ്ടുമൂന്നു പ്രാവശ്യം അവിടുന്നു വിളിച്ചുചോദിച്ചു. 11​‍ാം വചനത്തിൽ പ്രസ്താവിച്ചതുപോലെ, മുസ്ലിംകൾ വമ്പിച്ച പരീക്ഷണത്തിന്‌ വിധേയരായിരിക്കയാണല്ലോ. അസഹ്യമായ വിശപ്പും, കാഠോരമായ തണുപ്പും, മനുഷ്യസഹജമായ ഭയപ്പാടും എല്ലാവരെയും ബാധിച്ചിരിക്കുന്നു. ആരും മുന്നോട്ടു വന്നുകാണുന്നില്ല. കൂട്ടത്തിൽ ഹുദൈഫത്തുബ്നുൽ യമാനി (റ) യും ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചു തിരുമേനി ചോദിച്ചു: "ഹുദൈഫാ! ഞാനീ പറയുന്നതു താങ്കൾ കേട്ടിട്ടില്ലേ?!" അദ്ദേഹം പറഞ്ഞു: "തിരുമേനി! ആപത്തും അതിശൈത്യവും അങ്ങേക്കു മറുപടി നൽകുവാൻ എന്നെ സമ്മതിക്കാതിരുന്നതാണ്‌."
() ശത്രുക്കളുടെ വിവരം ഗോ‍ൂഢമായി അറിഞ്ഞുവരുവാൻ തിരുമേനി അദ്ദേഹത്തെ ഏൽപിച്ചു. അദ്ദേഹത്തിനു രക്ഷക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തിരുമേനി പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു. താമസിയാതെ ജിബ്‌രീൽ (അ) വന്ന്‌ വിജയത്തിന്റെ സന്തോഷവാർത്ത നബി(സ)യെ അറിയിച്ചു. തിരുമേനി അല്ലാഹുവിനു നന്ദി പ്രകടപ്പിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു:
(നന്ദി! എനിക്കും എന്റെ സഹാബികൾക്കും നീ കരുണ ചെയ്തതിന്നു നന്ദി!!) ഹുദൈഫഃ (റ) മടങ്ങിവന്ന്‌ ശത്രുസൈന്യങ്ങളുടെ സ്ഥിതിഗതികൾ വിവരിച്ചു കൊടുക്കുകയും ചെയ്തു.

9 മുതൽ 11 കൂടിയ ആയത്തുകളിൽ മുസ്ലിംകളെപ്പറ്റി മൊത്തത്തിലായിരുന്നു പ്രതിപാദിച്ചിരുന്നത്‌. 12 മുതൽ 20 കൂടിയ വചനങ്ങളിൽ കപടവിശ്വാസികളെയും, ദുർബ്ബല ഹൃദയൻമാരെയും കുറിച്ചായിരുന്നു സംസാരം. പരീക്ഷണഘട്ടങ്ങൾ നേരിടുമ്പോഴാണല്ലോ ഈ രണ്ടു തരക്കാരുടെയും യഥാർത്ഥ നിലപാടുകൾ പ്രത്യക്ഷമായിക്കാണുക. ഖാൻദഖു യുദ്ധത്തിൽ അതു അതിന്റെ സാക്ഷാൽ രൂപത്തിൽ തന്നെ അവരിൽ പ്രകടമാകുകയും ചെയ്തു. ഇതേ അവസരത്തിൽ, യഥാർത്ഥ വിശ്വാസികളും ദൃഢമനസ്കരുമായ സത്യവിശ്വാസികളുടെ നിലപാടെന്തായിരുന്നു? പരീക്ഷണഘട്ടങ്ങളേയും, ആപൽസന്ധികളെയും അവരെങ്ങിനെ തരണംചെയ്തു? എന്നിങ്ങിനെയുളള വിവരങ്ങൾ 22, 23 എന്നീ ആയത്തുകളിൽ പ്രസ്താവിക്കുന്നുമുണ്ട്‌. ഇടക്കുവെച്ച്‌ ഈ (21-​‍ാം) വചനത്തിൽ, മൗലികപ്രധാനമായ ഒരു വിഷയം--കപടവിശ്വാസികളും ദുർബ്ബലവിശ്വാസികളും ഇത്രയും അധമാവസ്ഥയിൽ പതിക്കുവാനും, സത്യവിശ്വാസികളും ദൃഢമനസ്കരുമായ ആളുകൾ താഴെ പറയുംപ്രകാരം അങ്ങേഅറ്റം പ്രശംസനീയരും മാതൃകാപുരുഷൻമാരുമായി പുരോഗമിക്കുവാനുമുളള അടിസ്ഥാനകാരണം--ചൂണ്ടിക്കാട്ടുകയാണ്‌. റസൂൽ (സ) തിരുമേനിയുടെ മാതൃക സ്വീകരിക്കാത്തത്താണ്‌ എല്ലാ പരാജയത്തിന്റെയും അധഃപതനത്തിന്റെയും കാരണം; അവിടുത്തെ മാതൃക സ്വീകരിക്കുന്നതാണ്‌ എല്ലാ വിജയത്തിന്റെയും ഉന്നമനത്തിന്റെയും നിദാനം; പക്ഷേ, അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ബോധവും ഭയപ്പാടും ഉണ്ടായിരിക്കുകയും, അല്ലാഹുവിന്റെ സ്മരണ ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരേ ആ മാതൃക അനുസരിക്കുവാൻ തയ്യാറാവുകയുളളു: അവർക്കുമാത്രമേ അതു പ്രയോജനപ്പെടുകയുമുളളു എന്നു സാരം. 'നിങ്ങൾക്കു അല്ലാഹുവിന്റെ റസൂലിൽ മാതൃകയുണ്ടായിട്ടുണ്ട്‌' എന്നു ആദ്യം പൊതുവിൽ പറഞ്ഞശേഷം, 'അതായതു, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവർക്ക്‌' എന്നു പ്രത്യേകം ഉണർത്തിയിരിക്കുന്നതു വളരെ ശ്രദ്ധേയമാകുന്നു. ഖാൻദഖു യുദ്ധത്തിലെ പരീക്ഷണഘട്ടങ്ങളിൽ സത്യവിശ്വാസികൾ സ്വീകരിച്ച നിലപാടു അല്ലാഹു വിവരിക്കുന്നതു നോക്കുക:





ആയത്ത്22

22 സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.



സത്യവിശ്വാസികൾ പല പരീക്ഷണങ്ങൾക്കും വിധേയരായേക്കും; ഒടുവിൽ വിജയം അവർക്കുതന്നെയായിരിക്കും എന്നിങ്ങിനെ അല്ലാഹുവും, അവന്റെ റസൂലും ചെയ്തിട്ടുളള വാഗ്ദാനങ്ങളാണ്‌ ഇവിടെ ഉദ്ദേശ്യം. (1) ശത്രുക്കൾ അതിശക്തിയോടെ വന്നു വലയം ചെയ്യുന്നതു കണ്ടപ്പോൾ സത്യവിശ്വാസികൾക്കു പ്രസ്തുത വാഗ്ദാനങ്ങൾ ഓർമ്മവരുകയും, അതവരുടെ വിശ്വാസവും അനുസരണസന്നദ്ധതയും വർദ്ധിപ്പിക്കുകയും ചെയ്തു. പൂർവ്വാധികം ധീരതയും ആവേശവും ഉളവാക്കി.




ആയത്ത്23

23 സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത്‌ ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക്‌ ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.



ഇസ്ലാമിന്നുവേണ്ടി ദേഹവും ധനവും ബലിയർപ്പിക്കുവാൻ പ്രതിജ്ഞാബദ്ധരാണല്ലോ സത്യവിശ്വാസികൾ-ഈ പ്രതിജ്ഞ തികച്ചും നിറവേറ്റി ധർമ്മയുദ്ധത്തിൽ രക്ഷസാക്ഷി
കളായി മരണമടഞ്ഞവരെ ഉദ്ദേശിച്ചാണ്‌ (നേർച്ച നിറവേറ്റിയവർ) എന്നു പറഞ്ഞത്‌. ഒരാൾ തനിക്കു ചെയ്‌വാനുളളതെല്ലാം ചെയ്തുതീർത്തു. അഥവാ അയാൾ മരണപ്പെട്ടു--എന്ന ഉദ്ദേശ്യത്തിൽ ഈ വാക്യം അറബിഭാഷയിൽ ഉപയോഗിക്കപ്പെടാറുളളതാണ്‌. രക്തസാക്ഷിയായി വീരമരണം പ്രാപിക്കുവാൻ ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം അതിനു തക്കം പാർത്തും സന്നദ്ധരായിക്കൊണ്ടും ഇരിക്കുന്നവരെ ഉദ്ദേശിച്ചാണ്‌.
(അവസരം പാർത്തു കൊണ്ടിരിക്കുന്നവർ) എന്നു പറഞ്ഞത്‌. ഹംസ(റ), മുസ്വ്‌അബ്‌ (റ) മുതലായ പല മഹാൻമാരും ഒന്നാമത്തെ വിഭാഗത്തിലും, ഉസ്മാൻ (റ), തൽഹഃ (റ) മുതലായ പല മഹാൻമാരും രണ്ടാമത്തെവിഭാഗത്തിലും ഉൾപ്പെട്ടവരാകുന്നു. നബി(സ) ഒന്നിച്ച്‌ യുദ്ധം നടത്തേണ്ടുന്ന അവസരം നേരിട്ടാൽ മരണം വരെ സധീരം പോരാടുമെന്നു പലപ്പോഴും പല സഹാബികളും വ്യക്തമായ ഭാഷയിൽ നബി (സ) യോടു ഉടമ്പടി ചെയ്തിട്ടുളളതു ചരിത്രപ്രസിദ്ധമാണല്ലോ.

