നബി (സ) തിരുമേനിയുടെ വിവാഹങ്ങൾ
ഇസ്ലാമിന്റെ വൈരികൾ, അതിന്റെയും, അന്ത്യപ്രവാചകരായ നബി (സ) തിരുമേനിയുടെയും പേരിൽ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കുമതി ചെയ്യുക പതിവാണ്. അക്കൂട്ടത്തിൽ ഒന്നത്രെ നബി (സ) യുടെ വിവാഹങ്ങളും. മുസ്ലിംകൾക്കു കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ്വീകരിക്കുവാനേ പാടുളളു. (1) അതേ സമയത്തു നബി (സ) ചരമം പ്രാപിക്കമ്പോൾ അവിടുത്തേക്കു ഒമ്പതു ഭാര്യമാരുണ്ടായിരുന്നു. അപ്പോൾ നബി (സ) ഒരു പെൺമോഹിയും, കാമാസക്തനും ആയിരുന്നുവേന്നാണ് ഇവരുടെ ആക്ഷേപത്തിന്റെയും അപവാദത്തിന്റെയും ആകെത്തുക. പണ്ഡിതോചിതവും, വസ്തുനിഷ്ഠവുമായ എത്രയോ മറുപടികൾ പലരാലും ഇതിനു നൽകപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷെ, അതൊന്നും ചെവിക്കൊളളുവാൻ അവരുടെ സ്ഥാപിത താൽപര്യങ്ങൾ അവരെ അനുവദിക്കാറില്ല. പ്രവാചകൻമാരുടെ സ്ഥാനപദവികളും, സമുദായവും അവരും തമ്മിലുളള കെട്ടുപാടും മറ്റും മനസ്സിലാക്കുകയും, വിലയിരുത്തുകയും ചെയ്യുന്നവർക്കേ ആ മറുപടികൾ ഫലപ്രദമാകുകയുളളു. ഈ വിഷയകമായി - 33. അഹ്സാബ് സൂറത്തിലും, മറ്റും പലേടങ്ങളിലും - വന്നിട്ടുളള ഖുർആന്റെ പ്രസ്താവനകൾ പരിശോധിക്കുകയും, നബി (സ) തിരുമേനിയുടെ ഓരോ വിവാഹവും നടന്ന പരിതസ്ഥിതികൾ ഗ്രഹിക്കുകയും ചെയ്യുന്നപക്ഷം ആർക്കും ഇവിടെ യാതൊരു ആക്ഷേപത്തിനും, ആശയക്കുഴപ്പത്തിനും വഴിയില്ല. നബി (സ) തിരുമേനിയുടെ വിവാഹങ്ങളെക്കുറിച്ച് ഒരു ചുരുങ്ങിയ വിവരണം നൽകുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
നബി (സ) യുടെ ഒന്നാമത്തെ വിവാഹം
ഖദീജഃ (റ) യുടെ വിവാഹമാണ് നബി (സ) യുടെ ഒന്നാമത്തെ വിവാഹം. അന്നു തിരുമേനിക്കു 25 വയസ്സ് പ്രായമാണ്. ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുവാൻ വളരെ ഉപയുക്തമായ പ്രായംതന്നെ. എന്നാൽ, ഖദീജഃ (റ)യാകട്ടെ, മുമ്പ് രണ്ടു വിവാഹം കഴിയുകയും, 40 വയസ്സെത്തി വയോധികയായിത്തീരുകയും ചെയ്തിരിക്കുന്നു. അബ്ദുൽ മുത്ത്വലിബിന്റെ പൗത്രനായ മുഹമ്മദിന്റെ സവിശേഷസ്വഭാവങ്ങളും, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുളള സൽപ്രതീക്ഷകളും ആ മഹതിയെ ആകർഷിച്ചു. ഖുറൈശികളിൽ തനിക്കുളള കീർത്തിസ്ഥാനങ്ങളോ, തന്റെ ധനാധിക്യമോ, അല്ലെങ്കിൽ മുഹമ്മദിന്റെ അനാഥാവസ്ഥയോ, ദാരിദ്ര്യമോ-ഒന്നും തന്നെ-ആ മഹതി പരിഗണിച്ചില്ല. ഖദീജഃ (റ) യുടെ അഭിലാഷമനുസരിച്ചു തിരുമേനിയുടെ പിതൃവ്യൻ അബൂത്വാലിബ് മുഖാന്തരം ആ വിവാഹം നടന്നു. 25 കാരനായ യുവാവും, 40 കാരിയായ വയോധികയും തമ്മിലുളള ആ വിവാഹബന്ധം 25 വർഷം നിലനിന്നു. ഇതിന്നിടയ്ക്ക് എന്തെങ്കിലും പൊരുത്തക്കേടോ, സ്വരച്ചേർച്ചയില്ലായ്മയോ അവർക്കിടയിൽ ഉണ്ടായില്ല. നബി (സ) മറ്റൊരു വിവാഹാലോചന നടത്തുകയും ഉണ്ടായിട്ടില്ല. വേണമെങ്കിൽ അതിനു യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലതാനും. തിരുമേനിയുടെ ഏഴു മക്കളിൽ, ഇബ്‌റാഹീം എന്ന മകൻ ഒഴിച്ചു ബാക്കി എല്ലാവരും ഈ വിവാഹത്തിൽ ജനിച്ചവരത്രെ. നബി (സ)യുടെ സന്താനപരമ്പര ശേഷിച്ചതും അവരിൽ നിന്നുതന്നെ. നബി (സ) യുടെ സന്തോഷസന്താപങ്ങളിലും, പ്രബോധനകൃത്യങ്ങളിലുമെല്ലാം ഖദീജഃ(റ) വഹിച്ച പങ്കു ചരിത്രപ്രസിദ്ധമാണ്. അവർ ചരമം പ്രാപിച്ച കൊല്ലത്തിനു 'ദുഃഖവർഷം'
() എന്നുപോലും നബി (സ) പേരിട്ടു. തിരുമേനിയുടെ വിയോഗംവരെയും അവരെക്കുറിച്ചുളള പ്രശംസകളും, അനുസ്മരണകളും തിരുമേനിയിൽ പ്രകടമായിരുന്നു.
ആയിശ (റ) പറയുകയാണ്: "എനിക്കു ഖദീജഃ (റ) യുടെ പേരിൽ തോന്നിയ അത്ര വിഷമം നബി (സ) യുടെ മറ്റു ഭാര്യമാരുടെ നേരെയൊന്നും ഉണ്ടായിട്ടില്ല. ഞാൻ ഖദീജഃ (റ) യെ കണ്ടിട്ടുപോലുമില്ല. പക്ഷേ, തിരുമേനി അവരെക്കുറിച്ച് ധാരാളം പ്രസ്താവിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ ഒരു ആട്ടിനെ അറുത്താൽ, അതു കഷ്ണിച്ച് ഖദീജഃയുടെ തോഴിമാർക്ക് അയച്ചുകൊടുക്കും. അങ്ങനെ ഞാൻ പറഞ്ഞേക്കും: ഇഹലോകത്തു ഖദീജഃയല്ലാതെ വേറെ പെണ്ണില്ലെന്നു തോന്നുന്നു! അപ്പോൾ തിരുമേനി മറുപടി പറയും: "അതെ, അവർ അങ്ങിനെയായിരുന്നു, ഇങ്ങിനെയായിരുന്നു, എനിക്കു അവരിൽ നിന്നാണ് സന്താനങ്ങളുണ്ടായത് എന്നൊക്കെ." (ബു;മു.) ഒന്നാമതായി ഇസ്ലാമിൽ വിശ്വസിച്ചതും ഖദീജ (റ) യാണെന്നാണ് ചില ചരിത്രകാരൻമാരുടെയും അഭിപ്രായം.
ഇതെല്ലാം മുന്നിൽവെച്ചുകൊണ്ടു ആലോചിച്ചാൽ, ഖദീജഃ (റ) യുടെ കാലശേഷം-50 വയസ്സു പ്രായമെത്തിയ നബി (സ)-വേറെ വിവാഹം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം, ദാമ്പത്യജീവിതം അനുഭവിക്കലായിരിക്കയില്ല എന്നു കാണുവാൻ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. പക്ഷെ, തുറന്ന മനസ്ഥിതിയും, നിഷ്പക്ഷ വീക്ഷണഗതിയും ഇല്ലാത്തവർക്കു അത് കാണാൻ കഴിഞ്ഞെന്നു വരികയില്ല ഖദീജഃ(റ) യുടെ ശേഷം നടന്നിട്ടുളള വിവാഹങ്ങൾക്കുളള കാരണങ്ങളെ സാമാന്യമായി ആദ്യം നമുക്കൊന്നു പരിചയപ്പെടാം:-
മറ്റു വിവാഹങ്ങൾക്കു പൊതുവിലുളള കാരണങ്ങൾ
സൂ: അഹ്സാബിലെ 50, 51, 52 വചനങ്ങളിലെ ഉളളടക്കം മനസ്സിലാക്കുകയും, അല്ലാഹുവിലും, നബിയിലും, ഖുർആനിലും വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാൾക്കുംതന്നെ തിരുമേനി കൂടുതൽ ഭാര്യമാരെ സ്വീകരിച്ചതിനെക്കുറിച്ചു എന്തെങ്കിലും ആശയക്കുഴപ്പം തോന്നുവാനില്ല. അല്ലാഹു നബി (സ)ക്ക് സ്പഷ്ടമായ ഭാഷയിൽ-അനുവദിച്ചുകൊടുത്തത്തല്ലാതെ അവിടുന്നു യാതൊന്നും ചെയ്തിട്ടില്ലെന്നു തീർത്തുപറയാം അല്ലാഹു അനുവദിച്ച വിഷയത്തിൽ ചോദ്യം ചെയ്‌വാൻ മറ്റാർക്കും യാതൊരധികാരവും, അവകാശവുമില്ല. അവന്റെ അനുവാദത്തിൽ അടങ്ങിയ യുക്തിരഹസ്യങ്ങളെ-- അവ മുഴുവനും-മനസ്സിലാക്കുക നമുക്കു സാധ്യമല്ല ആരായുക മാത്രമേ നാം ചെയ്യേണ്ടതുളളു. നബി (സ) ക്കു പ്രത്യേകമായി കൂടുതൽ ഭാര്യമാരെ അനുവദിച്ചതിൽ അടങ്ങിയ ചില രഹസ്യങ്ങൾ താഴെ പറയുന്നവയാകുന്നു:-
1) കേവലം ചില വിശ്വാസാചാരങ്ങൾ മാത്രം അടങ്ങിയ മതമല്ല ഇസ്ലാം. മനുഷ്യജീവിതത്തിന്റെ സകല വശങ്ങളെയും സ്പർശിക്കുന്ന അതിവിശാലവും, വിപുലവുമായ ഒരു നിയമസംഹിതയത്രെ ഇസ്ലാം. അതിന്റെ പ്രായോഗിക മാതൃകയാകട്ടെ, നബി (സ) തിരുമേനിയുടെ ജീവിതചര്യയുമാകുന്നു. അവിടുത്തെ ദൗത്യമാണെങ്കിൽ, കാലദേശവ്യത്യാസം കൂടാതെ ലോകാവസാനം വരേക്കുളളതും. മനുഷ്യവർഗ്ഗത്തിന്റെ പകുതിഭാഗമോ, അതിലധികം തന്നെയോ വരുന്ന സ്ത്രീവിഭാഗത്തെ പ്രത്യേകം സ്പർശിക്കുന്ന നിയമനിർദ്ദേശങ്ങളും, നടപടിക്രമങ്ങളും ഇസ്ലാമിലുണ്ട്. വൈവാഹികം, ഗാർഹികം തുടങ്ങിയ ജീവിതവശങ്ങളിലും, കോടിക്കണക്കായ മുസ്ലിംകൾ മാതൃകയാക്കേണ്ടതു നബി (സ) തിരുമേനിയെയാണ്. സ്ത്രീകൾ-അതെ, ഭാര്യമാർ-വഴിയല്ലാതെ അറിയുവാനും അറിയിക്കപ്പെടുവാനും സൗകര്യമില്ലാത്ത പലതും ഇതിൽ ഉൾപ്പെടുമെന്നു പറയേണ്ടതില്ല. ഇത്തരം വിഷയങ്ങളിൽ മാത്രമല്ല, ശാഖാപരമായ ഇതര തുറകളിലുമുളള എത്രയോ മതനിയമങ്ങളും സമുദായത്തിന് നബി(സ) യുടെ ഭാര്യമാർ-വിശേഷിച്ചും ആയിശഃ (റ)-മുഖാന്തരം മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നതു അനിഷേധ്യമത്രെ.
മുശ്‌രിക്കുകളിൽ പെട്ട ഒരാൾ പരിഹാസപൂർവ്വം ഇങ്ങിനെ പറയുകയുണ്ടായി: "നിങ്ങളുടെ ആൾ-നബി (സ)-നിങ്ങൾക്കു മലമൂത്രവിസർജ്ജനം ചെയ്‌വാൻപോലും പഠിപ്പിച്ചു തരുന്നതായി കാണുന്നുവല്ലോ!" ഇതുകേട്ട് സൽമാൻ (റ) അഭിമാനത്തോടെ പറഞ്ഞു: "അതെ, (മലമൂത്ര വേളയിൽ) ഖിബ്ലക്കു തിരിഞ്ഞിരിക്കരുത്, വലത്തെ കൈകൊണ്ടു ശുദ്ധം ചെയ്യരുത്, (കല്ലുകൊണ്ടു ശുദ്ധം ചെയ്യുമ്പോൾ) മൂന്നു കല്ലിൽ കുറഞ്ഞു മതിയാക്കരുത്, അതിൽ കാഷ്ടവും എല്ലും ഉണ്ടാവരുത്ത് എന്നൊക്കെ അദ്ദേഹം ഞങ്ങളോടു കൽപിച്ചിട്ടുണ്ട്. (അ;മു.) ഇത്ര ചെറിയ സംഗതികളിൽപോലും സമുദായത്തിന് നബി (സ) യിൽനിന്നു മാതൃകയും, നിർദ്ദേശങ്ങളും ലഭിക്കേണ്ടതുണ്ട് എന്നു സാരം. ഇപ്പറഞ്ഞവ പുരുഷൻമാർ മുഖാന്തരം അന്യോന്യം അറിയാവുന്നതാണെങ്കിലും, ഇതുപോലെയുളള മറ്റു ചില കാര്യങ്ങൾ സ്ത്രീകൾ മുഖാന്തരം അറിയേണ്ടിയിരിക്കുന്നു. ഋതുകാലങ്ങളിൽ വീട്ടുകാര്യങ്ങളിലും, ഭർത്താക്കളുടെ കാര്യത്തിലുമെല്ലാം സ്ത്രീകൾ പെരുമാറേണ്ടതെങ്ങിനെ? അതിൽനിന്നു വിരമിക്കുമ്പോൾ ശുദ്ധീകരിക്കേണ്ടതെങ്ങിനെ? ആദിയായ പലതും ഇതിനു ഉദാഹരണങ്ങളാണ്. അപ്പോൾ, ഇങ്ങിനെയുളള മഹത്തായ പല ആവശ്യങ്ങളും നിറവേറുവാനെന്ന ലക്ഷ്യത്തെ മുൻനിറുത്തി നബി (സ) ഒന്നിലധികം വിവാഹം ചെയ്യേണ്ടതുണ്ടെന്നു ഊഹിക്കുവാൻ പ്രയാസമില്ല.
2) പ്രവാചകത്വം സിദ്ധിച്ചതിനുശേഷം, നബി (സ) മക്കായിലായിരുന്ന ആദ്യഘട്ടത്തിൽ, അവിടുത്തെ പ്രബോധനവിഷയം, പ്രധാനമായും ഇസ് ലാമിന്റെ മൗലിക സിദ്ധാന്തങ്ങളായിരുന്നു. അതിന്റെ പ്രചാരണത്തിൽ സ്ത്രീപുരുഷഭേദമന്യെ എല്ലാ മുസ്ലിംകളും അവരുടെ കഴിവു വിനിയോഗിച്ചിരുന്നു. പിന്നീടു-മദീനായിൽ വന്നതുമുതൽ-അവയ്ക്കുപുറമെ അനുഷ്ഠാനപരവും കർമ്മപരവുമായ വിശദ നിയമനിർദ്ദേശങ്ങളും പ്രബോധന വിഷയങ്ങളായിത്തീർന്നു. മതകാര്യങ്ങൾ പഠിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും ഇന്നത്തെപ്പോലെയുളള സ്ഥാപനങ്ങൾ അന്നില്ലല്ലോ. അന്നുണ്ടായിരുന്ന ഏക മതവിദ്യാലയം മദീന പളളിയുടെ കോലായയായിരുന്നു. കേവലം ദരിദ്രരും, പാർപ്പിടംപോലുമില്ലാത്തവരുമായിരുന്ന ചില പാവങ്ങൾ-അതെ, മുസ്ലിം ലോകത്തിന്റെ ഉത്തമ നേതാക്കളും സത്യവിശ്വാസികളുടെ മാതൃകാപുരുഷൻമാരുമായ അബൂഹുറെറ (റ), അമ്മാർ (റ), ബിലാൽ (റ), സ്വുഹൈബ് (റ), സൽമാൻ (റ) മുതലായ മഹാൻമാർ- ആയിരുന്നു ആ ഏക ഉന്നത വിദ്യാലയത്തിലെ സാധാരണ അദ്ധ്യാപകൻമാർ ഇതേ സമയത്തു മുസ്ലിം വനിതകൾക്കായി നടത്തപ്പെട്ടിരുന്ന ചില സ്വകാര്യ വനിതാ വിദ്യാലയങ്ങളും മദീനായിലുണ്ടായിരുന്നുതാനും. മദീനാ പളളിയുടെ പരിസരങ്ങളിൽ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ചെറ്റക്കുടിലുകളായിരുന്നു അത്. അതെ, നബി (സ) തിരുമേനിയുടെ ഭാര്യമാരും, സത്യവിശ്വാസികളുടെ മാതാക്കളും വസിച്ചിരുന്നതു അവയിലായിരുന്നു. അവർ ഓരോരുത്തരും അത്തതിലെ അദ്ധ്യാപികകളായിരുന്നു. ഇവരിൽ ചിലരെല്ലാം നബി (സ) യുടെ നാമമാത്ര ഭാര്യയായിരിക്കുകയെന്ന ഭാഗ്യംകൊണ്ടു തൃപ്തിപ്പെട്ട് ഇസ്ലാം മതപഠനത്തിനും, അതിന്റെ പ്രചരണത്തിനും, സേവനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു. (സൂ:അഹ്സാബിലെ 28-34 വചനങ്ങളും അവയുടെ വ്യാഖ്യാനവും പരിശോധിച്ചാൽ ഈ വസ്തുത ശരിക്കും മനസ്സിലാകും) ഖലീഫാ അബൂബക്കർ (റ) ഉമർ (റ) മുതലായ പല പ്രഗൽഭ സഹാബികളും തങ്ങൾക്കു നേരിടുന്ന എത്രയോ സംശയങ്ങൾക്കു നിവാരണം കണ്ടെത്തുവാൻ തങ്ങളുടെ മാതാക്കളെ-അതെ, തിരുമേനിയുടെ ഭാര്യമാരെ-സമീപിക്കുകയായിരുന്നു ചെയ്തിരുന്നത്. ഹദീസുഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും കണ്ണുതുറന്നു പരിശോധിച്ചാൽ ഇതിനു ധാരാളം ഉദാഹരണങ്ങൾ കാണാം.