അനസ്‌ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "എന്റെ പിതൃവ്യൻ അനസുബ്നു നൾവ്ര്
ബദ്ര് യുദ്ധത്തിൽ ഉണ്ടായിരുന്നില്ല. അതു അദ്ദേഹത്തിനു അസ്വാസ്ഥ്യമായിത്തോന്നി. അദ്ദേഹം പറഞ്ഞു: "റസൂൽ (സ) തിരുമേനി ഒന്നാമതായി സംബന്ധിച്ച യുദ്ധത്തിൽ ഞാൻ പങ്കെടുത്തില്ലല്ലോ! ഇനി, തിരുമേനിയൊന്നിച്ചു അല്ലാഹു എനിക്കൊരു രംഗം കാട്ടിത്തന്നാൽ തീർച്ചയായും ഞാൻ പ്രവർത്തിക്കുന്നതു (ധീരമായി സമരം ചെയ്യുന്നതു) അല്ലാഹുവിനു കാണുമാറാകും". അങ്ങനെ, അദ്ദേഹം ഉഹ്ദു യുദ്ധത്തിൽ സംബന്ധിച്ചു. മുസ്ലിം സൈന്യം പൈന്തിരിഞ്ഞോടുമ്പോൾ അദ്ദേഹം മുന്നോട്ടു കുതിച്ചു. അപ്പോൾ സഅദുബ്നു മുആദ്‌
അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി: "താങ്കൾ എങ്ങോട്ടാണ്‌?" അദ്ദേഹം മറുപടി പറഞ്ഞതിങ്ങിനെയാണ്‌:
(ഹാ! സ്വർഗ്ഗത്തിന്റെ പരിമളം! ഉഹ്ദ്‌ മലയുടെ ഇപ്പുറത്തുനിന്നു അതാ കിട്ടിക്കൊണ്ടിരിക്കുന്നു!) അങ്ങനെ, അദ്ദേഹം കൊല്ലപ്പെടുന്നതുവരെ യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടും, കുത്തും, മറ്റുമായി എൺപതിൽപരം പരുക്കുകൾ പറ്റിയിട്ടുണ്ടായിരുന്നു.
എന്ന ഈ വചനം (ഇത്തരം സന്ദർഭങ്ങളെ സൂചിപ്പിച്ചുകൊണ്ടു) അവതരിക്കുകയും ചെയ്തു". (മ;: അ; തീ; ന.)

അഹ്സാബു യുദ്ധത്തിലേതുപോലുളള പരീക്ഷണഘട്ടങ്ങൾ അല്ലാഹു ഏർപ്പെടുത്തുന്നതിന്റെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു അടുത്ത വചനം കാട്ടിത്തരുന്നു:-





ആയത്ത്24


24 സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


കപടവിശ്വാസികൾ തങ്ങളുടെ നിലയിൽ മാറ്റമൊന്നും വരുത്താത്തപക്ഷം അല്ലാഹു അവരെ ശിക്ഷിക്കും. അവർ പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അതു സ്വീകരിക്കുകയും അവർക്കു പൊറുത്തുകൊടുക്കുകയും ചെയ്യും. മറ്റൊരു തരത്തിൽ പറഞ്ഞാൽ-സൂ: ആലുഇംറാനിൽ പ്രസ്താവച്ചതുപോലെ-നല്ലവരെയും, ചീത്തയായവരെയും വേർതിരിച്ചുകാട്ടുകയാണ്‌ പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. അല്ലാഹു പറയുന്നു:
സാരം: നിങ്ങൾ നിലകൊളളുന്ന ഈ അവസ്ഥയിൽ-നല്ലതിൽനിന്നു ചീത്തയായതിനെ വേർതിരിക്കാതെ-സത്യവിശ്വാസികളെ അല്ലാഹു വിട്ടുകളയുവാൻ തയ്യാറില്ല. അദൃശ്യകാര്യത്തെക്കുറിച്ച്‌ നിങ്ങൾക്കു കാട്ടിത്തരുവാനും അവൻ തയ്യാറില്ല. (ആലൂഇംറാൻ)

സത്യവിശ്വാസികൾ, കപടവിശ്വാസികൾ, വിശ്വാശദൗർബല്യമുളളവർ എന്നിവരെ സംബന്ധിച്ചു പലതും പ്രസ്താവിച്ച ശേഷം ശത്രുപക്ഷക്കാരായ അവിശ്വാസികളെസംബന്ധിച്ചുംമറ്റും അടുത്ത വചനങ്ങളിൽ പ്രതിപാദിക്കുന്നു:





ആയത്ത്25

25 സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.



ഇസ്ലാമിനെയും, മുസ്ലിംകളെയും ഈ പ്രാവശ്യം അടിയോടെ നിഷ്കാസനം ചെയ്യുമെന്ന ചങ്കൂറ്റത്തോടും, തികച്ചും ശുഭപ്രതീക്ഷയോടും കൂടിയാണ്‌ സഖ്യസൈന്യങ്ങൾ മദീനായെ ഉപരോധം ചെയ്തത്‌. പക്ഷെ ഫലം നേരെമറിച്ചാണ്‌ സംഭവിച്ചതു. കുപിതരും, രോഷാകുലരുമായിക്കൊണ്ട്‌ ദാരുണാംമാംവണ്ണം അവർ യുദ്ധക്കളം വിട്ടോടേണ്ടിവന്നു. മുസ്ലീംകൾക്കാകട്ടെ-കുറെ പരീക്ഷണഘട്ടങ്ങളക്കു ശേഷമെങ്കിലും-ഒരു പോരാട്ടമോ പൊതു സംഘട്ടനമോ ആവശ്യമായി വരാതെ യുദ്ധം വളരെ ശുഭകരമായി പര്യവസാനിക്കുകയും ചെയ്തു. അതെ, 9-​‍ാം വചനത്തിൽ പ്രസ്താവിച്ചതുപോലെ, അല്ലാഹു കൊടുങ്കാറ്റും, കാണപ്പെടാത്ത സൈന്യങ്ങളെ (മലക്കുകളെ) യും നിയോഗിച്ചതുവഴി മുസ്ലിംകൾക്കു യുദ്ധാവശ്യം നിറവേറ്റിക്കൊടുത്തു.

വിജയാനന്തരം അല്ലാഹുവിന്റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച്‌ വിനയത്തോടും, കൃതജ്ഞതയോടും കൂടി നബി (സ) പറഞ്ഞ വാക്യങ്ങൾ നോക്കുക: വിഷമഘട്ടങ്ങളിലും വിജയഘട്ടങ്ങളിലും, ഓരോ മുസ്ലിമിനും അതിൽ പാഠവും, മനസ്സമാധാനത്തിനു വകയും കാണാം. തിരുമേനി ഇപ്രകാരം പറഞ്ഞു:

(സാരം: അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവൻ ഏകനത്രെ. അവൻ തന്റെ വാഗ്ദാനം സത്യമായി പാലിച്ചു അവന്റെ അടിയാനെ സഹായിക്കയും ചെയ്തു. അവന്റെ സൈന്യത്തിനു പ്രതാപം നൽകുകയും ശത്രുകക്ഷികളെ അവൻ ഒറ്റയ്ക്കുതന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവനുശേഷം മറ്റൊന്നില്ലതന്നെ. (ബു. മു.)

ഖാൻദഖ്‌ യുദ്ധം കഴിഞ്ഞശേഷം, മുസ്ലിംകളുടെനേരെ ഇങ്ങിനെ ഒരു യുദ്ധത്തിനൊരുങ്ങുവാൻ ഖുറൈശികൾ പിന്നീട്‌ ധൈര്യപ്പെടുകയുണ്ടായിട്ടില്ല എന്നാത്‌ സ്മരണീയമാണ്‌ നബി (സ) പ്രസ്താവിച്ചതായി സുലൈമാനുബ്നു സ്വുറദ്‌
() പറയുന്നു:
(ഇനി, നാം അവരോടു പടയെടുക്കേണ്ടിയിരിക്കുന്നു; അവർ നമ്മോടു പടയെടുത്തുവരികയില്ല: നാം അങ്ങോട്ടു പോകേണ്ടിയിരിക്കും. (ബു.) ഖുറൈശികളും, ഇതരവംശക്കാരുമായ ശത്രുവിഭാഗത്തെപ്പറ്റി പൊതുവിൽ പ്രസ്താവിച്ചശേഷം അതിലുണ്ടായിരുന്ന യഹൂടികളെക്കുറിച്ച്‌ അടുത്ത വചനങ്ങളിൽ പ്രത്യേകം എടുത്തുപറയുന്നു:-





ആയത്ത്26.27

26 വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.

27 അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.




സഖ്യകക്ഷികളെ സഹായിച്ചുകൊണ്ടിരുന്ന 'ബനൂഖുറൈളഃ
() ഗോത്രക്കാരായ യഹൂധികൾ നബി (സ) യുമായി സമാധാനസഖ്യം ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സഹോദര ഗോത്രമായ ബനൂനൾവീറി ന്റെ
() പ്രേരണയനുസരിച്ചാണ്‌ അവർ സഖ്യം ലംഘിച്ചതു. അറബിഗോത്രങ്ങൾ ഏകോപിച്ചു നടത്തുന്ന ഈ മഹായുദ്ധം വഴി മുഹമ്മദിനെയും കൂട്ടരെയും നാമാവശേഷമാക്കാമെന്നും, അതിനു ഇതിനെക്കാൾ നല്ല ഒരവസരം ലഭിക്കാനില്ലെന്നും നൾവീറിന്റെ തലവനായ ഹുയയ്യ്‌
() സമർത്ഥിച്ചു. ഖുറൈളഃയുടെ നേതാവായ കഅ​‍്ബ്‌ ആദ്യം വിസമ്മതിക്കുകയും ഈ സന്ധിലംഘനത്തിന്റെ ഫലം എന്നെന്നേക്കുമുളള അപമാനമായിത്തീർന്നേക്കാമെന്നു പറയുകയും ചെയ്തു. എങ്കിലും, ഒടുക്കം ഹുയ്യയ്യിന്റെ വലയിൽ കഅ​‍്ബും അകപ്പെടുകയാണുണ്ടായത്‌.

ഖാൻദഖ്‌ യുദ്ധം ശുഭകരമായി പര്യവസാനിച്ച ഉടനെത്തന്നെ ഖുറൈളയുടെ നേരെ പോയിക്കൊളളുവാൻ നബി (സ)ക്ക്‌ വഹ്‌യ്‌ കിട്ടി. അൽപമാത്രം നാഴിക ദൂരമേ മദീനക്കും ഖുറൈളക്കും ഇടയിലുളളു. 'ബനൂഖുറൈളയിൽ വെച്ചല്ലാതെ ആരും അസർ നമസ്കരിക്കരുത്‌!' എന്നു നബി (സ) പ്രഖ്യാപനം ചെയ്തു. വഴിമദ്ധ്യേ അസറിന്റെ സമയം വന്നു. സഹാബികളിൽ ചിലർ വഴിക്കുവെച്ചുതന്നെ നമസ്കാരം നടത്തി. മറ്റുചിലർ അവിടെ എത്തിയശേഷമേ നമസ്കരിച്ചുളളു. രണ്ടുകൂട്ടരെയും തിരുമേനി ആക്ഷേപിക്കുകയുണ്ടായില്ല. (ആദ്യത്തേവർ ആ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യവും തത്വവും പരിഗണിച്ചു. രണ്ടാമത്തേവർ അക്ഷരംപ്രതി അതനുസരിക്കുകയും ചെയ്തു. രണ്ടു കൂട്ടരുടേയും ഉദ്ദേശശുദ്ധിയിൽ സംശയിക്കുവാനില്ലല്ലോ.)

നബി (സ) യും സഹാബികളും ഖുറൈളയിൽ എത്തിയപ്പോഴേക്കും യഹൂടികൾ ഭയപ്പെട്ട്‌ കോട്ടകളിൽ അഭയം പ്രാപിച്ചു. ഇരുപത്തഞ്ച്‌ ദിവസത്തോളം മുസ്ലിംകൾ കോട്ടകളെ ഉപരോധം ചെയ്തു. യഹൂടികൾ അങ്ങേഅറ്റം വിഷമിച്ചു. ഒടുക്കം നബി (സ) യുടെ തീരുമാനം നിരുപാധികം അനുസരിച്ചുകൊളളാമെന്ന നിശ്ചയത്തിൻമേൽ അവർ കോട്ടകളിൽനിന്നു പുറത്തുവന്നു. സഅ​‍്ദുബ്നുമുആദ്‌
() ചെയ്യുന്ന തീരുമാനം സ്വീകരിക്കാമെന്നും, അദ്ദേഹത്തെ തങ്ങളുടെ മദ്ധ്യസ്ഥനാക്കാമെന്നും അവർ അറിയിച്ചു. ഖുറൈളയുമായി സഖ്യമുണ്ടായിരുന്ന ഔസു ഗോത്രത്തിലെ നേതാവായിരുന്നു സഅ​‍്ദ്‌ (റ). അതുകൊണ്ടാണ്‌ അവർ അദ്ദേഹത്തെ മദ്ധ്യസ്ഥനാക്കുവാൻ തയ്യാറായത്‌. തിരുമേനിയും ഇതു സമ്മതിച്ചു. ഖാൻദഖ്‌ യുദ്ധത്തിൽവെച്ച്‌ അമ്പു പറ്റുക നിമിത്തം അദ്ദേഹം മദീനാപളളിയിൽ ശുശ്രൂഷയിലിരിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം സന്ധിലംഘനവും, ചതിയും നടത്തി. ശത്രുതയുടെയും വിശ്വാസവഞ്ചനയുടെയും പാരമ്പര്യം പുലർത്തിവന്ന അവരുടെ കാര്യത്തിൽ, അവർ സ്വയം തിരഞ്ഞെടുത്ത മദ്ധ്യസ്ഥനായ സഅ​‍്ദ്‌ (റ) തീരുമാനം ചെയ്തതു ഇപ്രകാരമായിരുന്നു: 'യുദ്ധപ്രായമായവരെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ചിറപിടിക്കുക, സ്വത്തുക്കൾ മുസ്ലിംകൾക്കധീനമാക്കുക.' ഇവരിൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിധി ഇതുതന്നെയാണെന്നു നബി (സ) മുആദ്‌ (റ) നോടു പറയുകയുണ്ടായി. ഈ വിധി നടപ്പാക്കപ്പെടുകയും ചെയ്തു. തങ്ങൾ സ്വയം തന്നെ തങ്ങളുടെമേൽ വരുത്തിവച്ച ഈ വിധിക്കു വഴങ്ങുവാൻ യഹൂടികൾ സന്നദ്ധരായതിൽനിന്ന്‌ അവരുടെ ഹൃദയങ്ങളിൽ അല്ലാഹു ഇട്ടുകൊടുത്ത ഭീതി എത്രമാത്രമായിരുന്നുവേന്നു ഊഹിക്കാം.

നിങ്ങൾ കാലെടുത്തു ചവിട്ടിയിട്ടില്ലാത്ത ഭൂമിയും () എന്നു പറഞ്ഞതു, പിന്നീടു മുസ്ലീംകൾക്ക്‌ ഖൈബർ അധീനമായതിനെ ഉദ്ദേശിച്ചാണെന്നും, അതല്ല അനന്തരം ജയിക്കപ്പെട്ട മറ്റു പ്രദേശങ്ങളെ ഉദ്ദേശിച്ചുളള വാഗ്ദാനമാണെന്നും ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചുകാണുന്നു. ഇമാം ഇബ്നുജരീർ (റ) ചൂണ്ടികാണിച്ചതുപോലെ ഇതു രണ്ടും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതിനും വിരോധമില്ല.

അഹ്സാബ്‌ യുദ്ധത്തിനുശേഷം ഖുറൈളഃയുടെയും നൾവീറിന്റെയും സ്വത്തുക്കൾ മുസ്ലിംകൾക്കധീനമായല്ലോ. ഇതുവഴി നബി (സ) തിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു ധരിച്ചുകൊണ്ടു അവിടുത്തെ പത്നിമാർ തിരുമേനിയുടെ അടുക്കൽ ചെന്നു ഇങ്ങിനെ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, റോമായിലെ കൈസറിന്റെയും, പേർഷ്യായിലെ കോസ്രുവിന്റെയും പെൺമക്കൾക്കു ആഭരണങ്ങൾ, വസ്ത്രങ്ങൾ, വേലക്കാർ, ഭൃത്യൻമാർ എന്നിവയെല്ലാമുണ്ട്‌. ഞങ്ങളുടെ ഇല്ലായ്മയും, വല്ലായ്മയും അങ്ങേക്കറിയാമല്ലോ!" ഇതു തിരുമേനിയുടെ ഹൃദയത്തിനു അധികമായ വേദനയുണ്ടാക്കി. ഇതിനെത്തുടർന്നു അവരോടു ഇപ്രകാരം പറയുവാൻ അല്ലാഹു നബി (സ) യോടു കൽപിക്കുന്നു:-






ആയത്ത്28.29

28 നബിയേ, നിന്‍റെ ഭാര്യമാരോട്‌ നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക്‌ ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച്‌ അയച്ചുതരികയും ചെയ്യാം

29 അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.




വിഭാഗം-4

വിവാഹമോചനം() നടത്തുമ്പോൾ ഭാര്യക്കു-ഒരു മനസ്സമാധാനവും, തൽക്കാലാശ്വാസവും എന്ന നിലക്കു-ഒരു പാരിതോഷികം കൊടുക്കേണ്ടതുണ്ട്‌. ഇതിന്നാണ്‌ 'മുത്ത്‌ അത്ത്‌'
() എന്നു പറയുന്നത്‌. (കൂടുതൽ വിവരം 49-​‍ാം വചനത്തിന്റെ വിവരണത്തിൽ കാണാം.) ഐഹികസുഖമാണു തങ്ങളുടെ ലക്ഷ്യമെങ്കിൽ തങ്ങളെ വളരെ നല്ല നിലയിൽ വിവാഹമോചനം നൽകി വിട്ടയച്ചുതരാം; അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതിയും പരലോകസൗഖ്യവുമാണ്‌ തങ്ങളുടെ ലക്ഷ്യമെങ്കിൽ തങ്ങൾ സമർപ്പിച്ച ആവശ്യങ്ങൾ അതിന്‌ അനുയോജ്യമായതല്ല; ഐഹികമായ ആഡംബരമോഹവും പാരത്രികഗുണങ്ങളുംകൂടി സമ്മേളിക്കുവാൻ നിവൃത്തിയില്ല. പക്ഷേ, ഇവിടെ വെച്ചു നൻമയും പുണ്യവും ചെയ്യുന്നവർക്കു-നബി(സ)യുടെ ഭാര്യമാർ എന്ന നിലക്കു വിശേഷിച്ചും--വമ്പിച്ച പ്രതിഫലങ്ങൾ അല്ലാഹുവിങ്കൽ ലഭിക്കുവാനിരിക്കുന്നുമുണ്ടു; അതുകൊണ്ട്‌ ഈ രണ്ടിൽ ഏതാണ്‌ തങ്ങൾ ഇഷ്ടപ്പെടുന്നതെന്നു തീർച്ചപ്പെടുത്തണം എന്നത്രെ ഈ വചനങ്ങളുടെ താൽപര്യം. ആകയാൽ ഈ വചനങ്ങൾക്കു
(അഭിപ്രായത്തിനു വിട്ടുകൊടുക്കുന്ന ആയത്ത്‌) എന്നു പറയപ്പെടുന്നു. ചോദ്യത്തിലടങ്ങിയ ഗൗരവം മനസ്സിലാക്കുവാൻ യഥാർത്ഥ സത്യവിശ്വാസികൾക്കു പ്രയാസമുണ്ടാവുകയില്ലല്ലോ.