(3) ഇസ്ലാമിന്റെയും, മുസ്ലീംകളുടെയും നേരെ അറബിഗോത്രങ്ങൾ സ്വീകരിച്ചുവന്ന ശത്രുതയും, അക്രമമർദ്ദനങ്ങളും, യുദ്ധസംരംഭങ്ങളും വിസ്മരിക്കേണ്ടതില്ല. ഈ അവസരത്തിൽ, പ്രധാന അറബിഗോത്രങ്ങളുമായി വൈവാഹികബന്ധം ഉണ്ടായിത്തീരുന്നതു പല നിലക്കും ഉപകരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ-വിശേഷിച്ചും നമ്മുടെ നാടുകളിലേപ്പോലെ-കുടുംബബന്ധത്തിനും വൈവാഹികബന്ധത്തിനും വില കൽപിക്കപ്പെടാത്ത സമ്പ്രദായമല്ലായിരുന്നു അറബികളിലുളളത്. ഒരു ഗോത്രത്തിലെ ഒരു വീട്ടുകാർക്ക് വിവാഹബന്ധം ഉണ്ടായിക്കഴിഞ്ഞാൽ ആ ഗോത്രത്തിലെ ആയിരക്കണക്കിലോ, അതിലധിമോ വരുന്ന വീട്ടുകാരെല്ലാം തന്നെ-അവരുടെ ശാഖോപശാഖാവംശങ്ങൾ സഹിതം-പരസ്പരം സ്നേഹത്തിലും, സഖ്യത്തിലും വർത്തിക്കുവാൻ അതു കാരണമാകുമായിരുന്നു. പല ഗോത്രങ്ങളിൽനിന്നായുളള തിരുമേനിയുടെ വിവാഹങ്ങൾ ചിലപ്പോൾ ശത്രുക്കളുടെ ആഞ്ഞേറ്റം തടയുവാനും, ശത്രുതക്കു ലാഘവം വരുത്തുവാനും വളരെ അധികം സഹായകമായിട്ടുണ്ട്. ഓരോന്നും ഉദാഹരണസഹിതം വിശദീകരിക്കുന്നപക്ഷം ഈ കുറിപ്പു വളരെ ദീർഘിച്ചുപോകും. ഓരോ ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചു താഴെ പ്രത്യേകം പ്രസ്താവിക്കുന്നതിൽനിന്നുതന്നെ ഈ വസ്തുത ഏറെക്കുറെ വ്യക്തമാകുന്നതുമാകുന്നു.
(4) ശത്രുകുടുംബങ്ങളുമായി സൗഹാർദ്ദബന്ധം സ്ഥാപിതമാകുന്നതിൽ നബി (സ) യുടെ വിവാഹബന്ധങ്ങൾക്കു വലിയ സ്ഥാനം ഉണ്ടായിരുന്നതുപോലെത്തന്നെ, മുസ്ലിംകുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുകയും, ത്യാഗ സന്നദ്ധരാക്കുകയും ചെയ്യുന്നതിലും അതിനു പങ്കുണ്ടായിരുന്നു. സ്വന്തം വ്യക്തിയോടൊ, സ്വന്തം കുടുംബത്തോടൊ തിരുമേനിക്കു വിവാഹബന്ധം-അല്ലെങ്കിൽ മറ്റേതെങ്കിലും അടുപ്പം-ഉണ്ടാവുകയെന്നതു സഹാബികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സന്തോഷകരവും, അഭിമാനകരവുമായിരുന്നുവേന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണ്. നേരെമറിച്ച് അങ്ങിനെയുളള ഒരു ബന്ധം മുറിഞ്ഞുപോകുന്നതിനെപ്പറ്റി അവർക്കു ഊഹിക്കുവാൻ പോലും വയ്യായിരുന്നുതാനും.
നബി (സ) യുടെ ഭാര്യമാർ ഒന്നിച്ചു ചേർന്ന് തങ്ങൾക്കു ചിലവിനു തരണമെന്നും മറ്റും ആവശ്യപ്പെട്ടതും, ഇതിനെത്തുടർന്നു പല ഖുർആൻ വചനങ്ങളും അവതരിച്ചതും മറ്റും സൂ: അഹ്സാബിൽ നാം വായിച്ചുവല്ലോ. ഈ സംഭവത്തിൽ തിരുമേനി തന്റെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നുവേന്നൊരു കിംവദന്തി പരന്നു. ഈ വിവരം അറിയിക്കുവാൻ ഒരാൾ രാത്രി ഉമർ (റ) ന്റെ വാതിൽക്കൽ വന്നു മുട്ടുകയുണ്ടായി. ഗസ്സാൻ ഗോത്രക്കാർ മുസ്ലിംകളുമായി യുദ്ധത്തിനൊരുങ്ങിയിരിക്കുന്നുവേന്നൊരു ഊഹം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭമായിരുന്നു അത്. ഉമർ പെട്ടെന്ന് ചോദിച്ചതു: 'എന്താ, ഗസ്സാൻകാർ വന്നോ?!' എന്നായിരുന്നു. പ്രസ്തുത ആഗതൻ തിരുമേനിയുമായി കേവലം വിവാഹബന്ധമോ, കുടുംബബന്ധമോ ഇല്ലാത്ത അന്യനായ ഒരു അൻസാരിയായിരുന്നു. എന്നിട്ടും അദ്ദേഹം ഉമറിനോടു പറഞ്ഞ മറുപടി നോക്കുക: "അല്ല; അതിനെക്കാൾ വമ്പിച്ചതും, നീണ്ടതുമായ ഒരു സംഭവം നടന്നിരിക്കുന്നു.! തിരുമേനി അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നു.!!" എന്നായിരുന്നു. ഈ മറുപടിയുടെ ആഴം ഒന്നു പരിശോധിച്ചുനോക്കുക!
നബി (സ) യുടെ ഭാര്യാബന്ധം ലഭിക്കുന്നതിലുളള ആഗ്രഹം കൊണ്ടു മാത്രമാണ്-ഐഹികമായ മറ്റേതെങ്കിലും സുഖസൗകര്യങ്ങളെ മോഹിച്ചുകൊണ്ടല്ല-ചില സ്ത്രീകൾ തങ്ങളെ വിവാഹം ചെയ്തു തരണമെന്നു തിരുമേനിയോടു കേണപേക്ഷിച്ചതും. സൂ: അഹ്സാബ് 50ൽ വായിച്ചതുപോലെ, വിവാഹമൂല്യം (മഹ്ര്) കൂടാതെ അങ്ങിനെയുളളവരെ വിവാഹം ചെയ്തുകൊളളുവാൻ നബി (സ) യെ അല്ലാഹു അനുവദിച്ചതും അതുകൊണ്ടാണ്. 'നിങ്ങൾക്കു അല്ലാഹുവിനെയും റസൂലിനെയുമാണോ വേണ്ടതു-അതല്ല ഐഹിക സുഖമാണോ വേണ്ടത്?' എന്ന് ചോദിക്കപ്പെട്ടപ്പോൾ, ഒന്നൊഴിയാതെ ഓരോ ഭാര്യയും 'ഞങ്ങൾക്കു അല്ലാഹുവും റസൂലും മതി' എന്നു ദൃഢസ്വരത്തിൽ ഉത്തരം നൽകിയതും, സൗദ (റ) യെ തിരുമേനി പിരിച്ചുവിടുവാനുദ്ദേശിച്ചപ്പോൾ 'എന്നെ പിരിച്ചു വിടരുതേ, അങ്ങയുടെ ഭാര്യയെന്ന പേരുമാത്രം നിലവിലുണ്ടായിക്കൊണ്ടു ജീവിച്ചാൽ മതി' എന്നു സൗദഃ (റ) അപേക്ഷിച്ചതുമെല്ലാം ഇതെ കാരണം കൊണ്ടുതന്നെ.