ഒമ്പതു പേരാണ്‌ ഈ അവസരത്തിൽ നബി (സ)യുടെ പത്നിമാരായി ഉണ്ടായിരുന്നത്‌; ഖുറൈശീഗോത്രത്തിൽപെട്ട ആയിശാ, ഹഫ്സ്വ, ഉമ്മുഹബീബ, സൗദ, ഉമ്മുസലമ എന്നിവരും, അസദ്‌ വംശക്കാരിയായ സൈനബ്‌, ഹിലാൽ ഗോത്രക്കാരിയായ മൈമൂന, നൾവീർ വംശത്തിൽപെട്ട സ്വഫിയ്യ, മുസ്വ്ത്തലഖ്‌ ഗോത്രക്കാരിയായ ജുവൈരിയ്യ എന്നിവരും
ആയിരുന്നു അവർ. (1) ഈ വചനം കേൾക്കേണ്ട താമസം: അവരെല്ലാം വരും ഏകസ്വരത്തിൽ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും, പരലോകത്തെയും തന്നെ തിരഞ്ഞെടുത്തു.

മുസ്ലിം (റ), അഹ്മദ്‌ (റ) മുതലായവർ ജാബിർ (റ) വഴി നിവേദനം ചെയ്തിട്ടുളള ഒരു ഹദീസിന്റെ സാരം അറിയുന്നതു സന്ദർഭോചിതമാണ്‌. അദ്ദേഹം പറയുന്നു: അബൂബക്കർ (റ) നബി (സ)യുടെ വാതിൽക്കൽ വന്നു പ്രവേശനത്തിനു അനുമതി ചോദിച്ചു. വാതിൽക്കൽ കുറെ ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീടു ഉമറും (റ) വന്നു സമ്മതം തേടി. ആദ്യം സമ്മതം ലഭിച്ചില്ല. കുറെ കഴിഞ്ഞശേഷം രണ്ടുപേർക്കും അകത്തു കടക്കുവാൻ അനുമതി കിട്ടി. തിരുമേനി മൗനമായിരിക്കയായിരുന്നു. ഭാര്യമാർ ചുറ്റുപുറവും കൂടിയിട്ടുമുണ്ട്‌. ഉമർ (റ) പറഞ്ഞു: "ഞാൻ നബി (സ) യോടു സംസാരിക്കും-അവിടുന്ന്‌ ചിരിച്ചേക്കാം!" അദ്ദേഹം നബിയോടു: "അല്ലാഹുവിന്റെ റസൂലേ, സൈദിന്റെ മകൾ (എന്റെ ഭാര്യ) അൽപം മുമ്പ്‌ എന്നോടു ചിലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോൾ ഞാനവളുടെ കഴുത്തിനു കൊടുത്ത ഇടി അങ്ങുന്നു കണ്ടിരുന്നുവേങ്കിൽ!" ഇതു കേട്ടപ്പോൾ തിരുമേനി അവിടുത്തെ അണപ്പല്ലുകൾ കാണപ്പെടുമാറ്‌ ചിരിച്ചുപോയി! തിരുമേനി തുടർന്നു പറഞ്ഞു: "ഇവരിതാ ചിലവിനുളള വക ചോദിച്ചുകൊണ്ടു എന്റെ ചുറ്റുപാടും വന്നു കൂടിയിരിക്കുന്നു!" അപ്പോൾ അബൂബക്കർ (റ) ആയിശാ (റ) യുടെയും, ഉമർ (റ) ഹഫ്സ്വയുടെയും നേരെ തിരിഞ്ഞു അവരെ അടിക്കുവാൻ ശ്രമിക്കുകയും 'റസൂൽ (സ) തിരുമേനിയുടെ കൈവശം ഇല്ലാത്തതിനു ആവശ്യപ്പെടുകയാണോ നിങ്ങൾ?' എന്നു അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസരത്തിൽ നബി (സ) യുടെ ഭാര്യമാർ, തിരുമേനിയുടെ പക്കൽ ഇല്ലാത്തതു ഇനിമേലിൽ ഞങ്ങൾ ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞു. പിന്നീടു ആയത്തു അവതരിച്ചു. ആദ്യമായി തിരുമേനി ആയിശാ (റ) യോടു, 'ഞാൻ നിന്നോടൊരു കാര്യം പറയുന്നു; നിന്റെ മാതാപിതാക്കളോടു ആലോചന ചെയ്യാതെ ബദ്ധപ്പെട്ട്‌ അതിനു മറുപടി പറയരുത്‌' എന്നു ഉണർത്തിക്കൊണ്ട്‌......
...... എന്നു (തുടങ്ങുന്ന ഈ വചനം) ഓതിക്കേൾപ്പിച്ചു. ആയിശാ (റ) ഉടനെ മറുപടി നൽകി: 'അവിടുത്തെ കാര്യത്തിലാണോ ഞാൻ മാതാപിതാക്കളോടു ആലോചന നടത്തുന്നത്‌?! ഞാനിതാ അല്ലാഹുവിനെയും, റസൂലിനെയും തിരഞ്ഞെടുത്തിരിക്കുന്നു. മറ്റുളള ഭാര്യമാരോട്‌ ഈ വിവരം (ഞാൻ പറഞ്ഞതു) അറിയിക്കരുത്‌ എന്നു ഞാൻ അങ്ങയോടപേക്ഷിക്കയും ചെയ്യുന്നു.' തിരുമേനി പറഞ്ഞു: "അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപകനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌. നീ എന്തു തിരഞ്ഞെടുത്തുവേന്ന്‌ എന്നോടു ആർ ചോദച്ചാലും ഞാനതു പറയാതിരിക്കയില്ല.'

വിശ്വാസം, ഭയഭക്തി, നബി (സ) യോടുളള സ്നേഹബഹുമാനം ആദിയായവയിലെല്ലാംതന്നെ, നബി (സ) യുടെ പത്നിമാർ മറ്റു സ്ത്രീകളെ അപേക്ഷിച്ചു എത്രയോ ഉയർന്ന പടിയിലാണെന്നു പറയേണ്ടതില്ല. മറ്റു സ്ത്രീകൾക്കില്ലാത്ത ഉന്നതപദവികൾ അല്ലാഹു അവർക്കു നൽകിയിട്ടുമുണ്ട്‌. ഈ അദ്ധ്യായത്തിൽതന്നെ ഇതിനു പല തെളിവുകളും കാണാം. അവർ സത്യവിശ്വാസികളുടെ മാതാക്കളും സമുദായത്തിന്റെ മാതൃകാവനിതകളുമാണ്‌. നബി (സ) അവരുടെ ഭർത്താവും, തങ്ങൾ അവിടുത്തെ ഭാര്യമാരുമെന്ന നിലക്ക്‌-മനുഷ്യസഹജവും സ്ത്രീസഹജവുമായ നിലയിൽ-ഇത്തരം ചില പെരുമാറ്റങ്ങൾ ചിലപ്പോൾ പ്രകടമായേക്കുന്നതിൽ അൽഭുതപ്പെടുവാനില്ല. അതേസമയത്തു ഇങ്ങിനെയുളള സന്ദർഭങ്ങളിൽ സമുദായം മാതൃകയാക്കി സ്വീകരിക്കേണ്ടതും, എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ പല പാഠങ്ങളും അവർ മുസ്ലിം സമുദായത്തിന്‌ നൽകുകയും ചെയ്യുന്നു. എത്രയോ ഇസ്ലാമിക നിയമങ്ങൾക്കും, ഉപദേശങ്ങൾക്കും ഇത്തരം സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നു ഖുർആനും നബിചര്യയും പരിശോധിക്കുന്നവർക്കറിയാം. ഇവയിൽ പ്രധാനമായ ചിലതെല്ലാം ഈ സൂറത്തിൽ കാണാവുന്നതുമാകുന്നു. നബി (സ) യുടെ പത്നിമാരെ സംബോധന ചെയ്തുകൊണ്ട്‌ അല്ലാഹു പറയുന്നു:-






ആയത്ത്30.

30 പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.



പ്രത്യക്ഷത്തിൽതന്നെ ചീത്തയായി ഗണിക്കപ്പെടുന്ന എല്ലാ തെറ്റുകുറ്റങ്ങളും
(വ്യക്തമായ ചീത്തവൃത്തി)യിൽ ഉൾപ്പെടുന്നു. നബി (സ)യെ വെറുപ്പിക്കൽ, മഹാപാപങ്ങൾ മുതലായവയെല്ലാം ഇതിനു ഉദാഹരണങ്ങളാകുന്നു. അടുത്ത വചനങ്ങളിൽനിന്നു ഗ്രഹിക്കാവുന്നതുപോലെ, വഹ്‌യിന്റെ കേന്ദ്രത്തിൽ ജീവിച്ചുവരുന്ന അവർ ഇതരസ്ത്രീകളെക്കാൾ പലനിലക്കും ഉന്നത പദവിയുളളവരാണ്‌. എന്നിരിക്കെ, മറ്റാരെപ്പോലെയും തെറ്റുകുറ്റങ്ങൾ വരാതിരിക്കുവാൻ പ്രത്യേകം ബാധ്യസ്ഥരായിരിക്കുകയും ചെയ്യുമല്ലോ അവർ. അല്ലാഹു അവരോടു ഈ താക്കീതു നൽകുവാനുളള കാരണം അതാണ്‌. കൂടുതൽ അറിവും പദവിയും ഉളളവർ അല്ലാഹുവിന്റെ ശിക്ഷയെ കൂടുതൽ ഭയപ്പെടേണ്ടതുണ്ടെന്നു ഇതിൽനിന്നു നമുക്കു മനസ്സിലാക്കാം.

വ്യഭിചാരത്തെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടു (ചീത്തവൃത്തി) എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്‌. ഇവിടെയും അതാണ്‌ ഉദ്ദേശ്യമെന്നത്രെ ചില മഹാൻമാരുടെ അഭിപ്രായം. പക്ഷേ, തിരുമേനിയുടെ പത്നിമാരിൽ നിന്നു ആ മഹാപാപം സംഭവിച്ചേക്കാൻ ഇടയുണ്ടെന്ന നിഗമനത്തിലല്ല ഈ താക്കീത്‌. ശിർക്കിനെ നിഷ്കാസനം ചെയ്‌ വാനായി നിയോഗിക്കപ്പെട്ട റസൂൽ (സ) തിരുമേനിയോടു: 'നീ ശിർക്കു ചെയ്താൽ നിശ്ചയമായും നിന്റെ കർമ്മം നിഷ്ഫലമാകുകതന്നെ ചെയ്യും'
() എന്നും മറ്റും അല്ലാഹു താക്കീതു ചെയ്തിരിക്കുന്നുവല്ലോ. അതുപോലെ, കാര്യത്തിന്റെ ഗൗരവം മറ്റുളളവരെ ഓർമ്മിപ്പിക്കുകയാണ്‌ ഇത്തരം താക്കീതുകളുടെ പ്രധാന ലക്ഷ്യം. ആയത്തിന്റെ അവസാന വാചകം നോക്കുക. എത്ര മഹാൻമാരായാലും ശരി, കുറ്റം ചെയ്തവർക്കു തക്ക ശിക്ഷ കൊടുക്കുന്നതിൽ അല്ലാഹുവിനു യാതൊരു മടിയും പക്ഷഭേദവുമില്ല; സത്യത്തിനും നീതിക്കും മുമ്പിൽ എല്ലാവരും അവന്റെ അടുക്കൽ സമൻമാരാണ്‌ എന്ന്‌ ആ വാക്യം ജനങ്ങളെ ഓർമ്മിപ്പിക്കുകയാണ്‌.





ആയത്ത്31

31 നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.



ജുസ്‌ഉ​‍്‌-22

ദുർവൃത്തികൾ ചെയ്യുന്നപക്ഷം സാധാരണക്കാരെ അപേക്ഷിച്ച്‌ നബി (സ) യുടെ പത്നിമാർക്കു കൂടുതൽ ശിക്ഷയുണ്ടായിരിക്കുമെന്നപോലെത്തന്നെ, ഭക്തിയോടും അച്ചടക്കത്തോടും കൂടി ഇരിക്കുകയും, സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം അവർക്കു കൂടുതൽ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ആഢംബരജീവിതവും ഐഹികസുഖസൗകര്യങ്ങളും ത്യജിച്ചുകൊണ്ടു നബി (സ) തിരുമേനിയൊന്നിച്ചു ക്ഷമാപൂർവ്വം ജീവിക്കുന്നതിനുപകരം പരലോകത്തുവെച്ച്‌ മാന്യമായ ഉപജീവനം അല്ലാഹു അവർക്കു തയ്യാറാക്കി വെച്ചിരിക്കുന്നുവേന്നു സന്തോഷവാർത്തയും അറിയിക്കുന്നു.






ആയത്ത്32

32 പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.



(നിങ്ങൾ ഭയഭക്തി-അഥവാ സൂക്ഷ്മത-പാലിക്കുന്നപക്ഷം) എന്ന വാക്ക്‌ അതിന്റെ മുമ്പുളളവാക്യത്തോടു ചേർന്നതായും, അതിന്റെ പിന്നിലുളള വാചകത്തോടു ചേർന്നതായും വരാവുന്നതാണ്‌. മുൻ വാചകത്തോടു ബന്ധപ്പെട്ടതാണെന്നുവെക്കുമ്പോൾ വാചകത്തിന്റെ സാരം ഇപ്രകാരമായിരിക്കും: 'നിങ്ങൾ ഭയഭക്തിയുളളവരാണെങ്കിൽ, നിങ്ങൾ മറ്റേതു സ്ത്രീകളെപ്പോലെയുമായിരിക്കയില്ല--എല്ലാവരെക്കാളും ഉപരിയായ ഒരു സ്ഥാനം നിങ്ങൾക്കുണ്ട്‌. ആകയാൽ നിങ്ങൾ വാക്കിൽ താഴ്മ കാണിക്കരുത്‌.........' പിന്നീടുളള വാചകത്തോടു ബന്ധപ്പെട്ടതാണ്‌ ആ വാക്കെന്ന്‌ വെക്കുമ്പോൾ ഇങ്ങിനെ സാരം വരും: 'നിങ്ങൾ മറ്റേതൊരു സ്ത്രീയെപ്പോലെയുമല്ല. നിങ്ങൾ ശരിക്കു സൂക്ഷ്മത പാലിക്കുകയാണെങ്കിൽ വാക്കിൽ താഴ്മ കാണിക്കരുത്‌......' ഈ രണ്ടു വിധത്തിലും ഇവിടെ അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്‌. ഓരോന്നിനും ചില ന്യായവശങ്ങളുമുണ്ട്‌. ഇവിടെ അതു വിസ്തരിച്ചു ദീർഘിപ്പിക്കേണ്ടതില്ല. ഏതായാലും മനുഷ്യന്റെ ശ്രേഷ്ടതയുടെയും, യോഗ്യതയുടെയും സാക്ഷാൽ മാനദണ്ഡം അല്ലാഹുവിന്റെ അടുക്കൽ 'തഖ്‌വാ' (ഭയഭക്തിയാകുന്ന സൂക്ഷ്മത) തന്നെ,
(നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽവെച്ചു ഏറ്റവും തഖ്‌വ യുളളവനാണ്‌) എന്നതുപോലെയുളള ഖുർആൻ വാക്യങ്ങളിൽനിന്നു അതു സ്പഷ്ടമാണ്‌. തഖ്‌വായോടൊപ്പം മറ്റുതരത്തിലുളള വല്ല യോഗ്യതകളും ഉണ്ടെങ്കിൽ അതും പരിഗണിക്കപ്പെടുമെന്നുമാത്രം.
(ജാഹിലിയ്യാ കാലത്തു ഉത്തമ?​‍ാരായുളളവർ ഇസ്ലാമിലും ഉത്തമൻമാരാണ്‌-അവർ കാര്യം ഗ്രഹിച്ചിട്ടുണ്ടെങ്കിൽ) (മു.) എന്ന ഹദീസിൽനിന്നും മറ്റും ഇതു മനസ്സിലാക്കാം.

അന്യപുരുഷ?​‍ാരുമായി സംസാരിക്കുമ്പോൾ നബി (സ) യുടെ ഭാര്യമാർ അനുവർത്തിക്കേണ്ടുന്ന ഒരു നയമാണ്‌ ആയത്തിന്റെ അവസാനത്തെ ഭാഗം ചൂണ്ടിക്കാട്ടുന്നത്‌. സംസാരത്തിൽ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്‌; അതേസമയത്ത്‌ മര്യാദയോടും സദാചാരനിഷ്ഠയോടുകൂടിയായിരിക്കയും വേണമെന്നത്രെ അത്‌. ജനങ്ങളിൽ കപട വിശ്വാസികളും, സദാചാരമര്യാദകളിൽ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും. മാത്രമല്ല, നബി(സ)യുടെ പത്നിമാരെക്കുറിച്ചു വല്ല ആരോപണങ്ങൾക്കും അവസരം ലഭിക്കുവാനാഗ്രഹിക്കുന്ന ചില കുബുദ്ധികളും അന്നു മദീനായിലുണ്ടായിരുന്നു. ആയിശാ (റ) യുടെ പേരിൽ അവർ നിർമ്മച്ചുണ്ടാക്കിയ അപരാധം പ്രസിദ്ധമാണല്ലോ. സ്ത്രീകൾ അന്യപുരുഷൻമാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാർദ്ദവത്തോടും കൂടിയാകുമ്പോൾ അതിനു ഒരു പ്രത്യേക ആകർഷകത്വമുണ്ടാകുക സ്വാഭാവികമാണ്‌. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകർഷകമായെന്നുവരും. ശ്രോതാവു ദുർബ്ബലഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കിൽ അവൻ ആ സംസാരംമൂലം അനാവശ്യമായ വിചാരവികാരങ്ങൾക്കു വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികൾക്കു ഇടയാക്കരുതെന്നാണ്‌ ഈ കൽപനയുടെ ഉദ്ദേശ്യം. ഈ സൂറത്തിൽ നബി (സ) യുടെ പത്നിമാരെ അഭിമുഖീകരിച്ച്‌ പ്രസ്താവിച്ചിട്ടുളള മിക്ക വിധികളും മുസ്ലിം സ്ത്രീകൾക്കെല്ലാംതന്നെ ബാധകമായതാണെന്നു ഓർക്കേണ്ടതാകുന്നു.






ആയത്ത്33

33 നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.



ശരീരത്തിൽ മറക്കേണ്ടുന്ന ഭാഗം മുഴുവൻ മറക്കാതിരിക്കുക, ശരീരഭാഗങ്ങൾ പുറമെ കാണത്തക്ക ലോലമോ നേർത്തതോ ആയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരുഷൻമാരെ ആകർഷിക്കുമാറുളള വേഷം അണിയുക, വശ്യമായ നിലയിലുളള സൗന്ദര്യസാമഗ്രികൾ ഉപയോഗിക്കുക മുതലായതെല്ലാം സൗന്ദര്യ പ്രദർശനത്തിൽ
() ഉൾപ്പെടുന്നു. ഇസ്ലാമിനു മുമ്പുളള അജ്ഞാനകാലത്തിനും, അന്നു നടപ്പിലുണ്ടായിരുന്ന ദുരാചാരങ്ങൾക്കും പറയപ്പെടുന്നവാക്കാണ്‌ 'ജാഹിലിയ്യത്ത്‌'
() 'മാലിന്യം' () എന്നു പറഞ്ഞതിൽ സ്ഥാനമാണങ്ങൾക്കു ക്ഷതം ബാധിക്കുന്ന കാര്യങ്ങളും, പാപങ്ങളും ഉൾപ്പെടുന്നു.

ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുളള വേഷസംവിധാനങ്ങളും, സൗന്ദര്യപ്രകടനങ്ങളും, പുരുഷസമ്പർക്കങ്ങളും നബി (സ)യുടെ പത്നിമാരായ നിങ്ങൾക്കു ഒരിക്കലും യോജിച്ചതല്ല; അതെല്ലാം നിങ്ങൾ വർജ്ജിക്കണം; നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയിരുന്ന്‌ നിങ്ങളുടെ അന്തസ്സും മാന്യതയും പാലിക്കണം. എന്നൊക്കെയാണ്‌ അല്ലാഹു അവരെ ഉപദേശിക്കുന്നത്‌. അച്ചടക്കസംബന്ധമായ നിർദ്ദേശങ്ങളെത്തുടർന്നുകൊണ്ട്‌ നമസ്കാരത്തെപ്പറ്റിയും സകാത്തിനെപ്പറ്റിയും ഓർമ്മിപ്പിക്കുന്നു. അവസാനം ഇതിനെല്ലാം നിദാനമായി നിലകൊളളുന്ന ഒരു കാര്യം--അതെ, എല്ലാ വിഷയത്തിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നു-കൽപിക്കുന്നു. ഇത്രയും വ്യക്തമായും ശക്തമായും ഉപദേശിക്കുന്നതു യാതൊരു വിധത്തിലും നിങ്ങളെ വിഷമിപ്പിക്കുവാൻവേണ്ടിയല്ല; നേരെമറിച്ച്‌ പ്രവാചകന്റെ വീട്ടുകാരായ നിങ്ങൾ എല്ലാ നിലക്കും മറ്റേതു സ്ത്രീകളേക്കാളും പരിശുദ്ധരും, നിർമ്മലരുമായിരിക്കേണ്ടതുണ്ട്‌; അതിനുവേണ്ടിമാത്രമാണ്‌ എന്ന്‌ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.

നബി (സ) പ്രസ്താവിച്ചതായി ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്‌:-
(സാരം: നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്‌. അവൾ അവളുടെ വീട്ടിൽ നിന്നു പുറത്തിറങ്ങിയാൽ പിശാച്ചു അവളെ വെളിക്കു വരുത്താൻ ശ്രമിക്കും. അവളുടെ റബ്ബിന്റെ കാരുണ്യത്തോടു അവൾ കൂടുതൽ അടുത്തവളായിരിക്കുക അവൾ അവളുടെ വീട്ടിനുളളിലായിരിക്കുമ്പോഴാണ്‌.) (തി; ബസ്സാർ)

സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണമെന്നു പറഞ്ഞതുകൊണ്ടു അവൾ ഒരിക്കലും, ഒരു കാര്യത്തിനും പുറത്തിറങ്ങിക്കൂടാ എന്നുദ്ദേശ്യമില്ല. നബി (സ) യുടെ കാലത്ത്‌ സ്ത്രീകൾ പളളിയിൽ നമസ്കാരത്തിനും ജുമുഅക്കും പോയിരുന്നതും, യുദ്ധയാത്രകളിൽ പുരുഷൻമാരെ അനുഗമിച്ചിരുന്നതും മറ്റും പ്രസിദ്ധമാണ്‌. സ്ത്രീകൾ പളളിയിൽ പോകുന്നതു തടയരുതെന്നും പെരുന്നാളിന്റെ പ്രാർത്ഥനായോഗത്തിൽ അവരെ പങ്കെടുപ്പിക്കണമെന്നുമുളള നബിവചനങ്ങളും പ്രസ്താവ്യമത്രെ. ചുരുക്കത്തിൽ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോടുകൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷൻമാരുമായി സമ്പർക്കത്തിന്നിടയാകുന്ന രംഗങ്ങളിൽ പങ്കെടുക്കുക, ഇതൊക്കെയാണ്‌ വിലക്കപ്പെട്ടിരിക്കുന്നത്‌.

'വീട്ടുകാരേ' () എന്നു സംബോധന ചെയ്തതു നബി (സ)യുടെ വീട്ടുകാരെ ഉദ്ദേശിച്ചാണല്ലോ. നബി (സ) യുടെ പത്നിമാരെല്ലാവരും അതിൽ ഉൾപ്പെടുമെന്നു വ്യക്തമാണ്‌. തിരുമേനിയുമായി അടുത്ത കുടുംബബന്ധമുളളവരും, അവിടുത്തോടൊന്നിച്ച്‌ താമസിച്ചു വരുന്നവരുമായ ആളുകളും 'വീട്ടുകാരിൽ ('അഹ്ലുൽബൈത്തി'ൽ) ഉൾപ്പെടും. തിരുമേനി ഒരിക്കൽ, പ്രിയപുത്രിയായ ഫാത്തിമഃ(റ), അവരുടെ മക്കളായ ഹസൻ (റ) ഹുസൈൻ (റ), ഭർത്താവായ അലി (റ) എന്നിവരെയെല്ലാം ചേർത്തുകൊണ്ട്‌ 'എന്റെ വീട്ടുകാർ'
() എന്നു പ്രസ്താവിച്ചതു അതുകൊണ്ടാകുന്നു. മേൽ വചനങ്ങളിൽ പലേടത്തും നബി (സ) യുടെ പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ടു ഉപയോഗിച്ച സാമാന്യനാമം
() സ്ത്രീലിംഗം () ആയിരുന്നു. അതേസമയത്തു ഇവിടെ 'അഹ്ലുൽബൈ'ത്തിനെ സംബോധന ചെയതുകൊണ്ട്‌ ഉപയോഗിച്ച സർവ്വനാമം പുല്ലിംഗം
() ആകുന്നുവേന്നതു ശ്രദ്ധേയമാണ്‌. ഈ വാക്കിനെക്കുറിച്ചും, ഇതിന്റെപേരിൽ ഉണ്ടായിട്ടുളള പല തെറ്റിദ്ധാരണകളെക്കുറിച്ചും സൂ: ശൂറാ 23-ന്റെ വിവരണത്തിൽ കൂടുതൽ വിവരം കാണാം.

നബി (സ) യുടെ പത്നിമാരോടു വീട്ടിൽ അടങ്ങിയിരിക്കുവാനും മറ്റും ഉപദേശിച്ചശേഷം, അവർ വീട്ടിൽ വെച്ചു നിത്യേന ശ്രദ്ധ പതിക്കേണ്ടതുളളതും, ഇതരവീടുകളിൽവെച്ച്‌ ലഭിക്കാറില്ലാത്തതുമായ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു:-





ആയത്ത്34

34 നിങ്ങളുടെ വീടുകളില്‍ വെച്ച്‌ ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.



ഖുർആൻവചനങ്ങളും, അല്ലാത്തവയുമായ ദൈവിക സന്ദേശങ്ങൾ (വഹ്‌യുകൾ) നബി (സ) ക്കു സാധാരണ ലഭിച്ചുകൊണ്ടിരിക്കും. നബി (സ) അപ്പപ്പോൾ അവ പ്രബോധനം ചെയ്യുകയും, മറ്റുളളവർക്കു പറഞ്ഞുകൊടുക്കുകയും ചെയ്യും. തിരുമേനിയുടെ തിരുവായിൽനിന്നു നിത്യേന പുറത്തുവരുന്ന വിജ്ഞാനമൊഴികൾ ഇതിനു പുറമെയും, ഇതെല്ലാം മിക്കപ്പോഴും അവിടുത്തെ വാസസ്ഥലങ്ങളിൽ വെച്ചാണല്ലോ സംഭവിക്കുന്നത്‌. അവ കാണുവാനും, കേൾക്കുവാനും, ഗ്രഹിക്കുവാനും, മറ്റുളളവർക്കു പഠിപ്പിക്കുവാനും നബി (സ) യുടെ പത്നിമാരെക്കാളധികം മറ്റാർക്കാണ്‌ ഭാഗ്യം ലഭിക്കുക?! ഇക്കാര്യം പ്രത്യേകം ഓർമ്മിക്കണമെന്നത്രെ ഈ വചനം അവരെ ഉണർത്തുന്നത്‌. സത്യവിശ്വാസികളുടെ മാതാക്കളും, മാതൃകാവനിതകളുമായ അവർ അതിനു കൂടുതൽ ബാധ്യതയുളളവരുമാണല്ലോ. ഹൃദയത്തിൽ വക്രതയോ രോഗമോ ഉളള ചില മുസ്ലിംനാമധാരികളും, ഇസ്ലാമിന്റെ വിരോധികളും എന്തുതന്നെ പറഞ്ഞാലുംശരി, ഈ ബാധ്യത മുസ്ലിംകളുടെ മാതാക്കളായ അവർ തികച്ചും നിറവേറ്റുകയുണ്ടായിട്ടുണ്ടെന്നതിൽ നമുക്ക്‌ സംശയമില്ല.