ഇതുപോലെ, ഈ വിഷയകമായി പലതും ഉദ്ധരിക്കുവാനുണ്ട്. ചുരുക്കത്തിൽ, നബി (സ) കൂടുതൽ ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങൾ കൂലങ്കശമായി പരിശോധിക്കുന്നപക്ഷം, അവിടുന്നു ഒമ്പതോ പത്തോ വിവാഹം ചെയ്ത്തതിലല്ല ആശ്ചര്യം തോന്നുവാനവകാശം. നേരെമറിച്ച് അതിലും കൂടുതൽ വിവാഹം ചെയ്യാതിരുന്നതിലും, ഇനി പുതുതായി വിവാഹം ചെയ്യരുതെന്നു (സൂ: അഹ്സാബ് 50ൽ) അല്ലാഹു നിർദ്ദേശിച്ചതിലുമാണ്-വേണമെങ്കിൽ-അൽഭുതത്തിനവകാശമുളളത്. അല്ലാഹുവിലും, റസൂലിലും, ഖുർആനിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെക്കുറിച്ചു പറയുകയാണെങ്കിൽ, നബി (സ) നാലിലധികം ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങൾ മനസ്സിലാക്കുക എന്നല്ലാതെ, അതിനെക്കുറിച്ച് അണുവോളം ആശയക്കുഴപ്പമോ, അതിന്റെ ന്യായതയിൽ സംശയമോ ഉത്ഭവിക്കുക എന്ന പ്രശ്നമേ ഇല്ല. അല്ലാഹുവിനാണ് എല്ലാ വിധിവിലക്കുകളുടെയും പരമാധികാരം; അല്ലാഹു ഒരു കാര്യം അനുവദിക്കുകയോ, വിരോധിക്കുകയോ ചെയ്താൽ-അതിലടങ്ങിയ തത്വങ്ങൾ ഗ്രഹിക്കുവാൻ ശ്രമിക്കുകയല്ലാതെ-അതിൽ വിമർശനമോ, ആശയക്കുഴപ്പമോ ഉണ്ടാക്കുവാൻ നബിക്കുപോലും പാടില്ല: (സൂ: അഹ്സാബ് 50, 51, 52 എന്നീ ആയത്തുകളിലും മറ്റും അല്ലാഹു വ്യക്തമായ ഭാഷയിൽ അറിയിച്ച പരിധിക്കുളളിൽ ഒതുങ്ങിയതല്ലാത്ത ഒരൊറ്റ വിവാഹവും നബി (സ) ചെയ്തിട്ടില്ല. നബിമാരെ-അന്ത്യപ്രവാചകനായ മുഹമ്മദു (സ) തിരുമേനിയെ പ്രത്യേകിച്ചും-മറ്റുളളവരെ അളക്കുന്ന മാനദണ്ഡംകൊണ്ട് അളക്കുവാൻ പാടില്ലാത്തത്താണ്. എന്നൊക്കെ സത്യവിശ്വാസികൾക്കറിയാം. ഇതാണതിനുകാരണം. ഇനി, ഖദീജഃ (റ) ക്കു ശേഷം നബി (സ) ചെയ്ത ഓരേ വിവാഹത്തെക്കുറിച്ചും നമുക്കു ഒരു ലഘു വീക്ഷണം നടത്താം:-
നബി (സ) തിരുമേനിയുടെ മറ്റു വിവാഹങ്ങളും,
അവയുടെ സന്ദർഭങ്ങളും.
1 സ്ദഃ ()
മക്കാമുശ്‌രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ അബീസീനിയായിലേക്കു ഹിജ്‌റ പോയ സഹാബികളിൽ ഒരാളായിരുന്നു സക്‌റാൻ അദ്ദേഹം സ്വപത്നിയും, പിതൃവ്യ പുത്രിയുമായ സൗദ (റ) യെയും ഒന്നിച്ചുകൊണ്ടുപോയിരുന്നു. ആ മഹാൻ അവിടെവെച്ചു നിര്യാതനായി. ഖദീജഃ(റ) യുടെ ന്യര്യാണം കഴിഞ്ഞതിന്റെ അടുത്ത കാലത്തായിരുന്നു അത്. അല്ലാഹു ഏകനാണെന്നും, മുഹമ്മദ് (സ) അവന്റെ ദൂതനാണെന്നും വിശ്വസിച്ച കാരണത്താൽ നാടും, വീടും, കുടുംബവും ത്യജിച്ചു സമുദ്രം കടന്ന് ഭൂഖണ്ഡം താണ്ടി അപരിചിതമായ അബിസീനിയായിൽ ചെന്നു മരണം പ്രാപിച്ച ആ സഹാബിയുടെ ദു:ഖിതയായ പത്നിയെ-സ്വകുടുംബത്തിന്റെ എതിർപ്പും പ്രതിഷേധവും വകവെക്കാതെ തന്റെ മതസംരക്ഷണാർത്ഥം നാടുവിട്ട് വിധവയും, ഉറ്റവരില്ലാത്തവളുമായിത്തീർന്ന സൗദഃ (റ) യെ- നബി (സ) വിവാഹം ചെയ്തു രക്ഷിച്ചു. പ്രസ്തുത രണ്ടുപേരോടുമുളള ധാർമ്മികമായ കടമ നിർവ്വഹിക്കുന്നതിനു പുറമെ അല്ലാഹുവോടുളള ഒരു കടമ നിർവ്വഹിക്കലും കൂടിയായിരുന്നു അത്. തിരുമേനി അങ്ങിനെ ചെയ്യാത്തപക്ഷം, ആ മഹതി തന്റെ കുടുംബത്തിന്റെ കഠിന പീഡനങ്ങൾക്കു പാത്രമാകുമായിരുന്നു. മുമ്പ് നാം ചൂണ്ടിക്കാട്ടിയതുപോലെ, തന്റെ ദിവസങ്ങൾ ആയിശഃ (റ) ക്കു വിട്ടുകൊടുത്തുകൊണ്ട് നബി (സ) യുടെ ഭാര്യാബന്ധം മരണം വരെ നിലനിറുത്തിത്തന്നാൽ മതിയെന്നപേക്ഷിച്ചതു ഈ മഹതിയായിരുന്നു. ഹിജ്‌റ 54 ലാണ് ഇവരുടെ മരണം.
2. ആയിശഃ ()
ഹിജ്‌റയുടെ രണ്ടുമൂന്നു വർഷം മുമ്പാണ് ആയിശഃ (റ) യുടെ വിവാഹം. അവർക്കു അന്ന് ഏറെക്കുറെ ആറു വയസ്സു പ്രായമായിരുന്നു. ഹിജ്‌റക്കുശേഷം ഏതാണ്ട് രണ്ടു കൊല്ലത്തോളം കഴിഞ്ഞാണ് വധുവിനെ വരന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കേവലം ഒമ്പതു വയസ്സുകാരിയായ ആ ബാലികയെ കൂട്ടി അയച്ചപ്പോൾ അവരുടെ കളിക്കോപ്പും ഒന്നിച്ചുണ്ടായിരുന്നു. തിരുമേനിയുടെ വീട്ടിൽ ചെന്നശേഷവും താൻ പെൺകുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നുവേന്ന് ആയിശഃ (റ) പ്രസ്താവിച്ചിട്ടുണ്ട്. (ബു; മു.) എല്ലാ ഭാര്യമാരിലും വെച്ച് തിരുമേനി ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഭാര്യ അവർതന്നെയായിരുന്നു. കന്യകാപ്രായത്തിൽ ആയിശഃ(റ) യെ അല്ലാതെ തിരുമേനി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. തിരുമേനിയുടെ വിയോഗവേളയിൽ അവർക്കു ഏകദേശം 18 വയസ്സുവരും ഹിജ്‌റ 57 ലോ 58 ലോ ആയിരുന്നു ആയിശഃ (റ) യുടെ മരണം.
സഹാബികളിൽ വെച്ച് നബി (സ) ക്കു ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതനായിരുന്നു ആയിശഃ (റ) യുടെ പിതാവായ അബൂബകർസിദ്ദിഖ് (റ). പുരുഷൻമാരിൽ ഒന്നാമതായി തിരുമേനിയിൽ വിശ്വസിച്ച മഹാനും അദ്ദേഹം തന്നെ. ഇസ്ലാമിനുമുമ്പും അദ്ദേഹം തിരുമേനിയുടെ അടുത്ത ഒരു ചങ്ങാതിയായിരുന്നു. ഈ വസ്തുത സഹാബികൾക്കിടയിൽ പ്രസ്താവ്യവുമായിരുന്നു. അബൂബകർ (റ) ന്റെ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ടുളള ധാരാളം ഹദീസുകൾ കാണാം. ഒരിക്കൽ തിരുമേനി പറയുകയുണ്ടായി: "നമുക്കു ഇങ്ങോട്ടൊരു ഉപകാരം ചെയ്തിട്ട് അതിനു നാം പ്രത്യുപകാരം ചെയ്യാത്തത്തായി അബൂബക്കറിമേതല്ലാതെ മറ്റാരുടേതും ബാക്കിയില്ല. അദ്ദേഹം ചെയ്ത ഉപകാരത്തിനു അല്ലാഹുതന്നെ ഖിയാമത്തുനാളിൽ പ്രത്യുപകാരം നൽകുന്നതാണ്. അബൂബക്കറിന്റെ ധനം എനിക്കു ഉപകരിച്ചത്ര മറ്റാരുടേതും ഉപകരിച്ചിട്ടില്ല...." (തി.) മറ്റൊരിക്കൽ തിരുമേനി പറഞ്ഞു: "സഹവാസത്തിലും, ധനത്തിലും മനുഷ്യരിൽവെച്ച് ഏറ്റവും വിശ്വസനീയനായ ആൾ അബൂബകറാണ്" (ബു; മു) ഇതുപോലെ വേറെയും ഹദീസുകൾ കാണാം.
ഈ നിലക്ക് അബൂബകർ (റ) ന്റെ മകളായ ആയിശ (റ) യെ തിരുമേനി വിവാഹം കഴിച്ചതും, അവരെ കൂടുതൽ സ്നേഹിച്ചതും അദ്ദേഹത്തോടുളള സ്നേഹാധിക്യത്തിന്റെയും, നബി (സ) ക്കും ഇസ്ലാമിനുംവേണ്ടി അദ്ദേഹം ചെയ്ത ത്യാഗത്തിന്റെയും, സേവനത്തിന്റെയും സ്വാഭാവികമായ ഒരു നന്ദിയത്രെ. അതിരിക്കട്ടെ, ഈ വിവാഹം മൂലം ഇസ്ലാമിനുണ്ടായ നേട്ടങ്ങളൊന്നു ആലോചിച്ചുനോക്കുക: ഇസ്ലാമികവിജ്ഞാന ഭണ്ഡാരത്തിൽ ആയിശഃ (റ) യുടെ മുതൽക്കൂട്ടു സുപ്രസിദ്ധമാണ്. ഖുർആൻ വ്യാഖ്യാനരംഗത്തും, നബിവചനങ്ങളും ചര്യകളും ഉദ്ധരിക്കുന്നതിലും മറ്റെല്ലാ സ്ത്രീകളെക്കാളും-മിക്കവാറും പുരുഷൻമാരെക്കാളും-വമ്പിച്ച പങ്കാണ് അവർക്കുളളത്. ഗാർഹികജീവിതത്തിന്റെയും, ദാമ്പത്യജീവിതത്തിന്റെയും നാനാവശങ്ങളിലും ആയിശ(റ) വഴി സിദ്ധിച്ച അറിവുകൾ കുറച്ചൊന്നുമല്ല. സാഹിത്യം, പദ്യം, ചരിത്രം, വൈദ്യം, രാഷ്ട്രീയം തുടങ്ങിയ തുറകളിലും അവരുടെ പേരും പ്രശസ്തിയും പ്രസിദ്ധമാണ്. ഇസ്ലാമികച്ചരിത്രം അറിയുന്നവർക്കെല്ലാം അറിയാവുന്നതാണിത്. മഹാനായ അബൂമൂസൽ അശ്‌അരി (റ) പറയുകയാണ്: "റസൂൽതിരുമേനിയുടെ സഹാബികളായ ഞങ്ങൾക്കു വല്ല വിഷയത്തിലും സംശയം നേരിടുമ്പോൾ അതിനെപ്പറ്റി ആയിശ(റ) യോടു ചോദിച്ചിട്ടു ഒരു സംഗതിയിലും ശരിക്കു അറിവു കിട്ടാതിരുന്നിട്ടില്ല." (തി.:)
ഇത്രയും പറഞ്ഞതിൽനിന്നുതന്നെ ആയിശഃ (റ) യുടെ വിവാഹത്തിൽ അന്തർഭവിച്ചിട്ടുളള യുക്തിരഹസ്യങ്ങൾ നിഷ്പക്ഷ ചിന്തകർക്കു ഏതാണ്ടു മനസ്സിലാക്കാവുന്നതാണ്. 'ഇതെല്ലാം പിന്നീട് സംഭവിച്ച ഫലത്തിൽ വന്നതുശരി, വിവാഹവേളയിൽ ഇതൊന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നുവല്ലോ, അന്ന് ആയിശഃ (റ) ഒരു കുട്ടിമാത്രമായിരുന്നുവല്ലോ' എന്നു വല്ലവർക്കും തോന്നിയേക്കാം. വാസ്തവത്തിൽ, തികച്ചും ഈ ഉന്നത്തോടു കൂടിയും, പ്രതീക്ഷയോടുകൂടിയും തന്നെയായിരുന്നു ഈ വിവാഹം. തിരുമേനിയുടെ ഇതരവിവാഹങ്ങളിൽ നിന്നും പലതരത്തിലും ഒറ്റപ്പെട്ട ഉദാഹരണം തന്നെയാണ് ആയിശ (റ) യുടെ വിവാഹം. ഇതിനു തെളിവുകൾ പലതും ഉദ്ധരിക്കുവാൻ സാധിക്കും. ദീർഘിച്ചുപോകുമെന്നു കരുതി ഇമാംബുഖാരി (റ) യും, മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീസുമാത്രം ഉദ്ധരിക്കാം. ആയിശ (റ) യോടു നബി (സ) ഇപ്രകാരം പറഞ്ഞതായി അവർ ഉദ്ധരിക്കുന്നു: 'മൂന്നു രാത്രികളിൽ എനിക്കു നിന്നെ സ്വപ്നത്തിൽ കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു പട്ടിന്റെ കഷ്ണത്തിൽ മലക്കു നിന്നെ (നിന്റെ ചിത്രം) കൊണ്ടുവന്നു. എന്നിട്ട് ഇത് താങ്കളുടെ ഭാര്യയാണെന്നു അദ്ദേഹം പറഞ്ഞു. ഞാൻ തുറന്നുനോക്കിയപ്പോൾ അത് (ആ ചിത്രം) നീ തന്നെയായിരുന്നു. ഞാൻ പറഞ്ഞു: "ഇത് അല്ലാഹുവിങ്കൽ നിന്നുളളതാണെങ്കിൽ അവനതു നടപ്പിൽ വരുത്തിക്കൊളളും." (ബു;മു.) നബിമാരുടെ സ്വപ്നം ദിവ്യസന്ദേശങ്ങളിൽപെട്ടതാണെന്നുളള കാര്യം പ്രസിദ്ധമാണല്ലോ.
3. ഹഫ്സ്വഃ
അബൂബകർ (റ)നെ കഴിച്ചാൽ നബി (സ)ക്ക് പലനിലക്കും ബന്ധപ്പെട്ട ആൾ ഉമർ (റ) തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മകളായ ഹഫ്സ്വഃ(റ) യുടെ ആദ്യ ഭർത്താവ് ഖുനൈസ്
() ആയിരുന്നു. ബദ്ര് യുദ്ധത്തിൽ പറ്റിയ പരിക്കുമൂലം ഖുനൈസ് (റ) നിര്യാതനായി. ഈ അവസരത്തിലായിരുന്നു തിരുമേനിയുടെ പുത്രിയും, ഉസ്മാൻ (റ)ന്റെ പത്നിയുമായിരുന്ന റുഖിയ്യ (റ) യുടെയും മരണം സംഭവിച്ചതു. വിധവയായ മകളുടെ കാര്യത്തിൽ അത്യധികം ദു:ഖിതനായിരുന്ന ഉമർ (റ) തന്റെമകളെ വിവാഹം ചെയ്താൽകൊളളാമെന്നു ഉസ്മാൻ (റ) നോടു ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം അതിനു മുമ്പോട്ടുവന്നില്ല. ഉമർ (റ) വ്യസനസമേതം അബൂബക്കർ (റ) നെ സമീപിച്ചു വിവരം പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചേക്കുമെന്നു അദ്ദേഹത്തിനു ആശയുണ്ടായിരുന്നു. എന്നാൽ, അബൂബക്കർ (റ) പറഞ്ഞതു ഇപ്രകാരമായിരുന്നു. 'ഉസ്മാനു ഹഫ്സഃയെക്കാൾ ണല്ലോരു ഭാര്യയും ഹഫ്സഃക്കു ഉസ്മാനെക്കാൾ ണല്ലോരു ഭർത്താവും കിട്ടിയെന്നുവരാം.' ഈ ദീർഘദൃഷ്ടി സാക്ഷാൽക്കരിക്കപ്പെടുകയും ചെയ്തു. ഉസ്മാൻ (റ) ന് തിരുമേനിയുടെ മകൾ ഉമ്മുകുൽസൂമിനെ)) തിരുമേനി വിവാഹം ചെയ്തുകൊടുത്തു. ഹഫ്സ്വഃ(റ) യെ തിരുമേനിയും വിവാഹം കഴിച്ചു. ഇതുമൂലം ഉമർ (റ) ന്റെ വ്യസനത്തിനു പ്രതീക്ഷയിൽ കവിഞ്ഞ പരിഹാരം സിദ്ധിച്ചു. ഇസ്ലാമിനുവേണ്ടി ആത്മാർപ്പണം ചെയ്ത ഖുനൈസ് (റ) നോടുളള കടപ്പാട് നിർവ്വഹിക്കപ്പെടുകയും, ഹഫ്സ്വഃ (റ) വൈധവ്യത്തിൽനിന്നു മോചിപ്പിക്കപ്പെടുകയും ഉണ്ടായി. നമസ്കാരം, നോമ്പ് മുതലായ ആരാധനാകൃത്യങ്ങളിൽ മുഴുകിയിരുന്ന ഒരു മഹതിയായിരുന്നു ഹഫ്സ്വഃ (റ). തിരുമേനി ഒരിക്കൽ അവരെ വിവാഹമോചനം ചെയ്യുകയുണ്ടായെങ്കിലും, വീണ്ടും മടക്കി എടുക്കുകയാണ് ചെയ്തത്. ഇവരുടെ വിയോഗം ഹിജ്‌റ 45 ലായിരുന്നു.
4. ഹിണ്ട് എന്ന ഉമ്മുസലമഃ ()
ഹിജ്‌റ മൂന്നാമത്തെയോ നാലാമത്തെയോ കൊല്ലത്തിലാണ് ഇവരുടെ വിവാഹം. ഖുറൈശി ഗോത്രത്തിൽ മഖ്സസൂമിശാഖക്കാരനായിരുന്ന അബൂസലമഃ(റ) യുടെ ഭാര്യയായിരുന്നു ഉമ്മുസലമ (റ). അദ്ദേഹം നബി (സ) തിരുമേനിയുടെ നേരെ അമ്മായിയുടെ പുത്രനും, മുലകുടി ബന്ധത്തിലുളള സഹോദരനും, മരണംവരെ തിരുമേനിയൊന്നിച്ച് എല്ലാ പ്രധാനരംഗങ്ങളിലും പങ്കെടുത്ത മഹാനുമായിരുന്നു. നാലു അനാഥകളെയും, വിധവയായ ഉമ്മുസലമ (റ)യെയും വിട്ടേച്ചുകൊണ്ടു അദ്ദേഹം ചരമമടഞ്ഞു. തിരുമേനി ആ കുടുംബത്തെ രക്ഷിക്കുവാൻ ഉദ്ദേശിച്ചു. ആ മഹതി പറഞ്ഞു: "ഞാനൊരു വൃദ്ധ! കുറെ അനാഥകളുടെ മാതാവും!! അതോടുകൂടി ഞാനൊരു പരുഷസ്വഭാവക്കാരിയും !! തിരുമേനി മറുപടി പറഞ്ഞയച്ചു: "അനാഥകളെ ഞാനങ്ങോട്ട് കൂട്ടിക്കൊണ്ടുപോന്നുകൊളളാം. നിന്റെ പരുഷസ്വഭാവം നീക്കിക്കളയുവാൻ അല്ലാഹുവിനോടു പ്രാർത്ഥിക്കുകയും ചെയ്യാം." (വാർദ്ധക്യത്തെപ്പറ്റി ഒന്നും പ്രസ്താവിച്ചതുമില്ല.) ഈ വിവാഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാണല്ലോ. ഉമ്മുസലമ (റ) യുടെ മരണം ഹിജ്‌റ 59 ലാണ്. മരിക്കുമ്പോൾ അവർ വളരെ വയസ്സുചെന്ന ഒരു വൃദ്ധയായിരുന്നു.
5. സൈനബ് ()
ഹിജ്‌റ 5-ാം കൊല്ലത്തിൽ നടന്ന സൈനബ (റ) യുടെ വിവാഹത്തെയും, അതിന്റെ സന്ദർഭത്തെയും, അതിലടങ്ങിയ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂ: അഹ്സാബിൽ അല്ലാഹു തന്നെ വിവരിച്ചതാണ്. അതിന്റെ അത്യാവശ്യ വിശദീകരണങ്ങളും നാം കണ്ടു. ഖുറൈശീഗോത്രക്കാരിയും, തിരുമേനിയുടെ അമ്മായിയുടെ മകളുമായിരുന്ന സൈനബ (റ) യെ ആദ്യം തിരുമേനിയുടെ പോറ്റുമകനും, അടിമത്തത്തിൽ നിന്നു തിരുമേനി മോചിപ്പിച്ച ആളുമായ സൈദ് (റ) വിവാഹം ചെയ്തു. വിവാഹാലോചന നടന്നപ്പോൾ തന്നെ സൈനബും കുടുംബവും ആ വിവാഹത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, അല്ലാഹുവും, റസൂലും-ഒരു പ്രത്യേക ലക്ഷ്യം നിമിത്തം-തീർച്ചപ്പെടുത്തിയ കാര്യമെന്ന നിലക്കു അവരതു സമ്മതിക്കുകയും ചെയ്തു. കുലമഹത്വത്തിനും, ജാത്യാഭിമാനത്തിനും ഇസ്ലാമിൽ വിലയില്ലെന്നു റസൂൽ (സ) തിരുമേനിയുടെ സ്വന്തക്കാർ മുഖേനത്തന്നെ തെളിയിക്കുകയെന്ന രഹസ്യം ആ വിവാഹത്തിലടങ്ങിയിരുന്നു പിന്നീട് സൈദും (റ) സൈനബു (റ) മായി സ്വഭാവത്തിൽ പൊരുത്തപ്പെടാതെ വന്നപ്പോൾ സൈദു (റ) അവരെ വിവാഹമോചനം ചെയ്തു. പോറ്റുമക്കളെ എല്ലാനിലക്കും യഥാർത്ഥമക്കളെപ്പോലെ ഗണിച്ചുവന്നിരുന്ന ജാഹിലിയ്യാ പാരമ്പര്യ സമ്പ്രദായം ഖുർആൻ നിറുത്തൽ ചെയ്തതോടെ, അതിനു പ്രവർത്തനരൂപേണ മാതൃക കാട്ടുവാനായി--അല്ലാഹുവിന്റെ കൽപനപ്രകാരം-തിരുമേനി സൈനബ (റ)യെ വിവാഹം കഴിച്ചു. ഇതാണ് സംഭവത്തിന്റെ ചുരുക്കം.
'സൈനബയെക്കാൾ മതകാര്യത്തിൽ നല്ലവളും, അല്ലാഹുവിനെ ഭയപ്പെടുന്നവളും, വർത്തമാനത്തിൽ സത്യം പാലിക്കുന്നവളും, കുടുംബബന്ധം പാലിക്കുന്നവളും, വലിയ ദാനധർമ്മങ്ങൾ ചെയ്യുന്നവളും, അല്ലാഹുവിനെ ഉദ്ദേശിച്ചുളള പുണ്യകർമ്മങ്ങളിലും ദാനധർമ്മങ്ങളിലും ശരീരം മുഷിഞ്ഞിറങ്ങുന്നവളും സ്ത്രീകളിൽ വേറെ ഉണ്ടായിരുന്നില്ല' എന്നു ആയിശഃ (റ) അവരെപ്പറ്റി പ്രശംസിച്ചു പറഞ്ഞതായിക്കാണാം. ഹിജ്‌റ 20 ലോ 21 ലോ ആയിരുന്നു അവരുടെ മരണം. നബി (സ) യുടെ പത്നിമാരിൽ നബിയുടെ മരണശേഷം ആദ്യം മരണപ്പെട്ടതു സൈനബ (റ)യാണ്.
6. ജുവൈരിയഃ ()
ഹിജ്‌റ 5-ാം കൊല്ലത്തിൽതന്നെയാണ് നബി (സ) ജുവൈരിയഃ (റ) യെ വിവാഹം കഴിച്ചതു. ബനൂമുസ്ഥലഖ് ഗോത്രത്തിലെ നേതാവും, പ്രമാണിയുമായിരുന്ന ഹാരിഥിന്റെ () ഭാര്യയായിരുന്നു ഇവർ. വമ്പിച്ച ഒരു സേനയുമായി ഇയാൾ നബി (സ) യുടെ നേരെ പടയെടുത്തു. മുറൈസിഉ് () എന്നിടത്തുവെച്ചു മുസ്ലിംകൾ അതിനെ നേരിട്ടു. തിരുമേനി അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവർ ക്ഷണം നിരസിച്ചു യുദ്ധം നടത്തി. യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തിൽ ബന്ധനസ്ഥരായവരുടെ കൂട്ടത്തിൽ ജുവൈരിയഃ (റ) യും ഉൾപ്പെട്ടിരുന്നു. ഥാബിത്ത് )) ന്റെ ഓഹരിയിലാണ് ഇവർ അകപ്പെട്ടത്. ഏഴു 'ഊഖിയ:' (2) സ്വർണ്ണം പ്രതിഫലം നിശ്ചയിച്ചുകൊണ്ടു ഥാബിത്ത് (റ) അവരെ മോചിപ്പിച്ചുവിടാൻ തീരുമാനിച്ചു. എന്നാൽ, പ്രസ്തുതമോചനമൂല്യം കൊടുക്കുന്നതിൽ തന്നെ സഹായിക്കണമെന്നപേക്ഷിക്കുവാൻ ജുവൈരിയഃ (റ) കണ്ടുപിടിച്ചതു തിരുമേനിയെയായിരുന്നു. അവർ തിരുമേനിയുടെ അടുക്കൽ ചെന്ന് തന്റെ കുലമാഹാത്മ്യവും മറ്റും ഉണർത്തിക്കൊണ്ടു സഹായമർത്ഥിച്ചു. അതെല്ലാം കണക്കിലെടുത്തുകൊണ്ടു അവരുടെ അപേക്ഷ തിരുമേനി സ്വീകരിക്കുകയും, സംഖ്യനികത്തിക്കൊടുക്കുകയും ചെയ്തു. അവരുടെയും, അവരുടെ കുടുംബത്തിന്റെയും മാന്യതയും, യശസ്സും പൂർവ്വാധികം ശോഭിക്കുമാറ് തിരുമേനി പിന്നീടവരെ വിവാഹം ചെയ്കയുംചെയ്തു. ഉടനെത്തന്നെ അതിന്റെ ഫലം സംഭവിച്ചതു നോക്കുക!-
ഈ വിവാഹത്തോടുകൂടി തിരുമേനിയുടെ ബന്ധുക്കളായിത്തീർന്ന മുസ്ഥലഖ് ഗോത്രക്കാരിൽ നിന്ന് യുദ്ധത്തിൽ ബന്ധനത്തിലാക്കപ്പെടുകയും, പടയാളികൾക്കിടയിൽ വിഹിതം ചെയ്യപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും--ഒന്നൊഴിയാതെ-സഹാബികൾ സ്വതന്ത്രരാക്കി വിട്ടുകൊടുത്തു. തിരുമേനിയോടു വിവാഹബന്ധമുളള ഒരു കുടുംബത്തിലെ അംഗങ്ങളെ അധീനത്തിൽ വെക്കുവാൻ അവർ ഇഷ്ടപ്പെട്ടില്ല. മാത്രമോ? മുസ്ഥലഖ് ഗോത്രം സന്തോഷാധിക്യത്താൽ അല്ലാഹുവിനു നന്ദിയായി ഒന്നടങ്കം ഇസ്ലാമിനെ അംഗീകരിക്കുകയും ചെയ്തു.!
7. റംലഃ എന്ന ഉമ്മുഹബീബഃ ()
ഖുറൈശീ അറബികളിൽ അബൂസുഫ്‌യാൻ (റ) നുണ്ടായിരുന്ന സ്ഥാനമാണങ്ങളും മക്കാവിജയത്തിൽ അദ്ദേഹം മുസ്ലിമായിത്തീരുന്നതുവരെ നബി (സ)ക്കും, മുസ്ലിംകൾക്കും എതിരിലുണ്ടായിട്ടുളള ആക്രമണങ്ങളിൽ അദ്ദേഹം വഹിച്ച പങ്കുകളും ചരിത്രപ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ മകളായ ഉമ്മുഹബീബഃ (റ) നേരത്തെ ഇസ്ലാമിനെ അംഗീകരിച്ചവരിൽ ഉൾപ്പെടുന്നു. ആദ്യഭർത്താവായിരുന്ന ഉബൈദുല്ലാഹിബ്നുൽ ജഹ്ശീ എന്ന ആളുടെ ഒന്നിച്ച് അവരും അബീസീനിയായിലേക്കുളള രണ്ടാമത്തെ ഹിജ്‌റയിൽ പങ്കെടുത്തിരുന്നു. ഉബൈദുല്ല അബീസീനിയയിൽ ചെന്നശേഷം ക്രിസ്തീയമതം സ്വീകരിക്കയാണുണ്ടായത്. റംല: (റ) യാകട്ടെ, തന്റെ അശരണതയും, വിഷമങ്ങളും അവഗണിച്ചുകൊണ്ടു ഇസ്ലാമിൽ തന്നെ ഉറച്ചുനിന്നു. ഹബീബഃ എന്നു പേരായ ഒരു കുട്ടിയും അവർക്കുണ്ടായിരുന്നു. കുട്ടിയുടെ പേരോട് ചേർത്താണ് അവർ ഉമ്മുഹബീബഃ (ഹബീബഃയുടെ ഉമ്മ) എന്നു വിളിക്കപ്പെടുന്നത്. ഇസ്ലാമിന്റെ ശത്രുക്കളുടെ അങ്ങേഅറ്റത്തെ നേതൃത്വം കയ്യാളുന്ന മാതാപിതാക്കളെയും, കുടുംബത്തെയുമെല്ലാം ഉപേക്ഷിച്ച്-തൗഹീദിന്റെ വിശ്വാസം നിലനിറുത്തുവാനായി-തന്റെ ഏകാവലംബമായ ഭർത്താവൊന്നിച്ച് കടൽതാണ്ടി വിദൂരപ്രദേശത്തേക്ക് കടന്നുപോയിക്കഴിഞ്ഞശേഷം, ഭർത്താവു തന്റെ കഠിനശത്രുവായി മാറിക്കഴിഞ്ഞാൽ പിന്നെ, അബലയായ ആ സ്ത്രീരത്നത്തിന്റെ കഥയെന്തായിരിക്കും?! കയ്യിലൊരു കുഞ്ഞും! ആ നാട്ടിലെ നിവാസികളാകട്ടെ, ക്രിസ്ത്യാനികളും!
അബീസീനിയാ ചക്രവർത്തിയായ നജജാശി യെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുളള കത്തുമായി നബി (സ) ദൂതനെ അയച്ചിരുന്നു. നജജാശി മുസ്ലിമാകുകയും ചെയ്തു. അദ്ദേഹം തിരുമേനിക്കുവേണ്ടി ഉമ്മുഹബീബക്കു 400 ദീനാർ (പൊൻപണം) മഹ്ര് നൽകിക്കൊണ്ടും-ഉസ്മാൻ (റ) ന്റെ സാന്നിദ്ധ്യത്തിലും-നബി (സ)ക്കുവേണ്ടി അവരുടെ വിവാഹകർമ്മം നടത്തപ്പെട്ടു. (ആ ഹിജ്‌റയിൽ ഉസ്മാനും (റ) പങ്കെടുത്തിരുന്നു.) തിരുമേനിയുടെ ആവശ്യപ്രകാരം ശുറഹ്ബീലുബ്നുഹസനഃ ( ) യുടെ കൂടെ ഉമ്മുഹബീബഃ (റ) തിരുമേനിയുടെ അടുക്കലേക്കു മടങ്ങുകയും ചെയ്തു. മിക്കവാറും ഹിജ്‌റ 6-ാം കൊല്ലത്തിലാണ് ഈ സംഭവം. ഹിജ്‌റ വർഷം 4,4 ൽ അവർ ഇഹലോകാവാസം വെടിഞ്ഞു.
8. സഫിയ്യഃ ()
ഹിജ്‌റ 7-ാം കൊല്ലത്തിൽ നബി(സ) സ്വഫിയ്യഃ (റ) യെ വിവാഹം ചെയ്തു. ഇസ്‌റാഈല്യരായ യഹൂടികളുടെ ഒരു നേതാവും, നൾവീർ () ഗോത്രത്തിന്റെ തലവനുമായിരുന്നു സ്വഫിയ്യഃ (റ) യുടെ പിതാവായ ഹുയയ്യ്. അഹ്സാബുയുദ്ധത്തിലും മറ്റും ഇസ്ലാമിനെതിരായ രംഗങ്ങളിൽ ഹുയയ്യിന്റെ പങ്കു പ്രസ്താവ്യമത്രെ. സ്വഫിയ്യ ഃ (റ) യുടെ മുൻഭർത്താവായിരുന്ന കിനാനഃ ഖൈബർയുദ്ധത്തിൽ കൊല്ലപ്പെടുകയും, സ്വഫിയ്യഃ (റ) ചിറ പിടിക്കപ്പെടുകയും ചെയ്തു. ഒരു വമ്പിച്ച ഗോത്രത്തിന്റെ തലവനും, ഒരു സമുദായത്തിലെ നേതാവുമായ ഒരാളുടെ വിധവയായിത്തീർന്ന മകൾക്ക് അടിമത്ത ജീവിതം എത്രമാത്രം വേദനാജനകമായിരിക്കുമെന്നു പറയേണ്ടതില്ല. തിരുമേനി അവരെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുകയും, പ്രസ്തുതമോചനം അവരുടെ മഹ്‌റായി നിശ്ചയിച്ചുകൊണ്ടു അവരെ വിവാഹം കഴിക്കുകയും ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥരായവരെ ഓഹരിചെയ്ത കൂട്ടത്തിൽ, സ്വഫിയ്യഃ (റ) ദഹ്‌യത്തുൽകൽബീ (റ) എന്ന സഹാബിയുടെ ഓഹരിയിൽപെട്ടിരുന്നുവേന്നും, തിരുമേനി അവരെ ദഹ്‌യത്തിന്റെ പക്കൽനിന്നു വിലകൊടുത്തുമേടിച്ചാണ് 'ഇത്ഖു' (അടിമത്തമോചനം) നൽകി വിവാഹം ചെയ്തതെന്നും പറയപ്പെട്ടിട്ടുണ്ട്. ഏതായാലും ഈ വിവാഹം നൾവീർഗോത്രം ഇസ്ലാമിനെ അംഗീകരിക്കുവാൻ കാരണമായിത്തീർന്നു.
9. മൈമൂനഃ
നബി (സ) യുടെ അവസാനത്തെ ഭാര്യയായ മൈമൂനഃ (റ) യുടെ വിവാഹം ഹി: ഏഴാം കൊല്ലത്തിൽ നടന്നു അവർക്ക് അന്ന് 50 ഓളം വയസ്സുവരും. ഇവരുടെ സഹോദരിയായ ലുബാബഃ (ക്കയാണ് 'അല്ലാഹുവിന്റെ വാൾ' () എന്ന കീർത്തിമുദ്ര ലഭിച്ച ഖാലിദുബ്നുൽ വലീദ് (റ) ന്റെ മാതാവ്. ഇദ്ദേഹത്തിന്റെ വിശ്വാസത്തിനു ഈ വിവാഹം കാരണമായിട്ടുണ്ട്. ആദ്യം ഒരു ഭർത്താവ് അവരെ വിവാഹംചെയ്തു മോചിപ്പിച്ചിരുന്നു. പിന്നീട് അബൂറഹ്മു എന്ന മറ്റൊരാൾ വിവാഹം ചെയ്തു. അയാൾ മരിക്കയും ചെയ്തു. ഈ വിവാഹംമൂലം മൈമൂനഃ (റ) യുടെ കൂടുംബങ്ങൾക്കു വളരെയധികം ഗുണം കൈവന്നിട്ടുണ്ട്. അവരുടെ അതിദയനീയമായ ദാരിദ്ര്യവും, പട്ടിണിയും അവസാനിക്കുവാനും, മുസ്ലിംകളെക്കുറിച്ചുണ്ടായിരുന്ന അവരുടെ അപാരമായ ഭീതി നീങ്ങുവാനും ഇത് കാരണമായി.
മറ്റു ചില വിവാഹങ്ങൾ
നബി (സ) തിരുമേനി ചരമം പ്രാപിക്കുമ്പോൾ നിലവിലുണ്ടായിരുന്ന ഒമ്പതു ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചാണ് മുകളിൽ നാം പ്രസ്താവിച്ചതു. മറ്റൊരു ഭാര്യയും 'സാധുക്കളുടെ ഉമ്മ' () എന്ന പേരിൽ അറിയപ്പെട്ടിരുന്നവരുമായ സൈനബ യും, വേറൊരു ഭാര്യയായിരുന്ന ഖ്ലഃ () യും തിരുമേനിയുടെ മുമ്പ് തന്നെ ചരമമടഞ്ഞിരുന്നു. സൂ: അഹ്സാബ് 50-ാം വചനത്തിൽ പ്രസ്താവിച്ചപ്രകാരം നബി (സ) തിരുമേനിക്കു സ്വന്തം ദേഹങ്ങളെ ദാനം ചെയ്തവരായിരുന്നു ഈ രണ്ടുപേരും.
മേൽ വിവരിച്ച ഏതൊരു വിവാഹത്തെ എടുത്തുനോക്കിയാലും, അതു നബി (സ) തിരുമേനിക്കു ദാമ്പത്യ സുഖത്തിലുളള താൽപര്യത്തിൽനിന്നു ഉളവായതായിരുന്നുവേന്ന് വക്രവീക്ഷണഗതിയില്ലാത്ത ഒരാൾക്കും പറയുവാൻ സാധ്യമല്ല. ഇസ്ലാമിനുമുമ്പും, അതിന്റെ ആദ്യഘട്ടങ്ങളിലും ഒരാൾക്കു ഇത്ര ഭാര്യമാരേ ഉണ്ടായിരിക്കുവാൻ പാടുളളുവേന്നു നിയമമുണ്ടായിരുന്നില്ല. ഖുർആൻ (സൂ: നിസാഅ്3ൽ) അതു നാലുവരെയാക്കി ചുരുക്കുകയുണ്ടായി, (സൂ:അഹ്സാബ് 51 ൽ) തിരുമേനി ഉദ്ദേശിക്കുന്ന ഭാര്യമാരെ സ്വീകരിക്കുവാനും, ഉദ്ദേശിക്കുന്നവരെ ഒഴിവാക്കുവാനും അല്ലാഹു സമ്മതം നൽകുകയും ചെയ്തു. അതേ സമയത്ത് തിരുമേനിയുടെ നിലവിലുളള ഭാര്യമാർക്കു പുറമെ പുതുതായി വിവാഹം ചെയ്യുന്നതും, അവരെ വിട്ടു പകരം വേറെ ഭാര്യമാരെ സ്വീകരിക്കുന്നതും, നബി (സ) ക്കു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റൊരാൾ വിവാഹം ചെയ്യുന്നതും അല്ലാഹു (സൂ: അഹ്സാബ് 52-53 ൽ) വിരോധിക്കുകയും ചെയ്തു. അപ്പോൾ, നിലവിലുളള ഒമ്പതുപേരിൽ നാലുപേരൊഴിച്ചു ബാക്കിയുളളവരെ വേർപെടുത്തുക എന്നുവെച്ചാലത്തെ സ്ഥിതി എന്തായിരിക്കും? ഇവരിൽ ഏതെങ്കിലും അഞ്ചുപേരെ പിരിച്ചയക്കുന്നപക്ഷം-ഓരോരുത്തരെയും വിവാഹം ചെയ്ത പരിതസ്ഥിതിയും, ഉദ്ദേശ്യവും, ഇസ്ലാമിനു അതുമൂലമുണ്ടായ നേട്ടവുമെല്ലാം വിലയിരുത്തുമ്പോൾ - അതിന്റെ ഭവിഷ്യത്തു എത്രമാത്രം വമ്പിച്ചതായിരിക്കുമെന്നു ആലോചിച്ചുനോക്കുക! അറേബ്യായിൽ അതുമൂലം സംഭവിക്കുവാനിരിക്കുന്ന കോളിളക്കം എത്ര ഭയങ്കരമായിരിക്കും?!!
തങ്ങളുടെ ഐഹികമായ യാതൊരു താൽപര്യത്തെയും വകവെക്കാതെ, മിക്കവാറും അർദ്ധപട്ടിണികൊണ്ടു തൃപ്തിയടഞ്ഞ് റസൂൽ തിരുമേനിയോടൊപ്പം ജീവിക്കുവാനും, അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതിമാത്രം സമ്പാദിക്കുവാനും ദൃഢപ്രതിജ്ഞ ചെയ്തവരാണല്ലോ ഈ ഓരോ ഭാര്യയും. ഇവരിൽ ആരെയെങ്കിലും പിരിച്ചുവിട്ടേക്കുന്നതു എത്രമേൽ അന്യായമായിരിക്കും?! ഒരുനിലക്കും തിരുമേനിയെ പിരിഞ്ഞുപോകാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാണല്ലോ സ്ദഃ (റ) തന്റെ ദിവസങ്ങൾ ആയിശഃ (റ) ക്കു വിട്ടുകൊടുത്തുകൊണ്ടു തിരുമേനിയുടെ ഭാര്യാപദം മുറിച്ചുകളയാതിരിക്കുവാൻ അപേക്ഷിച്ചതും. എല്ലാ ഭാര്യമാരും ഒന്നിച്ചുചേർന്നു തിരുമേനിയോടു ചിലവിനാവശ്യപ്പെട്ട സംഭവത്തിൽ-(സൂ: അഹ്സാബിലെ 28-ാം വചനനം അവതരിച്ച അവസരത്തിൽ)--ഒരു തീരുമാനമെടുക്കുന്നതു മാതാപിതാക്കളോട് ആലോചിച്ചു ചെയ്താൽ മതിയെന്നു തിരുമേനി പറഞ്ഞപ്പോൾ, കേവലം ബാലികപ്രായം വിട്ടുമാറിയിട്ടില്ലാത്ത ആയിശഃ (റ) അതിനു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: "അങ്ങയുടെ കാര്യത്തിലാണോ ഞാൻ മാതാപിതാക്കളോടു ആലോചന നടത്തുന്നത്?!"
നബി (സ) തിരുമേനിയുടെ വിവാഹങ്ങളെല്ലാംതന്നെ, നാലു ഭാര്യമാരിലധികം പാടില്ലെന്ന നിയമം വരുന്നതിനുമുമ്പായിരിക്കാനും സാധ്യത കാണുന്നു. ഏതായാലും അങ്ങിനെയല്ലെന്നുളളതിനു തക്ക തെളിവുകളില്ല. എന്നാലും, ആ നിയമം വന്നപ്പോൾ എന്തുകൊണ്ടു നാലാളൊഴിച്ചു മറ്റുളളവരെ പിരിച്ചുവിട്ടില്ല? എന്നു ചോദിക്കുന്നവർ, അവരെ പിരിച്ചുവിട്ടാലുണ്ടാകുന്ന ഉപരിസൂചിതങ്ങളായ ഭവിഷ്യത്തുകൾക്കുപുറമെ വേറെ ചില സംഗതികളും, ഓർക്കേണ്ടതായുണ്ട്: ചില ആളുകൾ ഇസ്ലാമിൽ വന്നപ്പേ#ൾ അവർക്കു നിലവിലുണ്ടായിരുന്ന നാലിലധികം ഭാര്യമാരിൽ നാലുപേരെമാത്രം തിരഞ്ഞെടുത്തു മറ്റുളളവരെ പിരിച്ചുവിടുവാൻ കൽപിക്കപ്പെട്ടതു ശരിതന്നെ. പക്ഷേ, അവർ ഇസ്ലാമിൽ വന്നതു നാലു ഭാര്യമാരുടെ നിയമം അവതരിച്ചശേഷമായിരുന്നുവേന്നും, അവർ ഇസ്ലാമിൽ വന്നതുമുതൽ ആ നിയമം അനുസരിക്കുവാൻ ബാധ്യസ്ഥരായെന്നും വ്യക്തമാണ്. ആ നിയമം അവതരിക്കുന്നതിനുമുമ്പും ഇസ്ലാമിൽ വന്നിട്ടുളള ആരോടും തന്റെ ഭാര്യമാരിൽ നാലാളൊഴിച്ചു ബാക്കിയുളളവരെ പിരിച്ചുവിടാൻ കൽപിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല. നാലിലധികം ഭാര്യമാരുണ്ടായിരിക്കുകയെന്നതു അക്കാലത്തു വളരെ അപൂർവ്വമൊന്നും അല്ലായിരുന്നുതാനും. എന്നിരിക്കെ, നബി (സ) മാത്രം നാലിലധികം ഭാര്യമാരെ വെച്ചുകൊണ്ടായിരുന്നുവേന്നു പറയുവാൻ ന്യായമില്ല.
മേൽവിവരിച്ചതിൽനിന്ന് നബി (സ) തിരുമേനി ഒരു കാമാസക്തനോ, വിവാഹപ്രിയനോ ആയിരുന്നില്ലെന്നും, തിരുമേനിയുടെ ഓരോ വിവാഹം പരിശോധിച്ചാലും അതിൽ മഹത്തായ ചില ഉദ്ദേശ്യങ്ങൾ അടങ്ങിയിരുന്നുവേന്നും, ഖുർആന്റെ ഏതെങ്കിലും നിയമ നിർദ്ദേശത്തിനു വിരുദ്ധമായി തിരുമേനി യാതൊന്നും ചെയ്തിട്ടില്ലെന്നും നല്ലപോലെ വ്യക്ത്മാണ്. ഇതരമുസ്ലിംകൾക്കു അനുവദിക്കപ്പെടാത്ത വല്ല ആനുകൂല്യവും അവിടുന്നു ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതു അല്ലാഹു തിരുമേനിക്കു പ്രത്യേകം അനുവദിച്ചുകൊടുത്തതുകൊണ്ടാണെന്നും, അതിൽ ചില പ്രത്യേക യുക്തി രഹസ്യങ്ങൾ അടങ്ങിയതുകൊണ്ടാണെന്നും, പ്രവാചകൻമാരെ മറ്റുളളവരുടെ അതേ അളവുകോൽ വെച്ചു അളക്കുവാൻ പാടില്ലെന്നുംകൂടി നാം മനസ്സിലാക്കേണ്ടതാകുന്നു. അല്ലാഹു നമുക്ക് സൽബുദ്ധിയും നേർമാർഗ്ഗവും തന്നനുഗ്രഹിക്കട്ടെ. ആമീൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