വിശുദ്ധ ഖുർആനുപുറമെ, ജനങ്ങളിൽ പ്രബോധനം ചെയ്യേണ്ടുന്ന വേറെ ദൈവിക സന്ദേശങ്ങളൊന്നും നബി (സ) ക്കു ലഭിക്കുകയുണ്ടായിട്ടില്ല--അഥവാ 'രിസാലത്തിന്റെ വഹ്‌യാ'
() കുന്ന ദിവ്യസന്ദേശം ഖുർആൻ മാത്രമാണുളളത്‌--എന്നും, ഖുർആനല്ലാതെ നബി (സ) ക്കു സിദ്ധിച്ചിട്ടുളള എല്ലാ വഹ്‌യുകളും കേവലം 'ഇൽഹാം' (അന്തർബോധം) വഴിമാത്രം ലഭിച്ചതാണ്‌--അഥവാ മലക്കുമുഖേന ലഭിച്ച വഹ്‌യു ഖുർആൻ മാത്രമേയുളളു-എന്നും, 'ഇൽഹാം' വഴി ലഭിക്കുന്ന വഹ്‌യുകളിൽ തെറ്റായതും, ശരിയായതും ഉണ്ടാവാമെന്നും, അവയൊന്നുംതന്നെ തിരുമേനിയുടെ ദൗത്യസന്ദേശങ്ങളിൽ ഉൾപ്പെടുന്നവയല്ലെന്നും മറ്റും ഇപ്പോൾ ചില പുത്തൻവാദങ്ങൾ കേൾക്കുവാൻ തുടങ്ങിയിട്ടുണ്ട്‌. (1) ഇതു തികച്ചും തെറ്റായ വാദമാണെന്നു ഈ ആയത്തിൽനിന്നും മറ്റുപല ആയത്തുകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്‌.

നബി(സ) യുടെ വീട്ടിൽവെച്ചു ജനങ്ങളെ കേൾപ്പിക്കുന്നതു അല്ലാഹുവിന്റെ ആയത്തുകൾ മാത്രമല്ല. വിജ്ഞാനമാകുന്ന 'ഹിക്ക്മത്തും' അവരെ കേൾപ്പിക്കേണ്ടതായുണ്ട്‌.
(അല്ലാഹുവിന്റെ 'ആയത്തു'കളിൽ നിന്നും 'ഹിക്ക്മത്തി'ൽ നിന്നും നിങ്ങളുടെ വീടുകളിൽ പാരായണം ചെയ്യപ്പെടുന്നതു) എന്നാണല്ലോ അല്ലാഹു പറഞ്ഞത്‌. സൂ: നിസാഉ​‍്‌ 113ൽ, നബി (സ) യോടു:
(അല്ലാഹു നിനക്കു കിത്താബും ഹിക്ക്മത്തും ഇറക്കിത്തന്നിരിക്കുന്നു) എന്നും, സൂ: ബഖറഃ 231 ൽ, സത്യവിശ്വാസികളോടു:
(.......വേദഗ്രന്ഥത്തിൽനിന്നും, ഹിക്ക്മത്തിൽനിന്നും നിങ്ങൾക്കു അവൻ-അല്ലാഹു-ഇറക്കിത്തന്നിട്ടുളളതും ഓർക്കുവിൻ. അതുമുഖേന അവൻ നിങ്ങൾക്കു സദുപദേശം നൽകുന്നു.) എന്നും പറയുന്നു. അപ്പോൾ, (1) പാരായണത്തിലും, സദുപദേശത്തിലും അല്ലാഹുവിന്റെ ആയത്തുകൾക്കുപുറമെ 'ഹിക്ക്മത്തി'നും പങ്കുണ്ടെന്നും, (2) നബി (സ) തിരുമേനിക്കു വേദഗ്രന്ഥം-ഖുർആൻ-മാത്രമല്ല, അതിനുപുറമെ 'ഹിക്മത്തും' അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നും (3) സത്യവിശ്വാസികൾ വേദഗ്രന്ഥത്തിനു പുറമെ 'ഹിക്ക്മത്തും' സ്വീകരിക്കേണ്ടതുണ്ടെന്നും സ്പഷ്ടമാണല്ലോ. ഇനി, ഖുർആനാകുന്ന വേദഗ്രന്ഥമേ, ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളുമാകുന്ന ആയത്തുകളോ അല്ലാത്ത മറ്റു വല്ലതും നബി (സ) ജനങ്ങളിൽ പ്രബോധനം ചെയ്യേണ്ടതുണ്ടോ എന്നാണ്‌ നമുക്ക്‌ അറിയാനുളളത്‌.

സൂ:മാഇദ: 71ൽ
(ഹേ, റസൂലേ, നിന്റെ റബ്ബിങ്കൽനിന്ന്‌ നിനക്കു ഇറക്കപ്പെട്ടതിനെ നീ എത്തിച്ച-പ്രബോധനം ചെയ്തു-കൊടുക്കുക. നീ അതു ചെയ്തില്ലെങ്കിൽ നീ അവന്റെ 'രിസാലത്ത്‌'-ദൗത്യം-എത്തിച്ചുകൊടുത്തിട്ടില്ല.) എന്ന്‌ അല്ലാഹു പറയുന്നു. നബി (സ)ക്ക്‌ ഇറക്കപ്പെട്ടതിൽ വേദഗ്രന്ഥം ഒറ്റക്കല്ല ഉളളതെന്നും, ഹിക്ക്മത്തും കൂടി ഉണ്ടെന്നും നാം കണ്ടുവല്ലോ. എന്നിരിക്കെ, ഖുർആനും, ഹിക്ക്മത്തും പ്രബോധനം ചെയ്തെങ്കിലേ തിരുമേനിയുടെ രിസാലത്താകുന്ന ദൗത്യനിർവ്വഹണം പൂർത്തിയാകുകയുളളുവേന്നും ഈ ആയത്തിൽനിന്ന്‌ വ്യക്തമാണ്‌.

സൂ: ജുമുഅഃയിലെ ഒരു ആയത്തിൽ നബി (സ) യുടെ കർത്തവ്യങ്ങക്ക്രിച്ച്‌ അല്ലാഹു പറഞ്ഞതു നോക്കുക: ...
(അവർക്കു തന്റെ-അല്ലാഹുവിന്റെ-ആയത്തുകൾ ഓതിക്കൊടുക്കുകയും, അവർക്കു സംസ്കാരം - ആത്മപരിശുദ്ധി-ഉണ്ടാക്കുകയും, അവർക്കു വേദഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ അവരിൽനിന്നു അവൻ നിയോഗിച്ചു) വേദഗ്രന്ഥത്തെപ്പോലെത്തന്നെ നബി (സ) ഹിക്ക്മത്തും പഠിപ്പിക്കേണ്ടതുണ്ടെന്നു ഈ വചനം കൂടുതൽ സ്പഷ്ടമാക്കുന്നു. 'ഹിക്ക്മത്ത്‌' എന്നാൽ 'വിജ്ഞാനം, യുക്തി, തത്വജ്ഞാനം' എന്നൊക്കെയാണ്‌ വാക്കർത്ഥം. നബി (സ)യിൽ നിന്നു ഖുർആനു പുറമെ ലഭിക്കുന്ന എല്ലാ ജ്ഞാനങ്ങളും ഹിക്ക്മത്തിൽ ഉൾപ്പെടുന്നു. തിരുമേനിയുടെ ചര്യകളും വചനങ്ങളുമാകുന്ന സുന്നത്താണ്‌ അതുകൊണ്ട്‌ വിവക്ഷ.

വിഭാഗം-5

നബി (സ) യുടെ പത്നിമാരെസ്സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, മൊത്തത്തിൽ എല്ല# സ്ത്രീ പുരുഷൻമാരെയും സംബന്ധിച്ചാണ്‌ അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നത്‌. ഇതുവരെയുളള വചനങ്ങൾ കേൾക്കുമ്പോൾ, നബി (സ) യുടെ പത്നിമാരല്ലാത്ത സ്ത്രീകൾക്കു തങ്ങളെപ്പറ്റിയും ഖുർആനിൽ പ്രസ്താവിച്ചു കാണുവാൻ ആഗ്രഹമുണ്ടാകുമല്ലോ. മാത്രമല്ല, ഖുർആന്റെ പല പ്രസ്താവനകളും പ്രത്യക്ഷത്തിൽ പുരുഷൻമാരെ അഭിമുഖീകരിച്ചായിരിക്കും കാണുക. ആ നിലക്കും മുസ്ലിം സ്ത്രീകൾക്കു അങ്ങിനെ ആഗ്രഹം തോന്നുവാൻ ഇടയുണ്ട്‌. ചില സ്ത്രീകൾ ഇതിനെപ്പറ്റി നബി (സ) യോടു ചോദിക്കുകതന്നെ ചെയ്തിരുന്നു. 'അൻസാരി'ക്കാരിയായ ഉമ്മുഇമാറ
() യും നബി (സ) യുടെ പത്നി ഉമ്മുസലമ
യും നബി (സ)യോടു ഇതിനെപ്പറ്റി ചോദിക്കുകയുണ്ടായെന്നും, അനന്തരം താഴെ കാണുന്ന വചനം അവതരിച്ചുവേന്നും ഹദീസുകളിൽ കാണാം. (2) അല്ലാഹു പറയുന്നു:






ആയത്ത്35

35 ( അല്ലാഹുവിന്‌ ) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.



മേൽ പ്രസ്താവിച്ച സൽഗുണങ്ങളുളള ആളുകൾ ആരാവട്ടെ--പുരുഷനായാലും സ്ത്രീയായാലും ശരി--അവർക്കു അല്ലാഹു പൊറുത്തുകൊടുക്കുകയും വമ്പിച്ച പ്രതിഫലങ്ങൾ നൽകുകയും ചെയ്യും. പിന്നീടു നൽകുമെന്നുമാത്രമല്ല., അതു ഇപ്പോൾതന്നെ തയ്യാറാക്കിവെച്ചുകഴിഞ്ഞിരിക്കുകയാണെന്നുകൂടി അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു. അല്ലാഹുവിനെ സദാ ഓർക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചു ചിന്തിക്കുകയും, അതിനെത്തുടർന്നു തങ്ങളുടെ നൻമക്കുവേണ്ടി ഹൃദയംഗമായ പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ബുദ്ധിമാ?​‍ാരെക്കുറിച്ചു അല്ലാഹു പറയുന്നു:
195 : (അപ്പോൾ അവരുടെ റബ്ബ്‌ അവർക്കു മറുപടി നൽകുതാണ്‌: ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളിൽനിന്നു കർമ്മം ചെയ്ത ഒരാളുടെ കർമ്മവും ഞാൻ പാഴാക്കുകയില്ല എന്നും (ആലുഇംറാൻ: 195)

ഇസ്ലാമിനെ പ്രാവർത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പ്പെട്ട്‌ അനുസരണം കാണിക്കുന്നവൻ എന്നത്രെ 'മുസ്ലിം'
() എന്ന വാക്കിന്റെ വിവക്ഷ. മനപൂർവ്വം സത്യവിശ്വാസം സ്വീകരിച്ചവൻ എന്നാണ്‌ 'മുഅ​‍്മിൻ' എന്ന വാക്കിന്റെ താൽപര്യം. ചിലപ്പോൾ ഈ വാക്കുകൾ (ഇസ്ലാം-ഈമാൻ എന്നിവയും, മുസ്ലിം-മുഅ​‍്മിൻ എന്നിവയും) ഒരേ ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട്‌. ഇസ്ലാമില്ലാത്ത ഈമാൻകൊണ്ടു പ്രയോജനമില്ല; ഈമാനില്ലാത്ത ഇസ്ലാംകൊണ്ടും പ്രയോജനമില്ല. അഥവാ ശരിയായ ഈമാനുണ്ടെങ്കിൽ ഇസ്ലാം ഉണ്ടാകാതിരിക്കുവാൻ നിവൃത്തിയില്ല. യഥാർത്ഥ മുസ്ലിം മുഅ​‍്മിനല്ലാതാകുവാനും തരമില്ല. ഇതാണതിനു കാരണം. ചുരുക്കത്തിൽ രണ്ടു വാക്കിന്റെയും സാക്ഷാൽ വിവക്ഷ വ്യത്യസ്തങ്ങളാണെങ്കിലും, പ്രായോഗികമായി നോക്കുമ്പോൾ അവ പരസ്പരം വേറിട്ടു നിൽക്കുവാൻ നിർവ്വാഹമില്ലാത്തത്താകുന്നു. യഥാർത്ഥത്തിലുളള ഈമാൻ ഹൃദയത്തിൽ സ്ഥലം പിടിക്കാതെ ബാഹ്യത്തിൽ ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ സ്വീകരിച്ചുവരുന്നവരെ മുനാഫിഖുകൾ (കപടവിശ്വാസികൾ) എന്നു തരംതിരിക്കുന്നതു ഇതുകൊണ്ടാകുന്നു. അല്ലാഹുവിന്റെ പക്കൽനിന്നുളള പാപമോചനത്തിന്നും, മഹത്തായ പ്രതിഫലത്തിന്നും, എല്ലാ പുരുഷൻമാരും സ്ത്രീകളും അർഹരായിത്തീരുന്നതിനും ആവശ്യമായ പത്തു ഗുണങ്ങൾ ഈ വചനത്തിൽ പ്രസ്താവിച്ചിട്ടുളളതു ശ്രദ്ധിക്കുക.





ആയത്ത്36

36 അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.



ഇസ്ലാമിന്റെ ഒരു അടിസ്ഥാന നിയമമാണിത്‌: അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ ഒരു വിധി പറഞ്ഞുകഴിഞ്ഞാൽ അതിൽനിന്നു വ്യത്യസ്തമായ ഒരഭിപ്രായം ഉണ്ടായിരിക്കുവാൻ സത്യവിശ്വാസിയായ ഒരാൾക്കും പാടില്ല. അല്ലാഹു വിധിച്ചതിനെതിരായി അല്ലാഹുവിന്റെ റസൂൽ ഒരിക്കലും വിധിക്കുകയില്ല. റസൂൽ കൽപിക്കുന്ന വിധികളാകട്ടെ, വാസ്തത്തിൽ അല്ലാഹുവിന്റെ വിധികളായിരിക്കുന്നതുമാണ്‌. ഈ വിഷയം വളരെ ശക്തിയായ ഭാഷയിൽ തന്നെ ഖുർആൻ പലപ്പോഴും ആവർത്തിച്ചുപറഞ്ഞിട്ടുളളതാണ്‌.

അപ്പോൾ, അല്ലാഹുവിന്റെയും റസൂലിന്റെയും-അഥവാ ഖുർആന്റെയും സുന്നത്തിന്റെയും--നിയമങ്ങൾക്കെതിരായി ഏതെങ്കിലും പണ്ഡിതൻമാരുടെയോ, വിധികർത്താക്കളുടെയോ അഭിപ്രായങ്ങളെ സ്വീകരിച്ചുവരുന്നവരും, സമുദായ പരിഷ്കർത്താക്കളെന്നോ, ഇസ്ലാമിന്റെ ഗുണകാംക്ഷികളെന്നോ സ്വയം അഭിമാനിച്ചുകൊണ്ട്‌ സാക്ഷാൽ ഇസ്ലാമിക നിയമങ്ങളിൽ മാറ്റത്തിരുത്തങ്ങൾ അവതരിപ്പിക്കുന്നവരും വ്യക്തമായ വഴിപിഴവിൽ അകപ്പെട്ടവരാണെന്ന്‌ വ്യക്തമാണ്‌. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകളിൽ ഒന്നുപോലും യുക്തിക്കോ ന്യായത്തിനോ എതിരായിരിക്കുകയില്ലെന്ന്‌ പറയേണ്ടതില്ല. പക്ഷെ, അവയിൽ ചിലതിന്റെ യുക്തിരഹസ്യങ്ങൾ നമുക്ക്‌ സൂക്ഷ്​‍്മമായി മനസ്സിലാക്കുവാൻ കഴിയാതെ വന്നേക്കും. എന്നിരിക്കെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുളള മതവിധി ഇന്നതാണെന്ന്‌-അംഗീകൃതമായ മാർഗ്ഗങ്ങളിൽകൂടി-അറിഞ്ഞുകഴിഞ്ഞാൽ, അതു യുക്തിക്കോ ന്യായത്തിനോ യോജിക്കുമോ ഇല്ലേ എന്നൊന്നും പരിശോധിക്കേണ്ടതില്ല. അതിൽ ജനഹിതം ആരായേണ്ടതുമില്ല. അതപ്പടി സ്വീകരിക്കുവാൻ അവൻ തികച്ചും ബാധ്യസ്ഥനാണ്‌. പക്ഷേ, ഓരോ നിയമത്തിലും അടങ്ങിയിട്ടുളള യുക്തിതത്വങ്ങൾ കഴിവതും ആരാഞ്ഞറിയുവാൻ അവൻ പരിശ്രമിക്കേണ്ടതുണ്ട്‌. ഇസ്ലാമിന്റെ മൗലികപ്രധാനമായ ഒരു സിദ്ധാന്തമാണിത്‌. ഈ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതും, ഇസ്ലാമിന്റെ ശത്രുക്കൾ, ഇസ്ലാമിന്റെയും നബി (സ) യുടെയും പേരിൽ കളങ്കം ചാർത്തുവാൻ ആയുധമാക്കിയതുമായ ഒരു സംഭവത്തെക്കുറിച്ചാണ്‌ അടുത്ത വചനങ്ങളിൽ അല്ലാഹു പ്രതിപാദിക്കുന്നത്‌.

നബി (സ) യുടെ പോറ്റുപുത്രനും, അവിടുത്തെ മൗലാ (1) യുമായ സൈദുബ്നുഹരിഥഃ (റ) ഖുറൈശീ ഗോത്രത്തിൽ അസദ്‌ കുടുംബത്തിൽപെട്ട ജഹ്ശിന്റെ മകളും, നബി (സ) യുടെ അമ്മായിയുടെ മകളും കൂടിയായ സൈനബാ(റ)യെ വിവാഹം ചെയ്തിരുന്നു. ഇതു ഹിജ്​‍്‌റക്കു മുമ്പാണ്‌. താൻ കുലീനകുടുംബത്തിൽ ജനിച്ചവളാണെന്ന നിലക്കു ആദ്യം ഈ വിവാഹത്തിൽ സൈനബ (റ) അൽപം അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. എങ്കിലും നബി (സ) യുടെ ഇഷ്ടവും, വംശപരമായ ഉച്ചനീചത്വത്തിനു ഇസ്ലാമിൽ സ്ഥാനമില്ലെന്ന വസ്തുതയും മുൻനിറുത്തിക്കൊണ്ട്‌ അവർ അതിനു അനുവദിക്കുകയാണുണ്ടായത്‌. ക്രമേണ അവർ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതായി. ഇക്കാരണത്താൽ സൈദു (റ) അവർക്കു വിവാഹമോചനം നൽകുവാൻ തീരുമാനിച്ചു. ഈ വിവാഹമോചനം നടക്കുവാൻപോകുന്നുവേന്നും, ഇദ്ദഃ (2) കാലം കഴിഞ്ഞശേഷം സൈനബ (റ) നബി (സ) യുടെ ഭാര്യയാകാൻപോകുന്നുവേന്നും തിരുമേനിക്കു വഹ്‌യു ലഭിച്ചിരുന്നു. പോറ്റുമക്കളെ യഥാർത്ഥ മക്കളായി ഗണിച്ചിരുന്ന അന്നത്തെ ചുറ്റുപാടിൽ, മുഹമ്മദ്‌ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവേന്നുളള ജനസംസാരത്തിനും, ഇസ്ലാമിനെതിരായ കുപ്രചാരങ്ങൾക്കും ഇതു കാരണമായേക്കുമെന്നു നബി (സ) ക്കു തോന്നി. അങ്ങനെ, സൈദു (റ) തന്റെ തീരുമാനം നബി (സ) യെ അറിയിച്ചപ്പോൾ അവിടുന്നു അതിനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചാണ്‌ അടുത്ത വചനം.

അഭിപ്രായങ്ങളൊന്നുമില്ല: